കണ്ണൂർ: കണ്ണൂരിലെ ബിഡിഎസ് വിദ്യാർഥി നിതിൻ രാജിന്റെ മരണത്തിൽ നിർണായക സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. നിതിൻ പ്രിൻസിപ്പലിന്റെ മുറിയിൽ നിന്ന് കരഞ്ഞുകൊണ്ട് ഇറങ്ങി പോകുന്ന ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചത്. നിതിൻ രാജ് കരഞ്ഞുകൊണ്ട് പുറത്തേക്ക് വരുന്നത് കണ്ടതായി ദൃക്സാക്ഷികളുടെ മൊഴിയും പൊലീസിന് ലഭിച്ചു. കോളജിനകത്തുള്ള സിസിടിവി ദൃശ്യങ്ങളും ചില രേഖകളും പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തിരുന്നു.
തുടർന്ന് നടത്തിയ പരിശോധനയിലാണ് പ്രിൻസിപ്പലിന്റെ മുറിയിൽ നിന്ന് നിതിൻ രാജ് കരഞ്ഞുകൊണ്ട് ഇറങ്ങിപ്പോകുന്ന ദൃശ്യങ്ങൾ ലഭിച്ചത്. പ്രിൻസിപ്പലിന്റെ മുറിയിൽ എന്ത് സംഭവിച്ചുവെന്ന കാര്യം വ്യക്തമല്ല. സംഭവം നടക്കുന്ന സമയത്ത് പ്രിൻസിപ്പലിന്റെ മുറിയിൽ ആരൊക്കെ ഉണ്ടായിരുന്നുവെന്ന കാര്യവും പരിശോധിച്ചുവരികയാണ്. നിതിന്റെ മരണത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ഡിജിപിയെ കണ്ടിരുന്നു. പിന്നാലെ കൂടുതൽ തെളിവുകൾ തേടി അന്വേഷണ സംഘം കുടുംബത്തിന്റെ അടക്കം മൊഴി രേഖപ്പെടുത്തിയിരുന്നു.
നിതിൻ രാജിന്റെ കുടുംബം ഉന്നയിച്ച ജാതി അധിക്ഷേപ പരാതിയിൽ അധ്യാപകരായ ഡോ. എം.കെ റാം, ഡോ.സംഗീത എന്നിവർക്കെതിരെ ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തിയാണ് പ്രത്യേക സംഘം അന്വേഷണം നടത്തുന്നത്. ആശുപത്രി കെട്ടിടത്തിൽ നിന്ന് ചാടുന്നതിന് തൊട്ടു മുൻപ് നിതിൻ പ്രിൻസിപ്പലിന്റെ മുറിയിൽ നിന്ന് ഇറങ്ങി പോകുന്നതിന്റെ ദൃശ്യങ്ങൾ പൊലീസിന് കിട്ടിയിട്ടുണ്ട്. സസ്‌പെൻഷനിലായ ഡോ. എം.കെ. റാമിനെതിരെ നേരത്തെയും പരാതി ഉന്നയിച്ചിരുന്നതായി വിദ്യാർഥികൾ പറയുന്നുണ്ട്.















































