പട്‌ന: ബീഹാർ രാഷ്ട്രീയത്തിൽ നിർണായക മാറ്റത്തിന് വഴിവെച്ച് മുഖ്യമന്ത്രി നിതീഷ് കുമാർ രാജിവെച്ചു. രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തതിനെ തുടർന്ന് മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞ അദ്ദേഹം, ചൊവ്വാഴ്ച നടന്ന അവസാന മന്ത്രിസഭാ യോഗത്തിന് ശേഷം ലോക്ഭവനിലെത്തി ഗവർണർക്ക് രാജിക്കത്ത് സമർപ്പിച്ചു. പുതിയ സർക്കാരിന് പൂർണ പിന്തുണ നൽകുമെന്നും അദ്ദേഹം അറിയിച്ചു.
നിലവിലെ ഉപമുഖ്യമന്ത്രിയും ഭാരതീയ ജനതാ പാർട്ടി നേതാവുമായ സാമ്രാട്ട് ചൗധരിയെ ബിഹാറിന്റെ പുതിയ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചു. ചൊവ്വാഴ്ച വൈകീട്ട് നടന്ന ദേശീയ ജനാധിപത്യ സഖ്യ യോഗത്തിന് ശേഷമാണ് ഈ പ്രഖ്യാപനം ഉണ്ടായത്. ബുധനാഴ്ച വൈകീട്ട് സത്യപ്രതിജ്ഞ ചടങ്ങ് നടക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെ പ്രമുഖർ ചടങ്ങിൽ പങ്കെടുക്കും.
പിന്നാക്ക വിഭാഗത്തിൽപ്പെടുന്ന സാമ്രാട്ട് ചൗധരി മുഖ്യമന്ത്രിയാകുമെന്ന സൂചനകൾ നേരത്തേ ഉണ്ടായിരുന്നുവെങ്കിലും, മറ്റു ചില നേതാക്കളുടെയും പേരുകൾ പരിഗണനയിൽ ഉണ്ടായിരുന്നു. ഒടുവിൽ എല്ലാ അനിശ്ചിതത്വങ്ങൾക്കും വിരാമമിട്ട് അദ്ദേഹത്തെ തന്നെ ചുമതലയിലേക്ക് തിരഞ്ഞെടുത്തു.
മുഖ്യമന്ത്രി സ്ഥാനത്ത് ഇല്ലെങ്കിലും ബിഹാറിന്റെ വികസനത്തിന് നിതീഷ് കുമാർ പ്രതിജ്ഞാബദ്ധനായിരിക്കുമെന്ന് പാർട്ടി നേതാക്കൾ വ്യക്തമാക്കി. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് സഖ്യം വിജയിച്ചതെന്നും, പുതിയ സർക്കാരും അദ്ദേഹത്തിന്റെ നയങ്ങൾ പിന്തുടരുമെന്നും അവർ പറഞ്ഞു. ഭരണകാര്യങ്ങളിൽ അദ്ദേഹത്തിന്റെ മാർഗനിർദേശം തുടരുമെന്നും വ്യക്തമാക്കി.
പത്തുതവണ ബിഹാറിന്റെ മുഖ്യമന്ത്രി ആയിരുന്ന നിതീഷ് കുമാർ, സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ സ്വാധീനം ചെലുത്തിയ നേതാവാണ്. അടുത്തിടെ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം, മുമ്പ് നിയമസഭാംഗമായും നിയമസഭാ കൗൺസിൽ അംഗമായും ലോക്‌സഭാംഗമായും പ്രവർത്തിച്ചിട്ടുണ്ട്. രാജ്യസഭാംഗത്വം അദ്ദേഹത്തിന്റെ രാഷ്ട്രീയജീവിതത്തിലെ പുതിയ അധ്യായമാണ്.

















































