തൊടുപുഴ: സംസ്ഥാനത്ത് കാട്ടാന ആക്രമണത്തിൽ ഒരാൾകൂടി കൊല്ലപ്പെട്ടു. ഇടുക്കി ചിന്നക്കനാൽ സൂര്യനെല്ലിയിൽ കാട്ടാന ആക്രമണത്തിൽ സിങ്ക് കണ്ടം സ്വദേശിനി മാരി(37)യാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന മകന് പരുക്കേറ്റു. കുട്ടിയെ സ്കൂളിൽ വിടാൻ പോകുമ്പോഴായിരുന്നു സംഭവം. പ്രദേശത്ത് കാട്ടാനയുണ്ടെന്ന് അറിയിച്ചിരുന്നതായി വനംവകുപ്പ് പറഞ്ഞു.
അതേസമയം സൂര്യനെല്ലിയിലെ ജനവാസ മേഖലയിൽ രണ്ട് കാട്ടാനകളാണ് തമ്പടിച്ചിരിക്കുന്നത്. കനത്ത മൂടൽമഞ്ഞ് കാരണം കാട്ടാനകളെ കാണാൻ മാരിക്ക് കഴിഞ്ഞിരുന്നില്ല. തുടർന്ന് കാട്ടാന യുവതിയെ ചവിട്ടി കൊലപ്പെടുത്തുകയായിരുന്നു. മേയ് 30നാണ് കർഷകനായ വൈശേരി സ്വദേശി പുല്ലാർക്കാട്ട് മോഹനൻ (65) കാട്ടാനയുടെ ആക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ടത്. കൃഷിയിടത്തിൽ കാട്ടാന വന്നതറിഞ്ഞു സഹോദരനും അയൽവാസിയായ യുവാവിനും ഒപ്പം ആനയെ തുരത്താൻ ശ്രമിക്കുന്നതിനിടെ ആനയുടെ ആക്രമണമുണ്ടായത്. ഗുരുതരമായി പരുക്കേറ്റ മോഹനനെ ചാലക്കുടി സെന്റ് ജയിംസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
















































