മുംബൈ: 2026 മാർച്ച് മാസത്തെ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റെ (ഐസിസി) മികച്ച താരത്തിനുളള പുരസ്കാരം മലയാളി താരം സഞ്ജു സാംസണ്. പുരസ്കാരം നേടുന്ന ആദ്യ മലയാളിയാണ് സഞ്ജു. ഈ വർഷത്തെ ട്വന്റി 20 ലോകകപ്പിലെ മിന്നും പ്രകടനമാണ് സഞ്ജുവിനെ പുരസ്കാരത്തിന് അർഹനാക്കിയത്. ഇതാദ്യമായാണ് സഞ്ജുവിന് ഐസിസി പുരസ്കാരം ലഭിക്കുന്നത്.
സഞ്ജുവിനെ കൂടാതെ ജസ്പ്രിത് ബുംറയായിരുന്നു ചുരുക്കപ്പട്ടികയിൽ ഉണ്ടായിരുന്ന മറ്റൊരു ഇന്ത്യൻ താരം. എന്നാൽ ബുംറയെ മറികടന്നാണ് സഞ്ജു പുരസ്കാരനേട്ടം സ്വന്തമാക്കിയത്. ന്യൂസീലൻഡ് ഓൾ റൗണ്ടർ മെലി കെർ വനിതാ വിഭാഗത്തിൽ പുരസ്കാരം നേടി. ട്വന്റി 20 ലോകകപ്പിൽ പ്ലെയർ ഓഫ് ദ ടൂർണമെന്റായിരുന്നു സഞ്ജു സാംസൺ.
നിർണായകഘട്ടത്തിൽ സഞ്ജുവിന്റെ വെടിക്കെട്ട് ബാറ്റിങ് ആയിരുന്നു ഇന്ത്യൻ ടീമിനെ കിരീട നേട്ടത്തിലെത്തിച്ചത്. ലോകകപ്പിൽ വെസ്റ്റ് ഇൻഡീസിനെതിരേ പുറത്താകാതെ 97 റൺസ്, ഇംഗ്ലണ്ടിനെതിരേ സെമി ഫൈനലിൽ 89 റൺസ്, ന്യൂസീലൻഡിനെതിരേ ഫൈനലിൽ 89 റൺസും സഞ്ജു നേടിയിരുന്നു.

















































