ഗാസ: ഡെയർ അൽ- ബലാഹിൽ ശനിയാഴ്ച നടന്ന ഇസ്രായേൽ വ്യോമാക്രമണങ്ങളിൽ അൽ ജസീറ ക്യാമറാമാനും രണ്ട് കുട്ടികളടക്കം കുറഞ്ഞത് ആറുപേർ കൊല്ലപ്പെട്ടതായി പാലസ്തീൻ ആരോഗ്യ അധികാരികൾ അറിയിച്ചു. അൽ ജസീറ അറബിക് ചാനലിൻറെ ക്യാമറാമാൻ അഹമ്മദ് വിഷാഹാണ് കൊല്ലപ്പെട്ടത്. യുദ്ധം ആരംഭിച്ചതിന് ശേഷം കൊല്ലപ്പെടുന്ന അഞ്ചാമത്തെ അൽ ജസീറ ജീവനക്കാരനാണ് അഹമ്മദ് വിഷ്വ.
ശനിയാഴ്ച പുലർച്ചെ രണ്ടുമണിയോടെ ഗാസ സിറ്റിയിലെ ഒരു ഫ്ലാറ്റിൽ നടന്ന ആദ്യാക്രമണത്തിൽ നിരവധി പേർക്ക് പരുക്കേറ്റു. സംഭവസ്ഥലത്ത് തകർന്ന കെട്ടിടാവശിഷ്ടങ്ങളും രക്തക്കറകളുമാണ് കാണാനായത്. സഹോദരിമാരായ നാല് വയസുകാരിയായ സീനയുടേയും 14 വയസുകാരി ലാനയുടേയും മൃതദേഹങ്ങൾ ഷിഫാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
“ഞാൻ വീട്ടിലിരിക്കെ മുന്നറിയിപ്പൊന്നുമില്ലാതെ മിസൈൽ വീണു എന്ന് പരുക്കേറ്റ മുഹമ്മദ് സഫാദി പറഞ്ഞു. തന്റെ ഭാര്യയ്ക്കും പരുക്കേറ്റതായി അദ്ദേഹം പറഞ്ഞു. “ഇത് വെടിനിർത്തലാണോ? ഞങ്ങൾ സാധാരണക്കാർ മാത്രമാണ്. ഞാൻ ഒരിക്കലും ആയുധം എടുത്തിട്ടില്ല,”- അദ്ദേഹം പ്രതികരിച്ചു.
മധ്യ ഗാസയിലെ ബുറൈജ് അഭയാർത്ഥി ക്യാമ്പിലെ ഒരു വീടിന്മേൽ നടന്ന മറ്റൊരു ആക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. ഇവരിൽ അൽ ജസീറ ക്യാമറാമാൻ അഹമ്മദ് വിഷാഹും ഉൾപ്പെടുന്നു. വിഷാഹിന്റെ സഹോദരൻ മുഹമ്മദ് വിഷാഹ് ഏപ്രിലിൽ നടന്ന മറ്റൊരു ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു.
തെക്കൻ ഗാസയിലെ മുവാസി ക്യാമ്പിൽ കൂടിയിരുന്ന ജനക്കൂട്ടത്തെ ലക്ഷ്യമിട്ട മറ്റൊരു ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും എട്ട് പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ഗാസ സിറ്റിയിലെ മൂന്നാമത്തെ ആക്രമണത്തിൽ നാലുപേർക്ക് പരുക്കേറ്റതായി ആശുപത്രി അധികൃതർ അറിയിച്ചു.
അതേസമയം അൽ ജസീറ ക്യാമറാമാനെ ലക്ഷ്യമിട്ട് കൃത്യമായ ആക്രമണം നടത്തിയതാണെന്ന് ഇസ്രായേൽ സൈന്യം വ്യക്തമാക്കി. ഇയാൾ ഹമാസിന്റെ സൈനിക വിഭാഗവുമായി ബന്ധമുള്ളതും സൈന്യത്തിന് ഭീഷണിയായതുമാണെന്ന് അവർ ആരോപിച്ചു. എന്നാൽ ഇസ്രായേൽ ആക്രമണങ്ങൾ സാധാരണ ജനങ്ങളെയും മാധ്യമപ്രവർത്തകരെയും ബാധിക്കുന്നുവെന്ന വിമർശനവും ശക്തമാണ്.
ഒക്ടോബറിൽ ഇസ്രായേലും ഹമാസും തമ്മിൽ വെടിനിർത്തൽ പ്രഖ്യാപിച്ചിരുന്നെങ്കിലും, ഗാസയിൽ ഏകദേശം ദിവസേനയും ഇസ്രായേൽ ആക്രമണങ്ങൾ തുടരുകയാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഈ ആക്രമണങ്ങളിൽ ഇതുവരെ 1,000-ത്തിലധികം പാലസ്തീനികൾ കൊല്ലപ്പെട്ടതായി ഗാസ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നു.
2023 ഒക്ടോബർ 7-ന് ഹമാസ് നേതൃത്യത്തിലുള്ള സായുധ സംഘം ഇസ്രായേലിൽ നടത്തിയ ആക്രമണത്തിൽ 1,200 പേർ കൊല്ലപ്പെടുകയും 251 പേർ ബന്ദികളാക്കപ്പെടുകയും ചെയ്തതോടെയാണ് യുദ്ധം ആരംഭിച്ചത്. അതിനുശേഷം ഗാസയിൽ ഇസ്രായേൽ നടത്തിയ സൈനിക നടപടികളിൽ 73,000-ത്തിലധികം പാലസ്തീനികൾ കൊല്ലപ്പെട്ടതായി ഗാസ ആരോഗ്യ മന്ത്രാലയം പറയുന്നു. സ്ത്രീകളും കുട്ടികളും മരണപ്പെട്ടവരിൽ ഏകദേശം പകുതിയോളം ഉണ്ടെന്നാണ് വിലയിരുത്തൽ.






