ഭോപ്പാൽ: മധ്യപ്രദേശിൽ ട്രെയിൻ ഇടിച്ച് കുട്ടിയടക്കം നാല് പേർക്ക് ദാരുണാന്ത്യം. ട്രെയിനിന് തീപിടിച്ചെന്ന അഭ്യൂഹം ഉയർന്നതിനെ തുടർന്ന് പരിഭ്രാന്തരായി കുട്ടിയുമായി ട്രാക്കിലേക്ക് ചാടിയ നാല് പേരാണ് ദാരുണമായി കൊല്ലപ്പെട്ടത്. ഇവർ ട്രാക്കിലേക്ക് ചാടിയതോടെ എതിരെവന്ന മറ്റൊരു ട്രെയിൻ ഇവരെ ഇടിക്കുകയായിരുന്നു. ഞായറാഴ്ച വൈകിട്ട് 4.15 ഓടെ മധ്യപ്രദേശിലെ മൊറീണ സ്റ്റേഷന് സമീപമാണ് ദുരന്തം നടന്നത്.
അപകടത്തിൽ ആഗ്ര സ്വദേശിയായ അഫ്രീൻ (35), ഇവരുടെ നാല് വയസുള്ള ആൺകുട്ടി, ആഗ്ര സ്വദേശിയായ ശകുന്തള (60), രാജസ്ഥാനിലെ ബികാനർ സ്വദേശിയായ വിർമ ദേവി (60) എന്നിവരാണ് മരിച്ചത്. ഹാജുരാഹോ-ഉദയ്പുർ ഇന്റർസിറ്റി എക്‌സ്പ്രസിലായിരുന്നു സംഭവം നടന്നത്. യാത്രക്കാരിൽ ചിലർ തീയെന്ന് വിളിച്ച് പറഞ്ഞെന്നും ഇത് മറ്റ് യാത്രക്കാർക്കിടയിൽ ഭീതി പടർന്നു- ട്രെയിനിലുണ്ടായിരുന്ന മറ്റൊരു യാത്രക്കാരി പറഞ്ഞു. ഇത് കേട്ട് യാത്രക്കാരിൽ ഒരാൾ ചങ്ങല വലിച്ചു. ഇതോടെ ട്രെയിൻ നിർത്തുന്നതിന് മുൻപ് തന്നെ ആളുകൾ ട്രാക്കിലേക്ക് ചാടി. ഇതിനിടെ പട്ടൽകോട്ട് എക്‌സ്പ്രസ് തൊട്ടടുത്തുള്ള ട്രാക്കിലൂടെ വരികയും ആളുകളെ ഇടിച്ച് തെറിപ്പിക്കുകയുമായിരുന്നു.















































