അമ്മ സംഘടനയുടെ നേതൃനിരയിലേക്ക് എത്താൻ താൽപര്യമില്ലെന്ന് വ്യക്തമാക്കി നടി അൻസിബ ഹസൻ. സംഘടനയുടെ ഭാവി പ്രവർത്തനങ്ങൾ മികച്ച രീതിയിൽ മുന്നോട്ട് പോകട്ടെയെന്നും ശക്തവും കരുണയും ആർജവവുമുള്ള യുവതലമുറ നേതൃത്വം ഏറ്റെടുക്കട്ടെയെന്നും അൻസിബ ആശംസിച്ചു. അൻസിബ സംഘടനയുടെ നേതൃത്വത്തിലേക്ക് വരണമെന്ന് നടി മാല പാർവതി കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു.
ഫേസ്ബുക്കിലൂടെയായിരുന്നു അൻസിബയുടെ പ്രതികരണം. “എന്റെ ജീവിതയാത്രയിൽ എനിക്ക് ലഭിച്ച ഏറ്റവും വലിയ അംഗീകാരം നിങ്ങളുടെ സ്നേഹവും പിന്തുണയുമാണ്. അതിന് വാക്കുകൾ കൊണ്ട് നന്ദി പറയുന്നത് അപൂർണമായിരിക്കും. ഒപ്പമിരിക്കുന്ന ഓരോരുത്തരുടെയും ഹൃദയത്തിൽ എനിക്ക് ലഭിച്ച ഈ സ്ഥാനമാണ് എന്റെ ഏറ്റവും വലിയ പുരസ്കാരം. അമ്മ സംഘടനയുമായി ബന്ധപ്പെട്ട് ഇനി ഒരു ഭാരവാഹിത്വത്തിലേക്ക് മത്സരിക്കാനോ സ്ഥാനങ്ങൾ വഹിക്കാനോ ഞാൻ ആഗ്രഹിക്കുന്നില്ല. സംഘടനയുടെ ഭാവി പ്രവർത്തനങ്ങൾ മികച്ച രീതിയിൽ മുന്നോട്ട് പോകട്ടെ. ശക്തവും കരുണയും ആർജവവുമുള്ള ഒരു പുതിയ യുവനിര ഇതിനായി കടന്നുവരട്ടെ. എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി” – അൻസിബ കുറിച്ചു.
അമ്മയെ യുവതലമുറ നയിക്കട്ടെയെന്നും അൻസിബ സംഘടനയുടെ തലപ്പത്തേക്ക് വരണമെന്നും മാല പാർവതി പ്രതികരിച്ചിരുന്നു. ജനറൽ ബോഡി യോഗത്തിൽ അൻസിബ വ്യക്തമായി നിലപാട് പറഞ്ഞതിനു ശേഷമാണ് അംഗങ്ങൾക്കിടയിൽ ഒരുമ ഉണ്ടായതെന്നും, അൻസിബ ഉയർത്തിയ ചോദ്യങ്ങൾക്ക് ശ്വേതാ മേനോന് വ്യക്തമായ മറുപടി നൽകാനായില്ലെന്നും മാല പാർവതി പറഞ്ഞിരുന്നു.
മിനിയാന്ന് നടന്ന വാർഷിക ജനറൽ ബോഡി യോഗത്തിലെ തർക്കങ്ങൾക്ക് പിന്നാലെ പ്രസിഡന്റ് ശ്വേതാ മേനോൻ, ജനറൽ സെക്രട്ടറി കുക്കു പരമേശ്വരൻ ഉൾപ്പെടെയുള്ള ഭരണസമിതി ഒന്നാകെ രാജിവെച്ചിരുന്നു. തുടർന്ന് സംഘടനയിൽ അഡ്ഹോക്ക് കമ്മിറ്റി രൂപീകരിച്ചു. പാലക്കാട് എംഎൽഎയും നടനുമായ രമേഷ് പിഷാരടിയുടെ നേതൃത്വത്തിലാണ് പുതിയ കമ്മിറ്റി പ്രവർത്തിക്കുക.
ശ്വേതാ മേനോന്റെയും ഭരണസമിതിയുടെയും രാജിക്ക് പിന്നാലെ അഡ്ഹോക്ക് കമ്മിറ്റി രൂപീകരിക്കാനുള്ള ചുമതല നടൻ ജഗദീഷിനായിരുന്നു. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നടന്ന ചർച്ചകൾക്കൊടുവിലാണ് പിഷാരടിയെ ചെയർമാനായി തെരഞ്ഞെടുത്തത്. മുൻ മന്ത്രി ഗണേഷ് കുമാറടക്കമുള്ളവർ കമ്മിറ്റിയിൽ അംഗങ്ങളാണ്. നാല് മാസത്തേക്കാണ് അഡ്ഹോക്ക് കമ്മിറ്റിയുടെ കാലാവധി. ഇതിനിടെ പുതിയ ഭരണസമിതിയെ തിരഞ്ഞെടുക്കുന്നതിനുള്ള നടപടികൾ ആരംഭിക്കും.
ജനറൽ ബോഡി യോഗത്തിൽ വാർഷിക റിപ്പോർട്ടും വരവ്-ചെലവ് കണക്കുകളും പാസാക്കുന്നതിനെച്ചൊല്ലി കടുത്ത തർക്കങ്ങളാണ് ഉണ്ടായത്. കണക്കുകളിൽ വ്യക്തതയില്ലെന്ന് ചൂണ്ടിക്കാട്ടി സിദ്ധിഖ്, ബാബുരാജ്, ഇടവേള ബാബു തുടങ്ങിയവർ റിപ്പോർട്ട് അംഗീകരിക്കാൻ വിസമ്മതിച്ചു. രൺജി പണിക്കരും സമാന നിലപാട് സ്വീകരിച്ചതോടെ യോഗം കൂടുതൽ സംഘർഷഭരിതമായി.
തർക്കം രൂക്ഷമായ സാഹചര്യത്തിൽ വിഷയം പരിശോധിക്കാൻ 45 ദിവസത്തെ സമയം വേണമെന്ന് ശ്വേതാ മേനോൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ തുടർന്ന് സ്റ്റേജിൽ കയറി വികാരാധീനയായി അധ്യക്ഷസ്ഥാനത്ത് നിന്ന് രാജിവെക്കുന്നതായി പ്രഖ്യാപിക്കുകയായിരുന്നു. തനിക്ക് യാതൊരു രാഷ്ട്രീയ ബന്ധവുമില്ലെന്നും, തന്നെ ബിജെപിക്കാരിയാക്കാൻ ബോധപൂർവമായ ശ്രമം നടക്കുന്നുണ്ടെന്നും ശ്വേതാ മേനോൻ ആരോപിച്ചു. പിന്നീട് ബാബുരാജിന്റെ നേതൃത്വത്തിൽ മുതിർന്ന അംഗങ്ങൾ ശ്വേതയെ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഒടുവിൽ ഭരണസമിതി ഒന്നടങ്കം രാജിവെക്കുകയായിരുന്നു.













































