ന്യൂഡൽഹി: രാജ്യത്തെ അതിർത്തി ജില്ലകളിലും സമീപ പ്രദേശങ്ങളിലുമുള്ള ജനസംഖ്യാ പാറ്റേണിൽ ഉണ്ടായ മാറ്റങ്ങൾ വിശദമായി പഠിക്കാൻ രൂപീകരിച്ച ഉന്നതതല സമിതിക്ക് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നിർദേശം നൽകി. ജനസംഖ്യാ വ്യതിയാനത്തിനുള്ള കാരണങ്ങൾ കണ്ടെത്തുന്നതിനായി സമിതി അംഗങ്ങൾ അതിർത്തി പ്രദേശങ്ങൾ നേരിട്ട് സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തണമെന്നും അദ്ദേഹം നിർദേശിച്ചു.
നിയമവിരുദ്ധ കുടിയേറ്റം രാജ്യത്തെ വിവിധ മേഖലകളിലെ ജനസംഖ്യാ ഘടനയിൽ മാറ്റങ്ങൾ സൃഷ്ടിക്കുന്നുണ്ടോയെന്ന് പരിശോധിക്കാനാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം മേയ് മാസത്തിൽ സമിതി രൂപീകരിച്ചത്. സുപ്രീം കോടതി മുൻ ജഡ്ജി ജസ്റ്റിസ് പ്രകാശ് പ്രഭാകർ നൗലേക്കറാണ് സമിതിയുടെ അധ്യക്ഷൻ. സെൻസസ് കമ്മിഷണർ, മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ ദുർഗ ശങ്കർ മിശ്ര, മുൻ ഐപിഎസ് ഉദ്യോഗസ്ഥൻ ബാലാജി ശ്രീവാസ്തവ, സാമ്പത്തിക വിദഗ്ധ ഡോ. ഷമിക രവി എന്നിവർ അംഗങ്ങളാണ്.
വിവിധ മത-സാമൂഹിക വിഭാഗങ്ങൾക്കിടയിൽ കാണപ്പെടുന്ന അസാധാരണ ജനസംഖ്യാ വ്യതിയാനങ്ങളെക്കുറിച്ച് ശാസ്ത്രീയ പഠനം നടത്താനാണ് സമിതിക്ക് ചുമതല നൽകിയിരിക്കുന്നത്. അതിർത്തി കടന്നുള്ള നീക്കങ്ങൾ, സാമ്പത്തിക ഇടപാടുകൾ, സാമൂഹിക-പരിസ്ഥിതി ഘടകങ്ങൾ എന്നിവ ജനസംഖ്യാ മാറ്റങ്ങളെ എത്രത്തോളം സ്വാധീനിക്കുന്നുവെന്നതും പരിശോധിക്കും.
ആസൂത്രിത കുടിയേറ്റം, അസാധാരണ താമസ ക്രമീകരണങ്ങൾ തുടങ്ങിയ വിഷയങ്ങളും സമിതിയുടെ പഠനപരിധിയിൽ ഉൾപ്പെടും. രാജ്യത്ത് കഴിയുന്ന നിയമവിരുദ്ധ കുടിയേറ്റക്കാരെ തിരിച്ചറിയുന്നതിനും അവരെ തടങ്കലിൽ പാർപ്പിക്കുന്നതിനും നാടുകടത്തുന്നതിനുമായി വ്യക്തമായ ചട്ടക്കൂട് രൂപീകരിക്കാനുള്ള ശുപാർശകളും സമിതി സർക്കാരിന് സമർപ്പിക്കും. ഇതിനാവശ്യമായ നിയമപരവും ഭരണപരവുമായ മാറ്റങ്ങൾ സംബന്ധിച്ച നിർദേശങ്ങളും റിപ്പോർട്ടിൽ ഉൾപ്പെടുമെന്നാണ് വിവരം.

















































