തിരുവനന്തപുരം: സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം നടത്തിയ ‘അവതാര’ പരാമർശത്തിന് മറുപടിയുമായി മുൻ മുഖ്യമന്ത്രിയും സി.പി.എം നേതാവുമായ പിണറായി വിജയൻ. ഭരണത്തിലിരുന്ന സമയത്ത് സ്വന്തം പാർട്ടിയിലെ മന്ത്രിമാർക്കിടയിൽ അവതാരങ്ങൾ ഉണ്ടായിരുന്നോയെന്ന് ആദ്യം പരിശോധിക്കുകയാണ് ബിനോയ് വിശ്വം ചെയ്യേണ്ടതെന്ന് പിണറായി പ്രതികരിച്ചു. അതാണ് ആദ്യം ചെയ്യേണ്ട കാര്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തൃശൂരിൽ നടന്ന ഒരു പൊതുപരിപാടിയിൽ സി.പി.എം ജനറൽ സെക്രട്ടറി എം. എ ബേബിയുടെ സാന്നിധ്യത്തിൽ നടത്തിയ പ്രസംഗത്തിലാണ് ബിനോയ് വിശ്വം ‘അവതാര’ പരാമർശം നടത്തിയത്. അധികാരത്തിലെത്തുമ്പോൾ സമീപിക്കുന്ന സ്വാധീനശക്തികളെക്കുറിച്ച് വർഷങ്ങൾ മുമ്പ് പിണറായി വിജയൻ നൽകിയ മുന്നറിയിപ്പ് ഓർമ്മിപ്പിച്ചായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
‘അവതാരങ്ങൾ അടുത്തേക്ക് വന്നോ, അകത്തു കയറിയോ, സ്വാധീനിച്ചോ എന്ന് പരിശോധിക്കണം. ന്യൂനപക്ഷങ്ങളുടെ രാഷ്ട്രീയ പിന്തുണ അകലാൻ കാരണങ്ങൾ കണ്ടെത്തണം. സി.പി.എമ്മും സി.പി.ഐയും പരസ്പരം ഏറ്റുമുട്ടിയപ്പോൾ എതിരാളികൾ ശക്തിപ്പെട്ടു’ എന്നായിരുന്നു ബിനോയ് വിശ്വത്തിന്റെ പ്രസംഗത്തിലെ പ്രധാന പരാമർശങ്ങൾ.
ഈ പ്രസംഗം വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചതോടെ ബിനോയ് വിശ്വം പിന്നീട് വിശദീകരണവുമായി രംഗത്തെത്തി. പിണറായി വിജയൻ മുമ്പ് നൽകിയ മുന്നറിയിപ്പിന്റെ ഗൗരവം ഓർമ്മപ്പെടുത്തുക മാത്രമാണ് തന്റെ ഉദ്ദേശ്യമെന്ന് അദ്ദേഹം വ്യക്തമാക്കി. ഇടതുപക്ഷം അധികാരത്തിലെത്തുമ്പോൾ ജാഗ്രത പാലിക്കണമെന്ന സന്ദേശമാണ് പിണറായി അന്ന് നൽകിയതെന്നും, ആ മുന്നറിയിപ്പ് നടപ്പാക്കുന്നതിൽ എവിടെയെങ്കിലും വീഴ്ച സംഭവിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കണമെന്നായിരുന്നു തന്റെ അഭിപ്രായമെന്നും അദ്ദേഹം പറഞ്ഞു.
പിണറായിയുടെ വാക്കുകളെ അന്നും ഇന്നും തങ്ങൾ മാനിക്കുന്നുണ്ടെന്നും, ‘അവതാരം’ എന്ന വിശേഷണം ആർക്കൊക്കെ ചേരുന്നുവോ അവർക്ക് അത് സ്വയം അണിയാമെന്നുമാണ് ബിനോയ് വിശ്വത്തിന്റെ വിശദീകരണം. ‘അവതാര’ പരാമർശത്തെ ചൊല്ലിയുള്ള സി.പി.എം–സി.പി.ഐ വാഗ്വാദം ഇടതുമുന്നണിക്കുള്ളിൽ പുതിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.














































