തൃശൂർ: പൂങ്കുന്നത്തെ വീട്ടിൽ നിന്ന് മൂന്നുദിവസത്തിനിടെ പിടികൂടിയത് 20 മലമ്പാമ്പിൻ കുഞ്ഞുങ്ങളെ. പൂങ്കുന്നം സ്വദേശിയായ കാർത്തിക്കിന്റെ വീട്ടിനു സമീപമാണ് പാമ്പുകളുടെ വലിയൊരു കൂട്ടം താവളമാക്കിയത്. ബുധനാഴ്ച രാത്രിയോടെ പത്ത് പാമ്പിൻ കുഞ്ഞുങ്ങളെയും, വ്യാഴാഴ്ച രാവിലെയോടെ എട്ട് പാമ്പുകളെയും രാത്രി രണ്ടു പാമ്പുകളെയുമാണ് ഇവിടെ നിന്ന് പിടികൂടിയത്. വനംവകുപ്പിന്റെ അംഗീകൃത ‘സർപ്പ’ വോളണ്ടിയറായ ലോറൻസിന്റെ നേതൃത്വത്തിലാണ് പാമ്പുകളെ പിടിച്ചത്.
ബുധനാഴ്ച, കാർത്തിക് മകളെ സ്കൂളിൽ കൊണ്ടുപോകുന്നതിനായി സ്കൂട്ടർ സ്റ്റാർട്ട് ചെയ്യാൻ ഒരുങ്ങുമ്പോഴാണ് വാഹനം ഇരിക്കുന്ന ഭാഗത്ത് അസാധാരണമായ ചലനം ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് നടത്തിയ പരിശോധനയിൽ സ്കൂട്ടറിനുള്ളിൽ മലമ്പാമ്പിൻ കുഞ്ഞുങ്ങളെ കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ വനപാലകരെയും പാമ്പുപിടുത്ത വിദഗ്ദ്ധരെയും വിവരമറിയിച്ചു. തുടർന്ന് നടത്തിയ വിശദമായ തിരച്ചിലിലാണ് വീടിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ഇത്രയധികം പാമ്പുകളെ കണ്ടെത്തിയത്.
വീടിനോട് ചേർന്ന് വലിയ കനാൽ കടന്നുപോകുന്നുണ്ട്. കനാലിൽ നിന്നും മതിൽ വഴി ഇഴഞ്ഞുകയറിയ മലമ്പാമ്പ് വീടിന്റെ അടിത്തറയിലോ പരിസരത്തോ മുട്ടയിട്ട് വിരിഞ്ഞതാകാം ഇത്രയധികം കുഞ്ഞുങ്ങൾ ഒന്നിച്ച് വരാൻ കാരണമെന്നാണ് വനംവകുപ്പ് അധികൃതരുടെ പ്രാഥമിക നിഗമനം. വീടിനോട് ചേർന്ന് വലിയ കാടുകളോ പറമ്പുകളോ ഇല്ലാത്തതിനാൽ കനാൽ വഴിയല്ലാതെ പാമ്പുകൾ എത്താൻ മറ്റ് സാധ്യതകളില്ലെന്ന് വീട്ടുകാരും വ്യക്തമാക്കുന്നു.
കുട്ടികളും പ്രായമായവരും അടങ്ങുന്ന കുടുംബം താമസിക്കുന്ന വീട്ടിൽ നിന്ന് ഒന്നിനു പുറകെ ഒന്നായി പാമ്പുകളെ കണ്ടെടുത്തത് പ്രദേശവാസികളെയും ആകെ ഭീതിയിലാഴ്ത്തിയിട്ടുണ്ട്. രാത്രിയിൽ ഒട്ടും ഉറങ്ങാൻ കഴിഞ്ഞിട്ടില്ലെന്ന് ഭീതിയോടെ കുടുംബം പറയുന്നു. വീട്ടിലും പരിസരത്തും വനംവകുപ്പിന്റെ നേതൃത്വത്തിൽ ഇപ്പോഴും അതീവ ജാഗ്രതയോടെയുള്ള പരിശോധനകൾ തുടരുകയാണ്. പിടികൂടിയ പാമ്പിൻ കുഞ്ഞുങ്ങളെ പിന്നീട് വനമേഖലയിലേക്ക് തുറന്നുവിടുമെന്ന് അധികൃതർ അറിയിച്ചു.















































