വാഷിങ്ടൺ: അമേരിക്ക മുന്നോട്ടുവെച്ച 45 ദിവസത്തേയ്ക്കുള്ള വെടിനിർത്തൽ നിർദേശം തള്ളിക്കളഞ്ഞ ഇറാന്റെ നിലപാടിനെതിരെ കടുത്ത പ്രതികരണവുമായി ഡൊണാൾഡ് ട്രംപ് രംഗത്ത്. ചൊവ്വാഴ്ചയ്ക്കകം തീരുമാനത്തിലെത്തിയില്ലെങ്കിൽ ഇറാൻ ഗുരുതര പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.
താത്കാലിക വെടിനിർത്തലിന് പകരം ഉപരോധങ്ങൾ പിൻവലിക്കുകയും യുദ്ധാനന്തര പുനർനിർമ്മാണത്തിന് ഉറപ്പ് നൽകുകയും ചെയ്യുന്ന ദീർഘകാല കരാറാണ് ഇറാൻ ആവശ്യപ്പെടുന്നത്. ഈ നിലപാട് തനിക്ക് വലിയ അസന്തോഷമുണ്ടാക്കിയതായി ട്രംപ് വ്യക്തമാക്കി. കരാർ വൈകിയാൽ ഇറാൻ “വലിയ വില നൽകേണ്ടിവരും” എന്നും അദ്ദേഹം പറഞ്ഞു.
ആഗോള ഇന്ധന വിതരണത്തിൽ നിർണായകമായ ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുകയും സമാധാന കരാറിൽ എത്തുകയും ചെയ്യാനുള്ള സമയപരിധി അടുത്തിരിക്കെയാണ് ട്രംപ് നിലപാട് കടുപ്പിച്ചത്. നയതന്ത്ര ശ്രമങ്ങൾ പരാജയപ്പെട്ടാൽ സൈനികമോ സാമ്പത്തികമോ ആയ കടുത്ത നടപടികൾ സ്വീകരിക്കാമെന്ന സൂചനയും അദ്ദേഹം നൽകി. വൈറ്റ് ഹൗസിന് പുറത്ത് മാധ്യമങ്ങളോട് സംസാരിക്കവെയാണ് പ്രതികരണം.
നിബന്ധനകൾ അംഗീകരിക്കാൻ ഇറാനിന് ചൊവ്വാഴ്ചവരെ സമയം നൽകിയിട്ടുണ്ടെന്നും, അത് അന്തിമാവസരമാണെന്നും ട്രംപ് വ്യക്തമാക്കി. “അവർ ചെയ്യേണ്ടത് ചെയ്താൽ പ്രശ്നം വേഗത്തിൽ തീരും” എന്നും അദ്ദേഹം പറഞ്ഞു.
ഇതിനിടെ, മുൻഘട്ടങ്ങളിലെ സംഘർഷങ്ങളെ അപേക്ഷിച്ച് ഇപ്പോൾ ഇറാനിൽ കൂടുതൽ “വിവേകമുള്ള നേതൃത്വം” ഉണ്ടെന്ന വിലയിരുത്തലും ട്രംപ് പങ്കുവച്ചു. ഇറാൻ ഒരു പ്രധാന നിർദ്ദേശം മുന്നോട്ടുവെച്ചിട്ടുണ്ടെങ്കിലും അത് മതിയായതല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
മധ്യസ്ഥ രാജ്യമായ പാകിസ്താൻ വഴിയാണ് ഇറാൻ മറുപടി നൽകിയതെന്ന് റിപ്പോർട്ടുകൾ പറയുന്നു. താത്കാലിക വെടിനിർത്തലിനേക്കാൾ “യുദ്ധത്തിന് ശാശ്വതപരിഹാരം” വേണമെന്നതാണ് ഇറാന്റെ നിലപാട്. ഹോർമുസ് കടലിടുക്കിലൂടെ സുരക്ഷിത ഗതാഗതം, ഉപരോധങ്ങൾ നീക്കം, പുനർനിർമ്മാണത്തിന് പ്രതിബദ്ധത തുടങ്ങിയവ ഉൾപ്പെടെ പത്ത് പ്രധാന വ്യവസ്ഥകളാണ് ഇറാൻ മുന്നോട്ടുവെച്ചിരിക്കുന്നത്.
സോഷ്യൽ മീഡിയയിൽ കടുത്ത ഭാഷ ഉപയോഗിച്ചതിനെക്കുറിച്ചുള്ള വിമർശനങ്ങൾക്കും ട്രംപ് മറുപടി നൽകി. തന്റെ നിലപാട് ശക്തമായി വ്യക്തമാക്കാനാണ് അത്തരം ഭാഷ ഉപയോഗിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ചൊവ്വാഴ്ച രാത്രി വരെ കരാറിലെത്താനായില്ലെങ്കിൽ ഇറാൻ ഗുരുതര പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന മുന്നറിയിപ്പും അദ്ദേഹം ആവർത്തിച്ചു.
അതേസമയം, ഇറാനിൽ നിന്ന് രക്ഷപ്പെടുത്തിയ യുഎസ് പൈലറ്റുമാരുടെ ആരോഗ്യനില മെച്ചപ്പെടുകയാണെന്നും, അവർ സുഖം പ്രാപിച്ചുവരികയാണെന്നും ട്രംപ് അറിയിച്ചു.
















































