തിരുവനന്തപുരം: സംസ്ഥാനത്ത് മയക്കുമരുന്ന് മാഫിയക്കെതിരായ ‘ഓപ്പറേഷൻ തൂഫാൻ’ ശക്തമായി നടപ്പിലാക്കുകയാണെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നിയമസഭയിൽ അറിയിച്ചു. ലഹരിക്കെതിരായ ബഹുജന മുന്നേറ്റമാണ് ഈ പദ്ധതിയിലൂടെ സർക്കാർ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഓപ്പറേഷൻ തൂഫാനിന്റെ ഭാഗമായി സംസ്ഥാനത്താകെ ഇതുവരെ 2954 കേസുകൾ രജിസ്റ്റർ ചെയ്യുകയും 3176 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. കൂടുതൽ കാര്യക്ഷമമായ അന്വേഷണത്തിനായി സംസ്ഥാനത്തെ 84 പൊലീസ് സബ് ഡിവിഷനുകളിലും പ്രത്യേക അന്വേഷണ സംഘങ്ങളെ നിയോഗിച്ചതായും മന്ത്രി വ്യക്തമാക്കി.
മയക്കുമരുന്ന് വ്യാപനത്തിന്റെ കാര്യത്തിൽ കേരളത്തിലെ സ്ഥിതി അതീവ ഗുരുതരമാണെന്നും, ചില മേഖലകളിൽ പഞ്ചാബിനെപ്പോലും മറികടക്കുന്ന തരത്തിലാണ് ലഹരി വ്യാപനമെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി. എന്നാൽ ഒറ്റ ദിവസം കൊണ്ട് കേരളത്തെ ലഹരിവിമുക്തമാക്കാനാകുമെന്ന ധാരണ സർക്കാരിനില്ലെന്നും അദ്ദേഹം പറഞ്ഞു.
ലഹരി വിപത്തിനെ നേരിടാൻ കക്ഷി രാഷ്ട്രീയ ഭേദമന്യേ എല്ലാവരുടെയും സഹകരണം ആവശ്യമാണെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. കൂട്ടായ പ്രവർത്തനങ്ങളിലൂടെ മാത്രമേ ഈ സാമൂഹിക ദുരന്തത്തെ ഫലപ്രദമായി ചെറുക്കാൻ കഴിയൂവെന്നും നിലവിൽ വിവിധ മേഖലകളിൽ നിന്നുള്ള മികച്ച പിന്തുണയാണ് ദൗത്യത്തിന് ലഭിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് വൻതോതിൽ മയക്കുമരുന്ന് എത്തുന്നത് തടയാൻ കർശന നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. ഇതിന്റെ ഭാഗമായി മുഖ്യമന്ത്രി വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി നേരിട്ട് ആശയവിനിമയം നടത്തിയിട്ടുണ്ട്. സംസ്ഥാന ഡിജിപി മറ്റ് സംസ്ഥാനങ്ങളിലെ ഡിജിപിമാരുമായി ബന്ധപ്പെട്ട് അന്തർസംസ്ഥാന ലഹരി ശൃംഖലകൾ തകർക്കാനുള്ള സംയുക്ത നടപടികൾ ശക്തമാക്കിയതായും അദ്ദേഹം വ്യക്തമാക്കി.
പെൺകുട്ടികൾ ഉൾപ്പെടെ വിദ്യാർത്ഥികൾക്കിടയിൽ മയക്കുമരുന്ന് ഉപയോഗം വർധിക്കുന്നതായും പരിശോധനകൾക്കിടെ പല സ്ഥലങ്ങളിലും ഇത് കണ്ടെത്താൻ കഴിയുന്നുണ്ടെന്നും രമേശ് ചെന്നിത്തല സഭയെ അറിയിച്ചു.












































