വാഷിംഗ്ടൺ: അമേരിക്കൻ രാഷ്ട്രീയ-മാധ്യമ രംഗത്തെ ഏറ്റവും ശ്രദ്ധേയമായ വാർഷിക ചടങ്ങായ വൈറ്റ് ഹൗസ് കറസ്‌പോണ്ടൻ്റ്‌സ് അസോസിയേഷൻ ഡിന്നർ നടക്കുന്നതിനിടെ വൻ സുരക്ഷാ വീഴ്ച. വാഷിംഗ്ടൺ ഹിൽട്ടൺ ഹോട്ടലിന് പുറത്തുവെച്ച് വെടിവെപ്പ് നടത്താൻ ശ്രമിച്ച യുവാവിനെ സുരക്ഷാസേന പിടികൂടിയിരുന്നു. അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് ഉന്നത ഉദ്യോഗസ്ഥരും മാധ്യമ പ്രവർത്തകരും സന്നിഹിതരായിരുന്ന ചടങ്ങിൽ ഏകദേശം 2,500 അതിഥികൾ പങ്കെടുത്തിരുന്നു.
സംഭവത്തിൽ കാലിഫോർണിയയിലെ ടോറൻസ് സ്വദേശിയായ 31-കാരൻ കോൾ തോമസ് അലൻ ആണ് പ്രതി. നിരവധി ആയുധങ്ങളുമായി ഹോട്ടലിനുള്ളിലേക്ക് കടന്ന ഇയാളെ സുരക്ഷാ പരിശോധനയ്ക്കിടെ സംശയം തോന്നിയതിനെ തുടർന്ന് തടയുകയായിരുന്നു. തുടർന്ന് ഹോട്ടലിന് പുറത്ത് വെടിവെപ്പ് ശ്രമം നടത്തിയെങ്കിലും സുരക്ഷാസേന ഉടൻ ഇടപെട്ടതോടെ വലിയ ദുരന്തം ഒഴിവായി.
പിന്നാലെ ഇയാളെ സ്ഥലത്തുവെച്ച് കസ്റ്റഡിയിലെടുത്തു. സംഭവത്തിന് തൊട്ടുമുമ്പ്, ഏകദേശം പത്ത് മിനിറ്റ് മുമ്പ്, പ്രതി തൻ്റെ കുടുംബാംഗങ്ങൾക്ക് ഒരു വിശദമായ ‘മാനിഫെസ്റ്റോ’ അയച്ചിരുന്നു. ഈ രേഖയാണ് അന്വേഷണത്തിന് നിർണാകമായി മാറിയത്. ബന്ധുക്കളിൽ ഒരാൾ അത് പോലീസിന് കൈമാറിയതോടെ സുരക്ഷാ ഏജൻസികൾക്ക് മുൻകരുതൽ നടപടികൾ എടുക്കാൻ സാധിച്ചു. ‘ഓൾഡ് ഫോഴ്‌സ്’, ‘ഫ്രണ്ട്‌ലി ഫെഡറൽ അസ്സാസിൻ’ തുടങ്ങിയ പേരുകളിൽ ഇയാൾ രേഖയിൽ ഒപ്പുവെച്ചത്.
മാനിഫെസ്റ്റോയിൽ ട്രംപ് ഭരണകൂടത്തിലെ ഉന്നത ഉദ്യോഗസ്ഥരെ ലക്ഷ്യമാക്കിയുള്ള ആക്രമണ പദ്ധതി അദ്ദേഹം വിശദീകരിക്കുന്നു. സ്ഥാനമനുസരിച്ച് ലക്ഷ്യങ്ങളെ ക്രമീകരിച്ചതായും രേഖയിൽ പറയുന്നു. എന്നാൽ എഫ്‌ബിഐ ഡയറക്ടർ കാഷ് പട്ടേലിൻ്റെ പട്ടികയിൽ നിന്ന് ഒഴിവാക്കിയതും ശ്രദ്ധേയമാണ്. ചടങ്ങിൽ പങ്കെടുത്തവരിൽ പലരും കുറ്റങ്ങളിൽ പങ്കാളികളാണ്എന്ന നിലപാടാണ് ഇയാൾ രേഖയിൽ പ്രകടിപ്പിക്കുന്നത്.
