ടെഹ്റാൻ ∙ അമേരിക്കയുമായുള്ള സമാധാന കരാർ ഔദ്യോഗികമായി പ്രഖ്യാപിക്കാനായി സ്വിറ്റ്സർലൻഡിൽ നിശ്ചയിച്ചിരുന്ന പൊതുചടങ്ങിൽ നിന്ന് ഇറാൻ പിന്മാറി. അമേരിക്കൻ പ്രതിനിധികളുമായി വേദി പങ്കിടുന്നത് ആഭ്യന്തര രാഷ്ട്രീയത്തിൽ ശക്തമായ എതിർപ്പിന് കാരണമാകുമെന്ന ആശങ്കയെ തുടർന്നാണ് തീരുമാനം.
ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സുമായി (IRGC) ബന്ധമുള്ള വൃത്തങ്ങളെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നതുപ്രകാരം, സ്വിറ്റ്‌സർലൻഡിലെ ബർഗൻസ്റ്റോക്കിൽ നടത്താനിരുന്ന ചടങ്ങിലാണ് മാറ്റം. നിലവിലെ സാഹചര്യത്തിൽ ഇരുരാജ്യങ്ങളിലെയും ഉന്നത ഉദ്യോഗസ്ഥർ പങ്കെടുക്കില്ലെന്നാണ് സൂചന.
കരാറുമായി ബന്ധപ്പെട്ട ചർച്ചകൾ പൂർണമായി അവസാനിച്ചിട്ടില്ലെന്നും, ഖത്തർ, പാകിസ്ഥാൻ ഉൾപ്പെടെയുള്ള രാജ്യങ്ങളുടെ പങ്കാളിത്തത്തോടെ സാങ്കേതിക തല ചർച്ചകൾ തുടരുമെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
















































