തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് നൽകുന്ന ബജറ്റ് പ്രഖ്യാപനത്തിനെതിരെ പ്രതിപക്ഷം രംഗത്ത്. ബജറ്റ് വലിയ അഴിമതിക്ക് വഴിയൊരുക്കുന്നതാണെന്ന് മുൻ എക്സൈസ് മന്ത്രി എം.ബി. രാജേഷ് ആരോപിച്ചു. വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് നൽകിയതിലൂടെ സംസ്ഥാനത്ത് മദ്യം കൂടുതൽ വ്യാപകമാക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
മദ്യത്തിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ചിരുന്നവരാണ് ഇപ്പോൾ മദ്യം കൂടുതൽ സുലഭമാക്കുന്നതെന്നും രാജേഷ് വിമർശിച്ചു. മുഖ്യമന്ത്രി വി.ഡി. സതീശൻ മദ്യ കമ്പനികളിൽ നിന്ന് എത്ര പണം വാങ്ങിയെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സർക്കാർ ജീവനക്കാർക്ക് ആനുകൂല്യങ്ങൾ നൽകാൻ തയ്യാറാകാത്ത സർക്കാർ മദ്യത്തിന് ഇളവുകൾ പ്രഖ്യാപിക്കുന്നത് അത്ഭുതപ്പെടുത്തുന്നതാണെന്നും കർണാടക മദ്യ ലോബിയുടെ സ്വാധീനമാണ് ഇതിന് പിന്നിലെന്നും അദ്ദേഹം ആരോപിച്ചു.
അതേസമയം, വീര്യം കുറഞ്ഞ മദ്യത്തിന്റെ വിൽപനയ്ക്ക് വഴിതുറക്കുന്ന തരത്തിൽ ബജറ്റിൽ പ്രഖ്യാപിച്ച പുതിയ നികുതി ഘടന യുഡിഎഫ് സർക്കാരിനുള്ളിലും പുറത്തും ചർച്ചയായിരിക്കുകയാണ്. നികുതി ഘടനയിലെ ഈ മാറ്റത്തെക്കുറിച്ച് എക്സൈസ് മന്ത്രി എം. ലിജുവിന് മുൻകൂട്ടി അറിവുണ്ടായിരുന്നില്ലെന്നാണ് സൂചന. നയപരമായ മാറ്റമാണെങ്കിൽ അത് എക്സൈസ് വകുപ്പ് തയ്യാറാക്കേണ്ട വിഷയമാണെന്നും ഇക്കാര്യം പാർട്ടിക്കുള്ളിൽ ചർച്ചയാകാനിടയുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.
എൽഡിഎഫ് സർക്കാർ നേരത്തെ കൊണ്ടുവന്ന വിദേശ മദ്യ ചട്ടഭേദഗതിയുടെ അടിസ്ഥാനത്തിലാണ് 0.5 ശതമാനം മുതൽ 20 ശതമാനം വരെ ആൽക്കഹോൾ അംശമുള്ള വീര്യം കുറഞ്ഞ മദ്യങ്ങൾക്ക് പുതിയ നികുതി ഘടന ബജറ്റിൽ പ്രഖ്യാപിച്ചത്. കാർഷിക വിളകളിൽ നിന്ന് ഉത്പാദിപ്പിക്കുന്ന ഇത്തരം പാനീയങ്ങൾക്ക് ഇളവ് നൽകിയതിന്റെ മറവിൽ മദ്യ കമ്പനികളെ സഹായിക്കുകയാണ് സർക്കാരെന്ന് സിപിഎം ആരോപിക്കുന്നു.
വീര്യം കുറഞ്ഞ മദ്യങ്ങളുടെ വിൽപനയ്ക്ക് അനുമതി നൽകണമെന്ന ആവശ്യം മദ്യ കമ്പനികൾ നേരത്തേ എൽഡിഎഫ് സർക്കാരിന് മുന്നിൽ ഉന്നയിച്ചിരുന്നുവെങ്കിലും, നികുതി വരുമാനം കുറയുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ ധനവകുപ്പ് അത് തള്ളിയിരുന്നുവെന്നും സിപിഎം ചൂണ്ടിക്കാട്ടുന്നു. പുതിയ നികുതി പ്രഖ്യാപനത്തോടെ വിഷയം രാഷ്ട്രീയ വിവാദമായി മാറിയിരിക്കുകയാണ്.














































