ന്യൂഡൽഹി: ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ രാഷ്ട്രീയ പ്രവർത്തനശൈലിയെ വിമർശിച്ച് മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയുടെ മകൾ ശർമിഷ്ഠ മുഖർജി. രാഷ്ട്രീയം മുഴുവൻ സമയ ഉത്തരവാദിത്തമാണെന്നും, ഇടയ്ക്കിടെ രാഷ്ട്രീയത്തിൽ നിന്ന് വിട്ടുനിൽക്കുന്ന സമീപനം ഒരു നേതാവിന് യോജിച്ചതല്ലെന്നും അവർ അഭിപ്രായപ്പെട്ടു.
വാർത്താ ഏജൻസിയായ ഐഎഎൻഎസിന് നൽകിയ അഭിമുഖത്തിലായിരുന്നു ശർമിഷ്ഠയുടെ പ്രതികരണം. 2014 മുതൽ കോൺഗ്രസിന്റെ പ്രധാനമുഖമായി രാഹുൽ ഗാന്ധി മാറിയെങ്കിലും, അതിനുശേഷം പാർട്ടി തുടർച്ചയായി തിരഞ്ഞെടുപ്പ് തിരിച്ചടികൾ നേരിടുകയാണെന്ന് അവർ ചൂണ്ടിക്കാട്ടി.
അതേസമയം, രാഹുൽ ഗാന്ധി നയിച്ച ഭാരത് ജോഡോ യാത്ര കോൺഗ്രസിന് രാഷ്ട്രീയമായി ഗുണം ചെയ്തതായും, അതിന്റെ സ്വാധീനത്തിലാണ് കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പാർട്ടി 99 സീറ്റുകൾ നേടാനായതെന്നും ശർമിഷ്ഠ വിലയിരുത്തി.
എന്നാൽ, വലിയ രാഷ്ട്രീയ പരിപാടികൾ സംഘടിപ്പിച്ച ശേഷം രാഹുൽ ഗാന്ധി പൊതുരംഗത്ത് നിന്ന് അപ്രത്യക്ഷനാകുന്ന പ്രവണതയാണ് പ്രധാന പ്രശ്നമെന്ന് അവർ വിമർശിച്ചു. “ഭാരത് ജോഡോ യാത്രയുടെ ഒന്നാം വാർഷികത്തിൽ പോലും അദ്ദേഹം എവിടെയായിരുന്നു?” എന്ന ചോദ്യവും ശർമിഷ്ഠ ഉയർത്തി.
“രാഷ്ട്രീയം എന്നത് 24 മണിക്കൂറും, വർഷത്തിലെ 365 ദിവസവും സജീവമായി തുടരേണ്ട ഉത്തരവാദിത്തമാണ്. രണ്ട് ദിവസം പരിപാടികളിൽ പങ്കെടുത്ത് പിന്നീട് അപ്രത്യക്ഷനാകുന്നത് രാഷ്ട്രീയ പ്രവർത്തനത്തിന്റെ ശരിയായ രീതിയല്ല. എന്റെ കാഴ്ചപ്പാടിൽ രാഷ്ട്രീയം ഇങ്ങനെയല്ല,” എന്നും ശർമിഷ്ഠ മുഖർജി പറഞ്ഞു.















































