അഹമ്മദാബാദ്: ഗുജറാത്തില്‍ ഭാര്യയെ ഭർത്താവ് പണം വാങ്ങി മനുഷ്യക്കടത്ത് സംഘത്തിനു വിറ്റു. കാണാതായ സ്ത്രീയെ കണ്ടെത്താൻ നടത്തിയ സാധാരണ അന്വേഷണമാണ് ക്രൂരത പുറത്തുകൊണ്ടുവന്നത്. . ഗണേശ്പുര നിവാസിയായ നികേഷ് പട്ടേൽ എന്നയാളാണ് ക്രൂരതയുടെ സൂത്രധാരൻ. ഭാര്യയോടുള്ള കടുത്ത വിദ്വേഷം കാരണം വെറും 50,000 രൂപയ്ക്കാണ് ഇയാൾ ഭാര്യയെ ലേലം ചെയ്തത്. മേയ് 19നാണ് നികേഷ് പട്ടേൽ തന്റെ ഭാര്യയെ ദുരൂഹ സാഹചര്യത്തിൽ കാണാനില്ലെന്ന് കാണിച്ച് പാലൻപൂർ വെസ്റ്റ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകുന്നത്. പൊലീസിന്റെ സംശയത്തിൽ നിന്ന് രക്ഷപ്പെടാനും അന്വേഷണം വഴിതിരിച്ചുവിടാനുമായിരുന്നു സങ്കടത്തിലായ ഭർത്താവെന്ന രീതിയിലുള്ള ഇയാളുടെ നാടകം.
ഡപ്യൂട്ടി സൂപ്രണ്ട് ഓഫ് പൊലീസ് ഡോ. ജിഗ്നേഷ് ഗാമിത്തിന്റെ നേരിട്ടുള്ള മേൽനോട്ടത്തിൽ കേസ് അന്വേഷിച്ച പൊലീസ്, നികേഷിന്റെ മൊഴികളിലെ വൈരുധ്യങ്ങൾ കണ്ടെത്തുകയായിരുന്നു. തുടർന്ന് നടത്തിയ വിശദമായ ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചു. ഭാര്യയോടുള്ള ഇഷ്ടക്കേട് കാരണം സുഹൃത്തുക്കളുമായി ചേർന്ന് പണം വാങ്ങി അവളെ ഒഴിവാക്കാൻ പദ്ധതിയിടുകയായിരുന്നുവെന്ന് ഇയാൾ വെളിപ്പെടുത്തി. പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പാലൻപൂർ വെസ്റ്റ് പൊലീസ് നടത്തിയ മിന്നൽ പരിശോധനയിൽ യുവതിയെ രഹസ്യ താവളത്തിൽ നിന്ന് കണ്ടെത്തി രക്ഷപ്പെടുത്തി. രക്ഷപ്പെടുത്തിയ ശേഷമാണ് താൻ അനുഭവിച്ച ക്രൂര പീഡനങ്ങളെക്കുറിച്ച് യുവതി പൊലീസിനോട് വിവരിച്ചത്.
തടങ്കലിൽ പാർപ്പിച്ചിരുന്ന സമയത്ത് മനുഷ്യക്കടത്ത് സംഘം തന്നെ ക്രൂരമായ ലൈംഗിക പീഡനത്തിനും കൂട്ടബലാത്സംഗത്തിനും ഇരയാക്കിയതായി യുവതി പറഞ്ഞു. കൂടാതെ, തന്റെ ശരീരത്തിലുണ്ടായിരുന്ന സ്വർണാഭരണങ്ങളെല്ലാം അവർ ബലമായി കവർന്നു വിറ്റതായും യുവതി മൊഴി നൽകി. യാത്ര പോകാമെന്ന് വ്യാജേന വിശ്വസിപ്പിച്ചാണ് നികേഷ് പട്ടേലും സുഹൃത്തുക്കളായ സഞ്ജയ് ഠാക്കൂർ, അശോക് ഠാക്കൂർ, സച്ചിൻ ദർബാർ എന്നിവരും ചേർന്ന് യുവതിയെ വിജനമായ സ്ഥലത്ത് എത്തിച്ചതും പിന്നീട് മനുഷ്യക്കടത്ത് സംഘത്തിനു കൈമാറിയതും. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ മനുഷ്യക്കടത്ത്, കൂട്ടബലാത്സംഗം, കവർച്ച, ക്രിമിനൽ ഗൂഢാലോചന തുടങ്ങിയ വകുപ്പുകൾ ചുമത്തി പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ഭർത്താവ് നികേഷ് പട്ടേൽ, സഞ്ജയ് ഠാക്കൂർ, അശോക് ഠാക്കൂർ, സച്ചിൻ ദർബാർ എന്നിവരുൾപ്പെടെ ആകെ ഏഴ് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു.
















































