മംഗളൂരു: കുടകിലെ തടിയന്റമോൾ മലയിൽ ട്രക്കിങ്ങിന് പോയി കാണാതായ മലയാളി ശരണ്യയുടെ അതിജീവന കഥ വ്യാജമാണെന്ന ആരോപണവുമായി ബി.ജെ.പി കുടക് റൂറൽ യൂനിറ്റ് കമ്മിറ്റി രംഗത്ത്. കോഴിക്കോട് നാദാപുരം സ്വദേശിനിയും ഐ.ടി പ്രൊഫഷണലുമായ ജി.എസ് ശരണ്യയെ (36) നാല് ദിവസം കാണാതായതിനെക്കുറിച്ചാണ് പാർട്ടി പരാതിയുമായി രംഗത്തെത്തിയത്.
സംഭവത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ബി.ജെ.പി കുടക് റൂറൽ യൂനിറ്റ് നാപോക് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. ഏപ്രിൽ 2നാണ് 12 അംഗ സംഘത്തോടൊപ്പം ശരണ്യ കുടകിലെ ഏറ്റവും ഉയർന്ന കൊടുമുടിയായ തടിയന്റമോൾ കയറാൻ പോയത്. മടങ്ങിവരുന്നതിനിടെ സംഘത്തിൽ നിന്ന് വേർപെട്ടുപോയ ശരണ്യ, കൊടും വനത്തിനുള്ളിൽ പെട്ടുപോവുകയായിരുന്നു. നാല് ദിവസത്തിന് ശേഷം ഏപ്രിൽ 5നാണ് പ്രാദേശികവാസികൾ യുവതിയെ ഉൾവനത്തിൽ കണ്ടെത്തിയത്. വന്യമൃഗങ്ങൾ ധാരാളമുള്ള വനത്തിൽ ഭക്ഷണം പോലുമില്ലാതെ വെള്ളം മാത്രം കുടിച്ചാണ് താൻ അതിജീവിച്ചതെന്ന് തിരിച്ചെത്തിയ ശരണ്യ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
എന്നാൽ, സമൂഹമാധ്യമങ്ങളിൽ ഉയർന്ന ചർച്ചകളുടെ അടിസ്ഥാനത്തിലാണ് ബി.ജെ.പി പരാതി നൽകിയത്. ആഹാരമില്ലാതെ നാല് ദിവസം കാട്ടിൽ കഴിഞ്ഞിട്ടും ശരണ്യക്ക് കാര്യമായ ശാരീരിക അവശതകൾ ഇല്ലായിരുന്നു എന്നും ഇത് സംശയമുണർത്തുന്നുണ്ടെന്നും ഇവർ പറയുന്നു. കൂടാതെ ശരണ്യക്കായി വൻതോതിലുള്ള തിരച്ചിലാണ് പൊലീസും വനംവകുപ്പും നാട്ടുകാരും ചേർന്ന് നടത്തിയത്. ഇത് വ്യാജമാണെങ്കിൽ സർക്കാർ പണവും സമയവും പാഴാക്കിയതിന് ശരണ്യക്കെതിരെ നടപടി വേണമെന്ന് ബി.ജെ.പി ആവിശ്യപ്പെട്ടു. ആനകളും മറ്റ് വന്യമൃഗങ്ങളും നിറഞ്ഞ കാട്ടിൽ ഭയമില്ലാതെ കഴിഞ്ഞു എന്ന വാദവും ഏറെ ദുരൂഹത ഉയർത്തുന്നുണ്ട്.
നിലവിൽ ശരണ്യക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടില്ലെങ്കിലും, ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് വ്യക്തമാക്കി. ‘ആദ്യഘട്ടത്തിൽ യുവതിയുടെ മൊഴിയിൽ ഞങ്ങൾക്ക് സംശയമൊന്നും തോന്നിയിരുന്നില്ല. എന്നാൽ ഇപ്പോൾ പരാതികൾ ഉയർന്ന സാഹചര്യത്തിൽ, സംഭവം ഞങ്ങൾ വിശദമായി പരിശോധിക്കും’ എന്ന് അന്വേഷണ സംഘത്തിലുണ്ടായിരുന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.















































