തിരുവനനന്തപുരം: മുൻ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെയും മരുമകനും മുൻ മന്ത്രിയുമായ മുഹമ്മദ് റിയാസിന്റെയും വീടുകളിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തുന്നു. എക്‌സാലോജിക് -സി.എം.ആർ.എൽ. ഇടപാടുമായി ബന്ധപ്പെട്ടാണ് റെയ്‌ഡെന്നാണ് വിവരം. സിഎംആർഎല്ലുമായി ബന്ധപ്പെട്ട 12 ഇടങ്ങളിൽ റെയ്ഡ് നടത്തുന്നുണ്ട്. സിഎംആർഎൽ എംഡി ശശിധരൻ കർത്തയുടെ വീട്ടിലടക്കം ഇഡി സംഘം റെയ്ഡ് നടത്തി വരികയാണ്. പിണറായിയുടെ തിരുവനന്തപുരത്തുള്ള വാടക വീട്ടിലാണ് ഇഡി പരിശോധന നടത്തുന്നത്. പിണറായി വിജയനും മകൾ വീണാ വിജയനുൾപ്പടെയുള്ളവരും ഇവിടെയുണ്ടെന്നാണ് സൂചന.
പിണറായിയുടെ കണ്ണൂരിലെ വീട്ടിലും ഇഡി സംഘം എത്തിയിട്ടുണ്ട്. ഇവിടുത്തെ വീട് പൂട്ടിയിട്ട നിലയിലാണ്. ഉദ്യോഗസ്ഥർ വീടിന് പുറത്താണുള്ളത്. റിയാസിന്റെ കോഴിക്കോട് കോട്ടൂളിയിലെ വസതിയിലാണ് റെയ്ഡ്.എക്‌സാലോജിക്-സി.എം.ആർ.എൽ. ഇടപാടുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരമുള്ള (പി.എം.എൽ.എ.) കേസിൽ ഇ.ഡി.യുടെ അന്വേഷണവും സമൻസുമെല്ലാം സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു.
ഇതിന് പിന്നാലെയാണ് റെയ്ഡ്. ബെംഗളൂരുവിലെ എക്‌സാലോജിക് ഓഫീസ്, ആലുവയിലെ സിഎംആർഎൽ ഓഫീസ്, കന്പനിയുടെ ഉന്നത ഉദ്യോഗസ്ഥരുടെ വീടുകൾ എന്നിവ കേന്ദ്രീകരിച്ചും റെയ്ഡുണ്ട്. കൈക്കൂലി, കള്ളപ്പണം വെളുപ്പിക്കൽ എന്നിവ സംബന്ധിച്ച സിഎംആർഎല്ലിനെതിരായ ആരോപണങ്ങളാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കുന്നത്.


















































