തിരുവനന്തപുരം: സംസ്ഥാനത്തെ മയക്കുമരുന്ന് വ്യാപനം തടയാനും ലഹരി കടത്ത് ശൃംഖലകളെ തകർക്കാനും നടപ്പാക്കുന്ന ‘ഓപ്പറേഷൻ തൂഫാൻ’ കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി അയൽ സംസ്ഥാനങ്ങളുമായുള്ള സഹകരണം വർധിപ്പിക്കാൻ മുഖ്യമന്ത്രി വി.ഡി. സതീശൻ കർണാടക, തമിഴ്നാട്, പുതുച്ചേരി മുഖ്യമന്ത്രിമാർക്ക് കത്തയച്ചു. ഇന്റലിജൻസ് വിവരങ്ങളുടെ അടിസ്ഥാനത്തിൽ നിയമനടപടികൾ ശക്തമാക്കുകയും മയക്കുമരുന്ന് മാഫിയകളുടെ സാമ്പത്തിക ശൃംഖലകൾ തകർക്കുകയും അനധികൃത സമ്പാദ്യങ്ങൾ കണ്ടുകെട്ടുകയും ചെയ്യുന്ന നടപടികൾ പുരോഗമിക്കുകയാണെന്ന് മുഖ്യമന്ത്രി കത്തിൽ ചൂണ്ടിക്കാട്ടി.
മയക്കുമരുന്ന് കടത്ത് സംഘങ്ങൾ വിവിധ സംസ്ഥാനങ്ങളിലായി പ്രവർത്തിക്കുന്ന സാഹചര്യത്തിൽ അവയെ ഫലപ്രദമായി നേരിടാൻ സംസ്ഥാനങ്ങൾ തമ്മിലുള്ള ഏകോപിത പ്രവർത്തനം അനിവാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. കേരളം, കർണാടക, തമിഴ്നാട്, പുതുച്ചേരി എന്നിവിടങ്ങളിലെ അതിർത്തി മേഖലകൾ, പ്രധാന റോഡ് മാർഗങ്ങൾ, വിനോദസഞ്ചാര കേന്ദ്രങ്ങൾ, വിദ്യാർത്ഥി ശൃംഖലകൾ, നഗര വിതരണ കേന്ദ്രങ്ങൾ എന്നിവ മയക്കുമരുന്ന് മാഫിയകൾ ദുരുപയോഗം ചെയ്യാൻ സാധ്യതയുള്ള മേഖലകളാണെന്നും കത്തിൽ പറയുന്നു.
അന്തർസംസ്ഥാന, അന്തർദേശീയ മയക്കുമരുന്ന് കടത്ത് കേസുകളിൽ നിരവധി പ്രതികളെ അറസ്റ്റ് ചെയ്യാൻ കേരള പൊലീസിന് കഴിഞ്ഞിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. ഇത്തരത്തിലുള്ള ശൃംഖലകളെ ചെറുക്കാൻ തത്സമയ വിവര കൈമാറ്റം, സംയുക്ത പരിശോധനകൾ, ഏകോപിത ആസൂത്രണം എന്നിവ അനിവാര്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇതിനായി കേരളം, കർണാടക, തമിഴ്നാട്, പുതുച്ചേരി എന്നിവിടങ്ങളിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ ഉന്നതതല യോഗം വിളിച്ചുചേർത്ത് സംയുക്ത പ്രവർത്തന പദ്ധതി രൂപീകരിക്കണമെന്ന് മുഖ്യമന്ത്രി അഭ്യർഥിച്ചു. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ സംസ്ഥാന പൊലീസ് മേധാവി റാവഡ ചന്ദ്രശേഖർ, ടാക്ടിക്കൽ കമാൻഡർ പുട്ട വിക്രമാദിത്യ എന്നിവർ മറ്റ് സംസ്ഥാനങ്ങളിലെ പൊലീസ്, ആഭ്യന്തര വകുപ്പ് ഉന്നത ഉദ്യോഗസ്ഥരുമായി ചർച്ച നടത്താൻ തയ്യാറാണെന്നും കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.















































