വാഷിങ്ടൺ: ഇറാനെതിരായ പ്രതികാര ആക്രമണങ്ങൾ താൽക്കാലികമായി നിർത്തിവെക്കണമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനോട് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആവശ്യപ്പെട്ടതായി റിപ്പോർട്ട്. ഇറാനെതിരായ സൈനിക നടപടി തുടരുന്നത് നിലവിൽ പുരോഗമിക്കുന്ന നയതന്ത്ര ശ്രമങ്ങളെ ബാധിക്കുമെന്ന ആശങ്ക ട്രംപ് ഫോണിലൂടെ നെതന്യാഹുവിനെ അറിയിച്ചതായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
മേഖലയിൽ സംഘർഷം കൂടുതൽ രൂക്ഷമാകുന്ന സാഹചര്യത്തിൽ സ്ഥിതി നിയന്ത്രണാതീതമാകാതിരിക്കാൻ ജാഗ്രത പാലിക്കണമെന്നും ട്രംപ് മുന്നറിയിപ്പ് നൽകിയതായാണ് വിവരം. ഇറാനുമായി നയതന്ത്ര ധാരണയിലെത്താൻ ഇപ്പോഴും സാധ്യതയുണ്ടെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവെച്ചതായി റിപ്പോർട്ടിൽ പറയുന്നു. ഇറാനിൽ നിന്നെത്തിയ മിസൈലുകളെ ഇസ്രയേലിന്റെ വ്യോമപ്രതിരോധ സംവിധാനം തടഞ്ഞതായി അവകാശപ്പെട്ടതിന് പിന്നാലെയാണ് ട്രംപിന്റെ ഫോൺ കോൾ ഉണ്ടായതെന്നും റിപ്പോർട്ടുകളുണ്ട്.
അതേസമയം, ടെഹ്റാനിൽ പുലർച്ചെ 4.43 മുതൽ 4.45 വരെയുള്ള സമയത്ത് ശക്തമായ സ്ഫോടന ശബ്ദങ്ങൾ കേട്ടതായി ഇറാന്റെ ഔദ്യോഗിക മാധ്യമമായ ഐആർഐബി റിപ്പോർട്ട് ചെയ്തു. ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിന് മറുപടിയായാണ് ഇസ്രയേൽ സൈന്യം വ്യോമാക്രമണം നടത്തിയതെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ.
നിലവിലെ സാഹചര്യത്തിൽ ഇറാഖ് തങ്ങളുടെ വ്യോമപാത 72 മണിക്കൂർ നേരത്തേക്ക് പൂർണ്ണമായി അടച്ചു.യു എസ് കേന്ദ്രങ്ങൾ ആക്രമിക്കപ്പെട്ടേക്കുമെന്ന സൂചനകളെത്തുടർന്ന് ജോർദാനിലെ അമേരിക്കൻ എംബസി തങ്ങളുടെ പൗരന്മാർക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.
ഇതിനിടെ, ഇറാനെതിരായ ഇസ്രയേൽ ആക്രമണത്തിന് പ്രതികാരമായി യെമനിലെ ഹൂതി വിമതർ ഇസ്രയേലിലേക്ക് മിസൈലുകൾ വിക്ഷേപിച്ചതായും റിപ്പോർട്ടുകളുണ്ട്. ഈ മിസൈലുകൾ ഇസ്രയേലിന്റെ വ്യോമപ്രതിരോധ സംവിധാനം തകർത്തതായാണ് അവകാശവാദം.
ഇറാനിലെ സൈനിക കേന്ദ്രങ്ങളെയാണ് ഇസ്രയേൽ ലക്ഷ്യമിട്ടത്. പശ്ചിമേഷ്യയിലെ സുരക്ഷാ സാഹചര്യം ഇതോടെ കൂടുതൽ സങ്കീർണമായിരിക്കുകയാണെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങളുടെ വിലയിരുത്തൽ. ടെഹ്റാൻ, തബ്രിസ്, ഇസ്ഫഹാൻ തുടങ്ങിയ നഗരങ്ങളിൽ ശക്തമായ സ്ഫോടനങ്ങൾ ഉണ്ടായതായി ഇറാനിയൻ മാധ്യമങ്ങൾ സ്ഥിരീകരിച്ചു. ടെഹ്റാനിൽ രണ്ട് വലിയ സ്ഫോടനങ്ങളും ഇസ്ഫഹാനിൽ മൂന്ന് സ്ഫോടനങ്ങളും റിപ്പോർട്ട് ചെയ്തതായി ഇർന വാർത്താ ഏജൻസി അറിയിച്ചു.
ഇറാനുമായി ഒരു ധാരണയിലെത്താൻ തങ്ങൾ അടുത്തിരിക്കുകയാണെന്നും ഇസ്രയേലിന് നേരെയുണ്ടായ ആക്രമണങ്ങൾക്ക് തിരിച്ചടി ഉണ്ടാകില്ലെന്നുമുള്ള ട്രംപിന്റെ പ്രസ്താവനയ്ക്ക് മണിക്കൂറുകൾക്കകം തന്നെയാണ് ഇസ്രയേൽ ആക്രമണം നടന്നത്.
‘ഇറാനെ ചാരമാക്കും’; ഇസ്രയേലിന്റെ വൻ തിരിച്ചടി; ശക്തമായ വ്യോമാക്രമണം


















































