മുംബൈ: ഇന്ത്യയും ഇസ്രയേലും തമ്മിലുള്ള ചരിത്രപരവും സാംസ്കാരികവുമായ ബന്ധങ്ങൾക്ക് കൂടുതൽ കരുത്തേകുന്ന തീരുമാനമായി ഇസ്രയേലിൽ ഛത്രപതി ശിവജി മഹാരാജിന്റെ കൂറ്റൻ പ്രതിമ സ്ഥാപിക്കാൻ നീക്കം. ശിവരാജ്യാഭിഷേക ദിനത്തോടനുബന്ധിച്ച് മുംബൈയിലെ ഇസ്രയേൽ കോൺസൽ ജനറൽ യാനിവ് റെവാച്ചാണ് പ്രഖ്യാപനം നടത്തിയത്.
ഇന്ത്യൻ ചരിത്രത്തിലെ ഏറ്റവും ആദരിക്കപ്പെടുന്ന ഭരണാധികാരികളിലൊരാളായ ഛത്രപതി ശിവജിയെ ആദരിക്കുന്നതിനൊപ്പം, ഇന്ത്യയും ഇസ്രയേലും തമ്മിലുള്ള ജനകീയ ബന്ധങ്ങൾക്ക് പുതിയ മാനങ്ങൾ നൽകുന്നതാണ് പദ്ധതിയെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയിൽ നിർമിക്കുന്ന പ്രതിമ ഇസ്രയേലിലേക്ക് കൊണ്ടുപോയി അവിടത്തെ പ്രധാന നഗരങ്ങളിലൊന്നിൽ സ്ഥാപിക്കാനാണ് ആലോചന.
ശിവജി മഹാരാജിന്റെ പൈതൃകത്തെയും ചരിത്രപ്രാധാന്യത്തെയും യോജിച്ച രീതിയിൽ സ്മാരകം ഒരുക്കുന്നതിനായി മഹാരാഷ്ട്ര സർക്കാരിന്റെ സഹകരണം ഇസ്രയേൽ തേടിയിട്ടുണ്ട്. ചരിത്രപരമായ വിവരങ്ങളും കലാപരമായ നിർദേശങ്ങളും രൂപകൽപ്പനാ സഹായവും നൽകാൻ മഹാരാഷ്ട്ര സർക്കാർ തയ്യാറാണെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് അറിയിച്ചതായും കോൺസൽ ജനറൽ വ്യക്തമാക്കി.
മഹാരാഷ്ട്രയും അവിടത്തെ ജൂതസമൂഹവും തമ്മിൽ നൂറ്റാണ്ടുകളായി നിലനിൽക്കുന്ന ബന്ധത്തിന്റെ പ്രതീകമായും ഈ പ്രതിമ മാറുമെന്നാണ് വിലയിരുത്തൽ. ഇന്ത്യയിലെ ജനങ്ങൾ ഇസ്രയേലിനോടും അവിടത്തെ ദേശീയ വീരന്മാരോടും പുലർത്തുന്ന ബഹുമാനത്തിന് സമാനമായി, ശിവജി മഹാരാജിന്റെ ജീവിതവും ഭരണപാടവവും കൂടുതൽ ഇസ്രയേൽ പൗരന്മാരിലേക്ക് എത്തിക്കാൻ ഈ സംരംഭം സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, ഇസ്രയേലിന്റെ പ്രഖ്യാപനത്തെ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് സ്വാഗതം ചെയ്തു. ശിവരാജ്യാഭിഷേക ദിനത്തിൽ പുറത്തുവന്ന ഈ തീരുമാനം ചരിത്രപ്രധാനമാണെന്നും ഇന്ത്യ-ഇസ്രയേൽ ബന്ധത്തിൽ പുതിയ അധ്യായത്തിന് തുടക്കമാകുമെന്നും അദ്ദേഹം പറഞ്ഞു. പദ്ധതിക്ക് സംസ്ഥാന സർക്കാർ എല്ലാ പിന്തുണയും നൽകുമെന്നും ഫഡ്‌നാവിസ് വ്യക്തമാക്കി.
















































