ടെഹ്റാൻ: പശ്ചിമേഷ്യയിലെ യുദ്ധം അവസാനിപ്പിക്കാനുള്ള സമാധാന ചർച്ചകൾ പുനരാരംഭിക്കാൻ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന് മുന്നിൽ ഇറാൻ രണ്ട് പ്രധാന ഉപാധികൾ മുന്നോട്ടുവച്ചതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പാകിസ്ഥാൻ മധ്യസ്ഥത വഹിക്കുന്ന ചർച്ചകളുടെ രണ്ടാം ഘട്ടം തുടങ്ങുന്നതിന് മുമ്പ് ഹോർമുസ് കടലിടുക്ക് തുറക്കണമെന്നതാണ് ഇറാന്റെ ആദ്യ ഉപാധി. നിലവിൽ അമേരിക്ക ഏർപ്പെടുത്തിയിരിക്കുന്ന ഉപരോധങ്ങൾ പിൻവലിച്ച് പൂർണമായ രീതിയിൽ ഹോർമുസ് തുറക്കാത്ത പക്ഷം ചർച്ചകളിലേക്ക് കടക്കില്ലെന്ന നിലപാട് ഇറാൻ പാകിസ്ഥാനെ അറിയിച്ചതായാണ് വിവരം.
ചർച്ചകളിലേക്ക് എത്തുന്ന അമേരിക്കൻ പ്രതിനിധി സംഘത്തിന് നിർണായക തീരുമാനങ്ങൾ എടുക്കാനുള്ള പൂർണ അധികാരം നൽകണമെന്നതാണ് രണ്ടാമത്തെ ഉപാധി. മുൻപ് ഇസ്ലാമാബാദിൽ നടന്ന ആദ്യഘട്ട ചർച്ച പരാജയപ്പെട്ടതിന് കാരണം അമേരിക്കൻ സംഘത്തിന് തീരുമാനാധികാരം ഇല്ലാത്തതാണെന്ന് ഇറാൻ വിമർശിച്ചിരുന്നു. അന്ന് അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് ആയിരുന്നു സംഘത്തെ നയിച്ചത്.
ഇതിനിടെ ഇറാൻ–അമേരിക്ക സമാധാന ചർച്ചകൾ പുനരാരംഭിക്കാൻ ശ്രമങ്ങളും സമ്മർദവും ശക്തമാകുകയാണ്. ഇറാൻ സന്ദർശിച്ച പാകിസ്ഥാൻ സൈനിക മേധാവി അസീം മുനീർ ഉടൻ വാഷിങ്ടണിലെത്തുമെന്നാണ് സൂചന. തുടർ ആക്രമണങ്ങൾ ഉണ്ടാകില്ലെന്ന ഉറപ്പ് ലഭിച്ചാൽ ഹോർമുസ് മേഖലയിൽ, പ്രത്യേകിച്ച് ഒമാൻ തീരത്തോട് ചേർന്ന് കപ്പൽഗതാഗതത്തിന് ഇളവ് നൽകാമെന്ന നിർദ്ദേശം ഇറാൻ മുന്നോട്ടുവച്ചതായും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ പറയുന്നു.
പശ്ചിമേഷ്യയിൽ സമാധാനവും സുരക്ഷയും ഉറപ്പാക്കുന്നതിൽ ഇറാൻ പ്രതിജ്ഞാബദ്ധമാണെന്ന് രാജ്യത്തിന്റെ വിദേശകാര്യ മന്ത്രി വ്യക്തമാക്കി. അടുത്ത ചർച്ചയ്ക്ക് മുൻപ് ഇനിയും വിവാദമായി തുടരുന്ന വിഷയങ്ങളിൽ കുറഞ്ഞത് ധാരണയുടെ സാധ്യതകൾ കണ്ടെത്താൻ ശ്രമങ്ങൾ നടക്കുകയാണ്. അസീം മുനീറിന്റെ സന്ദർശനവും ഇതേ ലക്ഷ്യത്തോടെയാണ്.
ഇറാന്റെ നിലപാട് വ്യക്തമായ ശേഷം അദ്ദേഹം വാഷിങ്ടണിലേക്ക് പോകുമെന്നാണ് വിവരം. അതിന് ശേഷമായിരിക്കും ഇരു രാജ്യങ്ങളും വീണ്ടും ചർച്ചകൾക്കെത്തുക. ഇറാനെതിരെ ഇനി ആക്രമണങ്ങളുണ്ടാകില്ലെന്ന സുരക്ഷാ ഉറപ്പ് ലഭിച്ചാൽ ഹോർമുസ് വിഷയത്തിൽ ഇറാൻ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാമെന്ന സൂചനയും ലഭിക്കുന്നു. ഒമാൻ തീരത്തിന് സമീപം ഹോർമുസ് വഴി കപ്പൽഗതാഗതം അനുവദിക്കാനുള്ള ഒരു ധാരണ രൂപപ്പെടുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.
ഹോർമുസ് കടലിടുക്കിലൂടെ സുഗമമായ നാവിക ഗതാഗതം ഉറപ്പാക്കണമെന്ന് ചൈനയും അഭിപ്രായപ്പെട്ടിട്ടുണ്ട്. ഇറാനെതിരായ ഉപരോധങ്ങൾ ആഗോള വിപണിയിൽ സമ്മർദം സൃഷ്ടിച്ച സാഹചര്യത്തിൽ, ഇറാനും റഷ്യയും നിന്നുള്ള എണ്ണ വാങ്ങുന്നതുമായി ബന്ധപ്പെട്ട അനുമതി നീട്ടില്ലെന്ന സൂചന നൽകി ഇന്ത്യയ്ക്കുമേൽ അമേരിക്ക കൂടുതൽ സമ്മർദം ചെലുത്തുന്നുവെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.














































