ആലപ്പുഴ: ഓൺലൈൻ ഭക്ഷണവിതരണത്തിന്റെ മറവിലും ആംബുലൻസുവഴിയും ലഹരി വിതരണം ചെയ്യുന്നെന്ന് പരാതി കിട്ടിയിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ഓപ്പറേഷൻ തൂഫാനുമായി ബന്ധപ്പെട്ട വാർത്താസമ്മേളനത്തിലായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ‘‘ഓൺലൈനിൽ കൂടി വിളിച്ചു പറഞ്ഞാൽ ഫുഡ് കൊണ്ടുവരുന്നവരുണ്ടല്ലോ. അവരെപ്പറ്റിയും പരാതി ഉയർന്നിട്ടുണ്ട്.
എനിക്ക് അവരോട് പറയാനുള്ളത്, ഇത് അവസാന മുന്നറിയിപ്പാണ്. ഈ പരിപാടി അവസാനിപ്പിക്കണം. അവരാണ് ലഹരി പലയിടത്തും കൊണ്ടു കൊടുക്കുന്നതെന്ന് വലിയ പരാതി ഉയർന്നു വരുന്നുണ്ട്. കാരണം അവരെ ആരും ചെക്ക് ചെയ്യാറില്ല. നിങ്ങൾ ഇത് അവസാനിപ്പിക്കണം. വെറുതെ നിയമത്തിനു മുന്നിൽ കൊണ്ടുവരേണ്ട അവസ്ഥ ഉണ്ടാക്കരുത്. ഇതുവരെ ചെയ്തതൊക്കെ ചെയ്തു. ഇനി ഇത് അവസാനിപ്പിക്കണം, അതുപോലെ ആംബുലൻസിൽ രോഗികളെ കയറ്റുന്നതിനു പകരം അതുവഴിയും ലഹരിമരുന്നുകൾ വിതരണം ചെയ്യുന്നുണ്ട്.’’ – രമേശ് ചെന്നിത്തല പറഞ്ഞു.
ഈ മാസം 26 ന് കേരളത്തിലെ140 നിയോജക മണ്ഡലങ്ങളിലും ഓപ്പറേഷൻ തൂഫാനുമായി ബന്ധപ്പെട്ട് എംഎൽഎമാരുടെ നേതൃത്വത്തിൽ പരിപാടികൾ സംഘടിപ്പിക്കും. പ്രതിജ്ഞ എടുക്കുകയും തെരഞ്ഞെടുക്കപ്പെടുന്ന ഒരു സ്കൂളിൽ വച്ച് പരിപാടി നടത്തും. അതിൽ എംപിമാരും പഞ്ചായത്ത് അംഗങ്ങളുമടക്കം ജനകീയ മുന്നേറ്റമായി ഓപ്പറേഷൻ തൂഫാൻ മാറ്റും. ഇതുവരെ 15 കോടി രൂപയ്ക്കടുത്ത് വിലവരുന്ന മയക്കുമരുന്ന് സാധനങ്ങൾ പിടികൂടിയിട്ടുണ്ട്.അതുപോലെ മൂവായിരത്തിലധികം ആളുകളെ അറസ്റ്റ് ചെയ്തു. ഇതിൽ രാഷ്ട്രീയമോ, മതമോ ഒന്നുമില്ല. ഇതു ഭാവിതലമുറയെ രക്ഷിക്കാനുള്ള ആഭ്യന്തര വകുപ്പിന്റെ ഒരു ശ്രമമാണെന്നും ചെന്നിത്തല വ്യക്തമാക്കി.















































