തിരുവനന്തപുരം: സംസ്ഥാനത്ത് തുടരുന്ന വൈദ്യുതി നിയന്ത്രണങ്ങൾക്കിടെ അപ്രഖ്യാപിത ലോഡ് ഷെഡ്ഡിങ്ങിനെതിരെ രൂക്ഷ വിമർശനവുമായി വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ. ലോഡ് ഷെഡ്ഡിങ് നടപ്പാക്കുന്നതിന് കുറഞ്ഞത് ഒരു മണിക്കൂർ മുൻപെങ്കിലും ഉപഭോക്താക്കളെ വിവരം അറിയിക്കണമെന്ന് കമ്മീഷൻ കെഎസ്ഇബിയോട് നിർദേശിച്ചു.
അതേസമയം, സെപ്റ്റംബർ ഒഴികെ ജൂലൈ മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങാൻ കെഎസ്ഇബിക്ക് കമ്മീഷൻ അനുമതി നൽകി. മൺസൂൺ ശക്തിപ്പെടുന്ന സാഹചര്യത്തിൽ ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങുന്നതിന്റെ ബാധ്യത പരമാവധി കുറയ്ക്കാൻ ശ്രമിക്കണമെന്നും കമ്മീഷൻ നിർദേശിച്ചിട്ടുണ്ട്.
ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും വിവിധ സ്രോതസ്സുകളിൽ നിന്ന് വാങ്ങിയ വൈദ്യുതിയുടെ വിശദാംശങ്ങൾ കെഎസ്ഇബി സമർപ്പിച്ചില്ലെന്ന് ഉത്തരവിൽ വിമർശനമുണ്ട്. പവർ എക്സ്ചേഞ്ച് ഉൾപ്പെടെയുള്ള ഉറവിടങ്ങളിൽ നിന്ന് വാങ്ങിയ വൈദ്യുതിയുടെ വിവരങ്ങൾ നൽകുന്നതിൽ കെഎസ്ഇബി വീഴ്ച വരുത്തിയെന്നും കമ്മീഷൻ ചൂണ്ടിക്കാട്ടി.
മുൻ വർഷങ്ങളിലെ ജൂൺ മാസങ്ങളെ അപേക്ഷിച്ച് ഇത്തവണ സംസ്ഥാനത്തെ ദൈനംദിന വൈദ്യുതി ഉപഭോഗത്തിലും പരമാവധി വൈദ്യുതി ആവശ്യകതയിലും ഗണ്യമായ വർധനയുണ്ടായെന്നാണ് കെഎസ്ഇബിയുടെ വിശദീകരണം. കാലവർഷത്തിലെ കുറവ് മൂലം അണക്കെട്ടുകളിലെ ജലസംഭരണം കുത്തനെ ഇടിഞ്ഞതും പ്രതിസന്ധിക്ക് കാരണമായതായി ബോർഡ് അറിയിച്ചു.
നിലവിൽ കെഎസ്ഇബിയുടെ ജലസംഭരണികളിൽ സംഭരണശേഷിയുടെ 20.89 ശതമാനം വെള്ളം മാത്രമാണുള്ളത്. കഴിഞ്ഞ വർഷം ഇതേ സമയത്ത് ഇത് 58.58 ശതമാനമായിരുന്നു. എൽ നിനോ പ്രതിഭാസത്തെ തുടർന്നുണ്ടായ ഉയർന്ന താപനില രാജ്യവ്യാപകമായി വൈദ്യുതി ആവശ്യകത വർധിപ്പിക്കുകയും ലഭ്യത കുറയുകയും ചെയ്തതായും കെഎസ്ഇബി വ്യക്തമാക്കി.


















































