തിരുവനന്തപുരം: കെഎസ്ആർടിസിയിലെ സൗജന്യയാത്രാ പദ്ധതിയെ സ്വാഗതം ചെയ്ത് കേന്ദ്രമന്ത്രി സുരേഷ് ഗോപി. തനിക്ക് വളരെ ഇഷ്ടപ്പെട്ട പദ്ധതിയാണ് ഇതെന്നും പല സംസ്ഥാനങ്ങളിലും അതാത് സംസ്ഥാനത്തിന്റെ സാമ്പത്തിക കെൽപ്പനുസരിച്ച് പൂർണ്ണമായും ഭാഗികമായുമൊക്കെ നടപ്പാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
‘ഈ പദ്ധതി എനിക്ക് വളരെ ഇഷ്ടപ്പെട്ട ഒന്നാണ്. നമ്മുടെ രാജ്യത്ത് പല സംസ്ഥാനങ്ങളിലും അതാത് സംസ്ഥാനത്തിന്റെ സാമ്പത്തിക കെൽപ്പ് അനുസരിച്ചാണ് പദ്ധതി ഭാഗികമായും പൂർണ്ണമായും നടപ്പാക്കിയിട്ടുണ്ട്. സാമ്പത്തിക നില മെച്ചപ്പെടുന്നതോടെ ഇതിന്റെ വ്യാപ്തി കൂടുതൽ വർധിക്കും. ഇന്നത്തെ കാലത്ത്, ആണുങ്ങളേക്കാൾ കൂടുതൽ പെണ്ണുങ്ങൾ ജോലിക്കും വീട്ടിലേക്കുള്ള ആവശ്യങ്ങൾക്കുമായി പുറത്തു പോകുന്നു. പണ്ട് ഇങ്ങനെ ഇല്ലായിരുന്നു. ഈ പശ്ചാത്തലത്തിലാണ് സ്ത്രീകൾക്കു വേണ്ടി ഇങ്ങനൊരു സംവിധാനം ഒരുക്കുന്നത്. എല്ലാം കൊണ്ടും വൻവിജയം ആശംസിക്കുന്നു. തുടരാൻ സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
അതുപോലെ രാഷ്ട്രീയം എന്നത് മാറ്റിവച്ചാൽ ടെക്നിക്കലിയായാലും, അഡ്മിനിസ്ട്രേഷൻ സംബന്ധിച്ചും വളരെ അറിവുള്ള ആളാണ് സിപി ജോൺ. നമ്മുടെ പ്ലാനിങ് കമ്മിഷനിലൊക്കെയുണ്ടായിരുന്നയാളാണ്. അതുകൊണ്ടുതന്നെ ഗതാഗതത്തേക്കാൾ കൂടുതൽ വിരുത് സാമ്പത്തികത്തിൽ ഉള്ളയാളാണ് സി.പി. ജോൺ. മുഖ്യമന്ത്രിയും സി.പി. ജോണും ചേർന്ന് നല്ല വഴിക്ക് കൊണ്ടുവരാനുള്ള എല്ലാ മാനസിക കരുത്തും ഉണ്ട്. സംസ്ഥാനത്ത് നിലനിൽക്കുന്ന രാഷ്ട്രീയ ഇടപെടലുകൾ, ട്രേഡ് യൂണിയനുകൾ തുടങ്ങി എല്ലാവരേയും സമരസത്തിൽ കൊണ്ടുപോയി ജനങ്ങളിലേക്ക് ലോജിസ്റ്റിക്സിന്റെ പേരിൽ എത്തിക്കേണ്ട ചുമതല ആരും മറക്കാതിരിക്കട്ടെ എന്ന് മാത്രമേ പറയുന്നുള്ളു.
മാത്രമല്ല ഈ പദ്ധതിക്ക് ന്യൂനത കാണുന്ന ഒരു പക്ഷം, അതിനെ എതിർക്കുകയും ശബ്ദിക്കുകയും ഒക്കെ ചെയ്യാം. എന്നാൽ, സർക്കാർ അത് തിരുത്താൻ തയ്യാറാകുമ്പം ആ തിരുത്തലിന്റെ കൂടെ തിരുത്തൽ ശക്തിയായി കൂടി പ്രതിപക്ഷം മാറണം. പുതിയൊരു സ്വപ്നത്തിന്റെ വിരിയൽ കൂടിയാണ് സ്ത്രീകൾക്ക്. ഇന്നലെ രാത്രിവരെ അവർക്ക് ചില ഭയാശങ്കകളോ പ്രതീക്ഷയില്ലായ്മയോ നിഴലിച്ചിട്ടുണ്ടാകാം. എന്നാൽ ഇന്ന് ഉണർന്ന് കാണുന്ന കാഴ്ചകളിലൂടെ അവർക്ക് കിട്ടുന്ന സന്ദേശം, പുതിയ സ്വപ്നം വിരിഞ്ഞു തുടങ്ങിയിട്ടുണ്ടാകും അവരിൽ- സുരേഷ് ഗോപി പറഞ്ഞു.
















































