കൊച്ചി: ബസപകടത്തിൽ വസ്ത്രം കീറിയ സ്ത്രീയുടെ മാന്യത സംരക്ഷിക്കാൻ സ്വന്തം ഉടുമുണ്ട് അഴിച്ചുനൽകി മാതൃകയായ ചായക്കട തൊഴിലാളി ഷാജിക്ക് എംസിആർ ടെക്സ്റ്റൈൽസ് ഒരു ലക്ഷം രൂപയുടെ സ്നേഹോപഹാരം നൽകി. എംസിആർ ടെക്സ്റ്റൈൽസ് ചെയർമാൻ എം.സി. റോബിൻ നേരിട്ടെത്തിയാണ് ഷാജിക്ക് സമ്മാനത്തുക കൈമാറിയത്.
അപകടത്തെത്തുടർന്ന് പ്രയാസകരമായ സാഹചര്യത്തിൽപ്പെട്ട സ്ത്രീയെ സഹായിക്കാൻ ഷാജി കാട്ടിയ മനുഷ്യത്വപരമായ ഇടപെടൽ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി ശ്രദ്ധിക്കപ്പെട്ടിരുന്നു. സ്ത്രീയുടെ മാന്യത സംരക്ഷിക്കാൻ അദ്ദേഹം സ്വീകരിച്ച നടപടി നിരവധി പേരുടെ പ്രശംസ പിടിച്ചുപറ്റുകയും ചെയ്തു.
മനുഷ്യത്വവും സാമൂഹിക ഉത്തരവാദിത്തബോധവും ഉയർത്തിക്കാട്ടിയ ഷാജിയുടെ പ്രവർത്തനത്തെ ആദരിക്കാനാണ് സമ്മാനം നൽകുന്നതെന്ന് എം.സി. റോബിൻ പറഞ്ഞു. പ്രതിസന്ധി ഘട്ടങ്ങളിൽ മറ്റുള്ളവരെ സഹായിക്കാനും അവരുടെ അന്തസ്സും സുരക്ഷയും സംരക്ഷിക്കാനും സമൂഹത്തിന് പ്രചോദനമാകുന്ന സന്ദേശമാണ് ഷാജി നൽകിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംഭവത്തിന് പിന്നാലെ സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ മേഖലകളിൽ നിന്നുൾപ്പെടെ നിരവധി പേരാണ് ഷാജിയെ അഭിനന്ദിച്ച് രംഗത്തെത്തിയത്. മനുഷ്യസ്‌നേഹത്തിന്റെയും കരുണയുടെയും മൂല്യം ഓർമ്മിപ്പിച്ച ഷാജിയുടെ പ്രവർത്തനം കൂടുതൽ പേർക്ക് മാതൃകയാകുമെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ.














