മാത്രമല്ല തൻ്റെ നടപടിയെ ആക്രമണം എന്ന് കാണാതെ, മറ്റുള്ളവർക്കുണ്ടാകുന്ന അനീതിക്കെതിരായ പ്രതികരണമാണെന്ന് പ്രതി അവകാശപ്പെട്ടു. മറ്റൊരാളുടെ പീഡനത്തെ കണ്ട് മിണ്ടാതിരിക്കുക അത് അംഗീകരിക്കുന്നതുപോലെയാണ് എന്ന നിലപാട് രേഖയിൽ ആവർത്തിക്കുന്നു. കൂടാതെ ക്രിസ്തീയ തത്വങ്ങളെ ഉദ്ധരിച്ചും തൻ്റെ നിലപാട് ന്യായീകരിക്കാൻ അദ്ദേഹം ശ്രമിച്ചിട്ടുണ്ട്.
വെടിവെപ്പിനായി ‘ബാക്ക്ഷോട്ട്’ ഉപയോഗിക്കാനാണ് തീരുമാനിച്ചതെന്ന് ഇയാൾ വ്യക്തമാക്കുന്നു. ഇതിലൂടെ മതിലുകൾ തുളച്ചുകയറാനുള്ള സാധ്യത കുറവായതിനാൽ കൂടുതൽ ആളുകൾക്ക് അപകടം കുറയ്ക്കാമെന്നാണ് അവൻ്റെ വാദം. എന്നാൽ ആവശ്യമായാൽ ലക്ഷ്യത്തിലെത്താൻ മറ്റ് ആളുകളെ വെടിവെക്കാനും തയ്യാറാണെന്നതും രേഖയിൽ സമ്മതിക്കുന്നു.
സുരക്ഷാ സംവിധാനങ്ങളെ കുറിച്ചും ഇയാൾ കടുത്ത വിമർശനം ഉന്നയിച്ചിട്ടുണ്ട്. മുൻദിവസം ഹോട്ടലിൽ ചെക്ക്-ഇൻ ചെയ്തവരെ പരിശോധനയ്ക്ക് വിധേയരാക്കുന്നതിൽ വീഴ്ചയുണ്ടെന്നും, പ്രതിഷേധക്കാരെയും അന്നെത്തുന്ന അതിഥികളെയും മാത്രമാണ് സുരക്ഷാസേന ശ്രദ്ധിച്ചതെന്നും ഇയാൾ രേഖപ്പെടുത്തി. താൻ ആയുധങ്ങളുമായി ഹോട്ടലിനുള്ളിലേക്ക് കടന്നിട്ടും ആരും സംശയിക്കാത്തത് സുരക്ഷാ വീഴ്ചയാണെന്നും ഇയാൾ ആരോപിച്ചു.
അതേസമയം സംഭവത്തിൽ നിർണ്ണായകമായ വഴിത്തിരിവായത് പ്രതിയുടെ സഹോദരൻ നൽകിയ വിവരമാണ്. ആക്രമണത്തിനു പത്തുമിനിറ്റ് ഇയാളുടെ മാനിഫെസ്റ്റോ ലഭിച്ചതിനെ തുടർന്ന് സഹോദരൻ കണക്കിലെടുത്ത് ന്യൂ ലണ്ടൻ പോലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ടു. തുടർന്ന് സുരക്ഷാ ഏജൻസികൾ അതിവേഗം ഇടപെട്ടു. പ്രതിയുടെ സഹോദരി അന്വേഷണ സംഘത്തോട് പറഞ്ഞത് പ്രകാരം, ഇയാൾക്ക് മുമ്പ് തന്നെ അതീവ രാഷ്ട്രീയാഭിപ്രായങ്ങൾ ഉണ്ടായിരുന്നുവെന്നും ലോകത്തിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ “എന്തെങ്കിലും ചെയ്യണം” എന്ന നിലപാട് പ്രകടിപ്പിച്ചിരുന്നു എന്ന് പറയുന്നു. സംഭവത്തെ തുടർന്ന് വൻ സുരക്ഷാ വീഴ്ച ഉണ്ടായോ എന്ന് അന്വേഷിക്കും. ഉയർന്ന സുരക്ഷയുള്ള ചടങ്ങുകളിൽ ഇത്തരം ഭീഷണികൾ ഉയരുന്നത് ആശങ്കയുണ്ടാക്കുന്നതായി വിദഗ്ധർ വിലയിരുത്തുന്നു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് അറിയിച്ചു.

















































