ഗാസ: ഇസ്രയേൽ സൈന്യം ഗാസയിൽ നടത്തിയ അതിക്രൂരമായ മനുഷ്യാവകാശ ലംഘനത്തിൻറെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. ഇസ്രയേൽ സൈന്യം കഴിഞ്ഞ നാല് വർഷത്തിനിടെ കൊന്നൊടുക്കിയത് 20,000 കുട്ടികളെയാണെന്നും സൈന്യം മനപ്പൂർവ്വം കുട്ടികളെ ലക്ഷ്യമിട്ടതെന്നും രേഖകൾ പറയുന്നു. സൈന്യം കുരുന്നുകളെ കൊന്നൊടുക്കിയതിന് തെളിവുണ്ടെന്നും ഗാസയിൽ ഇസ്രയേൽ മനുഷ്യക്കുരുതി നടത്തിയെന്നും സ്ഥിരീകരിച്ച് ഐക്യരാഷ്ട്രസഭയുടെ അന്വേഷണ സമിതി. 2021നും 2025നും ഇടയിൽ 20000 കുട്ടികെ ഇസ്രയേൽ സൈന്യം കൊന്നൊടുക്കിയതായി അന്വേഷണ സമിതി റിപ്പോർട്ടിൽ വെളിപ്പെടുത്തി. മാത്രമല്ല വെടി നിർത്തൽ നിലവിൽ വന്നതിന് ശേഷവും ഇസ്രയേൽ തങ്ങളുടെ ക്രൂരത തുടർന്നുവെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. എന്നാൽ ഈ റിപ്പോർട്ട് ഇസ്രയേൽ പാടെ തള്ളി.
അന്വേഷണ കമ്മീഷൻ വ്യക്തമാക്കുന്നത് ഇങ്ങനെ- ഗാസയിലും വെസ്റ്റ് ബാങ്കിലും ഇസ്രായേൽ സൈന്യം പലസ്തീൻ കുട്ടികളെ ബോധപൂർവം ലക്ഷ്യമിട്ട് ആക്രമിക്കുകയായിരുന്നു. ഇസ്രായേലിന്റെ ഈ നടപടികൾ വംശഹത്യ, മാനവികതയ്‌ക്കെതിരായ കുറ്റകൃത്യങ്ങൾ, യുദ്ധക്കുറ്റങ്ങൾ എന്നിവയുടെ പരിധിയിൽ വരുന്നതാണെന്നും യു.എൻ ജൂൺ 23-ന് പുറത്തുവിട്ട റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
ഗാസയിലെ പലസ്തീനികളുടെ ഭാവി തകർക്കാനുള്ള ബോധപൂർവമായ തന്ത്രത്തിന്റെ ഭാഗമായാണ് കുട്ടികൾക്ക് നേരെ നടന്ന ആക്രമണങ്ങളെന്ന് അന്വേഷണ കമ്മീഷൻ റിപ്പോർട്ടിൽ പറയുന്നു. 2023 ഒക്ടോബർ 7 മുതൽ ആരംഭിച്ച ഇസ്രായേൽ-ഹമാസ് യുദ്ധത്തിൽ ഗാസയിൽ മാത്രം കുറഞ്ഞത് 20,179 കുട്ടികൾ കൊല്ലപ്പെടുകയും 44,143 കുട്ടികൾക്ക് പരുക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ഇത് ആകെ കൊല്ലപ്പെട്ടവരുടെ 30 ശതമാനത്തോളം വരും. മുൻകാല സംഘർഷങ്ങളെ അപേക്ഷിച്ച് കുട്ടികൾ കൊല്ലപ്പെടുന്ന നിരക്ക് ഈ യുദ്ധത്തിൽ വളരെ കൂടുതലാണ്.
മാത്രമല്ല 2025 ഒക്ടോബറിൽ വെടിനിർത്തൽ നിലവിൽ വന്നിട്ടും, അത് ലംഘിച്ചുകൊണ്ട് ഇസ്രായേൽ ഗാസയിൽ സൈനിക നടപടികൾ തുടരുകയും കുട്ടികളെ കൊന്നൊടുക്കുകയും ചെയ്യുന്നതായി കമ്മീഷൻ ചെയർമാൻ ശ്രീനിവാസൻ മുരളീധരൻ വെളിപ്പെടുത്തി. ഗാസയിലും വെസ്റ്റ് ബാങ്കിലും കൂട്ട അറസ്റ്റുകളിലൂടെ തടവിലാക്കപ്പെടുന്ന ഫലസ്തീൻ കുട്ടികൾ (പ്രത്യേകിച്ച് ആൺകുട്ടികൾ) ക്രൂരമായ മർദ്ദനങ്ങൾക്കും നഗ്നരാക്കി നിർത്തുന്നതുൾപ്പെടെയുള്ള ലൈംഗിക-ശാരീരിക അതിക്രമങ്ങൾക്കും ഇരയായി. ഗാസയിലെ ആശുപത്രികളും സ്കൂളുകളും തകർത്തതിലൂടെ കുട്ടികളുടെ കുട്ടിക്കാലം ഇല്ലാതാക്കുകയും അവരുടെ മാനസികാരോഗ്യത്തെ ഗുരുതരമായി ബാധിക്കുകയും ചെയ്തു. ജനന നിരക്ക് കുറയ്ക്കുന്നതിനായി പ്രസവചികിത്സാ കേന്ദ്രങ്ങളും ഐ.വി.എഫ് ലബോറട്ടറികളും ഇസ്രായേൽ ആസൂത്രിതമായി തകർത്തതായും റിപ്പോർട്ടിലുണ്ട്.
















































