കൊട്ടാരക്കര : അമിത വേഗതയിലാണ് അപകടത്തില്‍പ്പെട്ട വാഹനം വന്നതെന്ന് കൊട്ടാരക്കര വാഹനാപകടത്തിന് ദൃക്‌സാക്ഷിയായ യുവതിയുടെ വെളിപ്പെടുത്തൽ. പെട്ടെന്ന് വാഹനം ബസ്സ്റ്റോപ്പിലേയ്ക്ക് ഇടിച്ച് കയറുകയായിരുന്നുവെന്നും അവര്‍ പറഞ്ഞു.
പത്ത് പന്ത്രണ്ട് കുട്ടികള്‍ അവിടെ ഉണ്ടായിരുന്നു. എന്റെ കൂടെ രണ്ട് മൂന്ന് കുട്ടികളുണ്ടായിരുന്നു. അവരെ മാറ്റാന്‍ പറ്റി. അതുകൊണ്ട് ഞങ്ങള്‍ രക്ഷപെട്ടു. ബാക്കിയുള്ളവരെ ടിപ്പര്‍ വന്ന് ഇടിച്ചു. അതിലെ മണ്ണെല്ലാം അവരുടെ ദേഹത്തായിപ്പോയി. ഏഴ് പത്തിന് ഒരു ബസുണ്ട് . അതിന് പോകുന്ന കുട്ടികളായിരുന്നു. വണ്ടി വരുന്നതിന് രണ്ട് മിനിറ്റ് മുന്‍പാണ് അപകടം നടക്കുന്നത് – അവര്‍ പറഞ്ഞു.
കൊട്ടാരക്കര നീലേശ്വരം മുക്കോണിമുക്കില്‍ ടിപ്പര്‍ ലോറി അപകടത്തില്‍ വിദ്യാര്‍ഥി ഉള്‍പ്പെടെ മൂന്ന് പേരാണ് മരിച്ചത്. മണ്ണ് കയറ്റിവന്ന ടിപ്പര്‍ നിയന്ത്രണം വിട്ട് മതിലില്‍ ഇടിച്ച് ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. ഒന്നര മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിന് ഒടുവിലാണ് ടിപ്പറിനടിയില്‍ പെട്ടവരെ പുറത്തെടുത്തത്.
പരുക്കേറ്റ അഞ്ചുപേരില്‍ ഒരാളുടെ നില ഗുരുതരമാണ്. രാവിലെ ഏഴേ കാലോടെയാണ് അപകടമുണ്ടായത്. പത്താംക്ലാസുകാരന്‍ പാര്‍ഥിപന്‍, അധ്യാപകനായ ഹരിലാല്‍, കെഎസ്ആര്‍ടിസി മെക്കാനിക്കായ അജയ്കുമാര്‍ എന്നിവരാണ് മരിച്ചത്.













































