തിരുവനന്തപുരം: കോൺഗ്രസ് നേതാക്കളുടെ മുഖ്യമന്ത്രി ചർച്ച തർക്കങ്ങളിൽ പ്രതികരിച്ച് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. തിരഞ്ഞെടുപ്പ് ഫലം വരുന്നതിനുമുൻപേ കോൺഗ്രസിൽ മുഖ്യമന്ത്രി സ്ഥാനത്തിനായി കൂട്ടയടിയാണ് നടക്കുന്നത്. ഇപ്പോൾ ഇതാണ് അവസ്ഥയെങ്കിൽ ഫലം വന്നശേഷം ഇത് മാരത്തോൺ അടിയായി മാറുമെന്നും അദ്ദേഹം പരിഹസിച്ചു.
മുഖ്യമന്ത്രി സ്ഥാനത്തിനായി ഓരോ നേതാക്കളും സ്വന്തം ഇഷ്ടപ്രകാരം ഡൽഹിക്ക് വണ്ടികയറുകയാണ്. ശേഷം ഹൈക്കമാൻഡിനെ കാണാൻ പോയെന്ന് അവകാശപ്പെടും. എന്നാൽ കോൺഗ്രസ് അധ്യക്ഷനെയോ, സോണിയ ഗാന്ധിയെയോ കാണാൻപോലും ഇവർക്ക് സാധിക്കുന്നില്ല. വൻ തുക ചെലവഴിച്ച് ഡൽഹിയിൽ പോയി കേരള ഹൗസിൽ കിടന്ന് കൂർക്കം വലിച്ചുറങ്ങുകയാണ് കോൺഗ്രസ് നേതാക്കൾ ചെയ്യുന്നതെന്ന് അദ്ദേഹം പരിഹസിച്ചു.
അതുപോലെ വയനാട് ടൗൺഷിപ്പിലെ വീടുകളിൽ വിള്ളൽ കണ്ടെത്തിയെന്ന വാർത്തകൾ പച്ചക്കള്ളമാണെന്നും ഇത്തരം പ്രചാരണങ്ങൾ അടിസ്ഥാനരഹിതമാണെന്നും ശിവൻകുട്ടി വ്യക്തമാക്കി. ഗുണനിലവാരം നൂറ് ശതമാനം ഉറപ്പാക്കാതെ ഒരു വീട് പോലും ദുരന്തബാധിതർക്ക് നൽകില്ലെന്ന് അദ്ദേഹം പറഞ്ഞു. ഒരു വീട് പോലും നിർമ്മിച്ചു നൽകാതെ സർക്കാർ നിർമ്മിച്ച വീടുകളിലെ ചോർച്ച നോക്കാൻ പോകുന്ന കോൺഗ്രസുകാർക്ക് നാണമില്ലേയെന്നും മന്ത്രി ചോദിച്ചു.
ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി ജനങ്ങളിൽനിന്ന് പിരിച്ച പണം എവിടെയാണെന്ന് കോൺഗ്രസ് നേതാക്കൾ വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പിരിച്ച തുകയെക്കുറിച്ച് കോൺഗ്രസ് പറയുന്ന കണക്കുകൾ വിശ്വസിക്കാൻ കൊള്ളാത്തതാണെന്നും മന്ത്രി പറഞ്ഞു.












































