അടൂർ: ഭിക്ഷാടനത്തിനെത്തിയ വയോധികയെ കെഎസ്ആര്‍ടിസി ജീവനക്കാരൻ മർദിച്ചതായി പരാതി. അന്ധനായ വയോധികനൊപ്പമെത്തിയ ഇതരസംസ്ഥാനക്കാരിയായ വയോധികയ്ക്കാണ് മർദനമേറ്റത്.
സംഭവുമായി ബന്ധപ്പെട്ട് കെഎസ്ആർടിസി ജീവനക്കാരനായ ആർ. വേണുവിനെതിരെയാണ് ആരോപണം ഉയർന്നിരിക്കുന്നത്. ഇന്ന് പുലർച്ചെ ഏഴു മണിയോടെയാണ് അടൂർ കെഎസ്ആർടിസി സ്റ്റാൻഡിൽ ദാരുണമായ ഈ സംഭവം നടന്നത്. ഭിക്ഷാടനത്തിനായി എത്തിയതായിരുന്നു വയോധികനും വയോധികയും. ഇതിൽ വയോധികൻ കാഴ്ചശക്തിയില്ലാത്ത വ്യക്തിയാണ്.
ഈ സമയം സെക്യൂരിറ്റി ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരനായ ആർ. വേണു ഇവരെ വടി ഉപയോഗിച്ച് അടിക്കുകയും പുറത്തേക്ക് ഓടിക്കുകയും ചെയ്തുവെന്നാണ് പരാതി. വടി ഉപയോഗിച്ച് ഇവരെ പുറത്തേക്ക് ആട്ടിപ്പായിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. മർദനമേറ്റ വയോധിക ഇപ്പോൾ അടൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയിരിക്കുകയാണ്.
















































