കൊച്ചി: പരസ്യ ചിത്രീകരണത്തിനെത്തിയ മോഡൽ പെരുമ്പാവൂരിൽ പാറമടയിലെ വെള്ളക്കെട്ടിൽ മുങ്ങി മരിച്ചു. പെരുമ്പാവൂർ കുറുപ്പുംപടിക്ക് സമീപം മുടക്കുഴ പഞ്ചായത്തിലെ പെട്ടിമല പാറമടയിലാണ് അപകടമുണ്ടായത്. പരസ്യ ചിത്രീകരണത്തിനായി ലൊക്കേഷൻ നോക്കാൻ എത്തിയ സംഘത്തിലെ ഡൽഹി അംബേദ്കർ നഗർ സ്വദേശിയായ ദിവ്യാൻഷു ജോഷി (26) ആണ് മരിച്ചത്.
പാറമടയിലെ വെള്ളത്തിൽ ഇറങ്ങുന്നതിനിടയിൽ കാൽവഴുതി താഴ്ന്നു പോകുകയായിരുന്നു. ഡല്‍ഹി ആസ്ഥാനമായ ഒരു വസ്ത്രനിർമാണ കമ്പനിക്കു വേണ്ടിയുള്ള പരസ്യ ചിത്രീകരണത്തിനാണ് ഡൽഹിയിൽ നിന്നുള്ള നാലംഗ സംഘം കേരളത്തിലെത്തിയത്. ചാലക്കുടയിലെ ഒരു ഏജൻസിക്കായിരുന്നു ചിത്രീകരണത്തിന്റെ ചുമതല.
ഇന്ന് അവധിയായതിനാല്‍ നാളെ ഷൂട്ടിങ്ങിനുള്ള അനുമതി പഞ്ചായത്തിൽ നിന്ന് വാങ്ങാനിരിക്കുകയായിരുന്നു സംഘമെന്ന് കോടനാട് പൊലീസ് വ്യക്തമാക്കി. അതിനു മുമ്പ് ലൊക്കേഷൻ കാണാനായാണു സംഘത്തിലെ ഏതാനും പേർ ഇവിടെ എത്തിയത്. ദിവ്യാൻഷു വെള്ളത്തിലേക്ക് ഇറങ്ങി. കൂടെയുണ്ടായിരുന്ന ആൾ വിഡിയോ ചിത്രീകരിക്കാൻ ശ്രമിക്കുന്നതിനിടെ ദിവ്യാൻഷു ആഴത്തിലേക്ക് മുങ്ങിപ്പോവുകയായിരുന്നു. കൂടെയുണ്ടായിരുന്നവർ വിവരമറിയിച്ചതിനെ തുടർന്ന് ഫയർഫോഴ്സ് ഉടൻ തന്നെ സ്ഥലത്തെത്തി തിരച്ചിൽ ആരംഭിച്ചു. നൂറിലധികം അടി താഴ്ചയുള്ളതും പല തട്ടുകളായി കിടക്കുന്നതുമായ അപകടം നിറഞ്ഞ പാറമടയിൽ പാതാളക്കരണ്ടി ഉപയോഗിച്ച് നടത്തിയ തിരച്ചിലിനൊടുവിൽ ഏകദേശം 30 അടി താഴ്ചയിൽ നിന്നാണ് യുവാവിനെ കണ്ടെത്തിയത്. ഉടൻ തന്നെ പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തുടർനടപടികൾക്കായി മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്.
















































