സൂറത്ത്: ഭാര്യയുടെ പീഡനം സഹിക്കാനാവുന്നില്ലെന്നും ദയാവധം അനുവദിക്കണമെന്നുമുള്ള ആവശ്യവുമായി യുവാവ്. ഗുജറാത്തിലെ സൂറത്ത് സ്വദേശിയായ കിരിത് പട്ടേൽ ജില്ലാ കളക്ടർക്കാണ് പരാതി നൽകിയത്. കാലങ്ങളേറെയായുള്ള നിയമപോരാട്ടവും മാനസിക സമ്മർദവും കാരണം തനിക്ക് മുന്നിൽ മറ്റ് മാർഗങ്ങളില്ലെന്ന് പരാതിയിൽ പറയുന്നു.
ഗാർഹിക തർക്കങ്ങളുടെ പശ്ചാത്തലത്തിൽ ഭാര്യ സ്ത്രീസുരക്ഷാ നിയമങ്ങൾ ദുരുപയോഗം ചെയ്യുകയാണെന്നാണ് കിരിത് പട്ടേലിന്റെ ആരോപണം. മനഃപൂർവം വഴക്കുണ്ടാക്കി പിന്നീട് പൊലീസിനെയോ വനിതാ ഹെൽപ്പ് ലൈനിനെയോ സമീപിച്ച് തനിക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നുവെന്നാണ് പരാതിയിൽ പറയുന്നത്.
തന്റെ ആദ്യ വിവാഹത്തിലെ മകനെ ഭാര്യ ഉപദ്രവിക്കാൻ ശ്രമിച്ചെന്നും ഇക്കാര്യം ചൂണ്ടിക്കാട്ടി പൊലീസിനെ സമീപിച്ചെങ്കിലും കേസ് രജിസ്റ്റർ ചെയ്തില്ലെന്നും യുവാവ് ആരോപിച്ചു. ഇരുവരുടെയും മൂന്നാമത്തെ വിവാഹമാണിത്. 2024 നവംബർ 14-നാണ് വിവാഹം നടന്നത്.
വിവാഹത്തിന് ശേഷം ഭാര്യയും ഭാര്യാമാതാവും മറ്റ് ബന്ധുക്കളും ചേർന്ന് പണത്തിനായി നിരന്തരം സമ്മർദം ചെലുത്തുകയാണെന്നും കിരിത് പട്ടേൽ പരാതിയിൽ പറയുന്നു. വിവാഹമോചനത്തിന് പകരം നിയമനടപടികളും സാമ്പത്തിക ആവശ്യങ്ങളും ഉന്നയിച്ച് തന്നെ വേട്ടയാടുകയാണെന്നാണ് അദ്ദേഹത്തിന്റെ ആരോപണം.
കുടുംബ തർക്കങ്ങളുമായി ബന്ധപ്പെട്ട കേസുകളിൽ പുരുഷന്മാർക്ക് മതിയായ നിയമപരിരക്ഷ ലഭിക്കുന്നില്ലെന്നും ദയാവധത്തിനായുള്ള അപേക്ഷയിൽ കിരിത് പട്ടേൽ ചൂണ്ടിക്കാട്ടുന്നു. പരാതിയിൽ പരിഹാരം ഉണ്ടായില്ലെങ്കിൽ കടുത്ത താൻ കടുത്ത തീരുമാനത്തിലേയ്ക്ക് നീങ്ങുമെന്ന മുന്നറിയിപ്പും യുവാവ് നൽകിയിട്ടുണ്ട്.



















































