മനില: ഫിലിപ്പീൻസിൽ തിങ്കളാഴ്ച ഉണ്ടായ ശക്തമായ ഭൂചലനത്തെ തുടർന്ന് കെട്ടിടങ്ങൾ തകർന്നുവീഴുന്നതിന്റെ ഭയാനക ദൃശ്യങ്ങൾ പുറത്തുവന്നു. റിക്ടർ സ്കെയിലിൽ 8.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടതെന്ന് ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തു. ഭൂകമ്പത്തിന് പിന്നാലെ അധികൃതർ സുനാമി മുന്നറിയിപ്പ് പുറപ്പെടുവിക്കുകയും ദുരന്തസാധ്യതയുള്ള മേഖലകളിൽ നിന്ന് ജനങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിത്തുടങ്ങുകയും ചെയ്തു.
സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന ദൃശ്യങ്ങളിൽ ഭൂമി ശക്തമായി കുലുങ്ങുന്നതിനിടെ കെട്ടിടങ്ങൾ തകർന്നുവീഴുന്നതാണ് കാണുന്നത്. ഒരു സ്കൂളിന് പുറത്തുനിന്നുള്ള വീഡിയോയിൽ, മുൻകരുതൽ നടപടിയുടെ ഭാഗമായി വിദ്യാർഥികൾ തുറസ്സായ മൈതാനത്ത് നിൽക്കുന്നതിനിടെ സ്കൂൾ കെട്ടിടത്തിന്റെ ഭാഗങ്ങൾ തകർന്നുവീഴുന്നതും ദൃശ്യങ്ങളിലുണ്ട്.
ഫിലിപ്പീൻസിന്റെ തെക്കൻ ഭാഗത്തുള്ള മിന്ദനാവോയ്ക്ക് ദ്വീപിന് സമീപമാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് റിപ്പോർട്ടുകൾ പറയുന്നു. പ്രധാന ഭൂചലനത്തിന് മണിക്കൂറുകൾക്കുശേഷം 6.1 തീവ്രതയുള്ള തുടർചലനവും രേഖപ്പെടുത്തി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ അനുഭവപ്പെട്ട ശക്തമായ ഭൂകമ്പത്തിൽ വ്യാപക നാശനഷ്ടമുണ്ടായതായാണ് വിവരം.
ഭൂചലനത്തിൽ ഇതുവരെ ഒരാൾ മരിക്കുകയും നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി റിപ്പോർട്ടുകളുണ്ട്. പ്രാഥമിക വിലയിരുത്തലുകൾ പ്രകാരം കൂടുതൽ നാശനഷ്ടങ്ങൾക്കും അപകടകരമായ സുനാമി തിരമാലകൾക്കും സാധ്യതയുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
പസഫിക് സുനാമി മുന്നറിയിപ്പ് കേന്ദ്രത്തിന്റെ കണക്കുകൾ പ്രകാരം ഫിലിപ്പീൻസ് തീരങ്ങളിൽ മൂന്ന് മീറ്റർ വരെ ഉയരമുള്ള സുനാമി തിരമാലകൾ ഉണ്ടാകാൻ സാധ്യതയുണ്ട്. കൂടാതെ ഇന്തോനേഷ്യ, മലേഷ്യ എന്നീ രാജ്യങ്ങളുടെ തീരപ്രദേശങ്ങളിലും ഒരു മീറ്റർ വരെ ഉയരമുള്ള തിരമാലകൾക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്. മുൻകരുതൽ നടപടികളുടെ ഭാഗമായി തീരമേഖലകളിൽ നിന്ന് ആളുകളെ ഒഴിപ്പിക്കുകയും ആശുപത്രികളിലെയും സ്കൂളുകളിലെയും രോഗികളെയും വിദ്യാർഥികളെയും സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റുകയും ചെയ്തിട്ടുണ്ട്.
🇵🇭 Footage from Gensan and other parts of the Philippines getting hit by an earthquake just now
Tsunamis are reportedly already on their way
Source: GeoPolitics Watch, WarFront Witness / Writer Oliver https://t.co/ChV1JjdSD8 pic.twitter.com/ROlXZsMiE0
— Mario Nawfal (@MarioNawfal) June 8, 2026


















































