ന്യൂഡൽഹി: ഹോർമൂസ് കടലിടുക്കുവഴിയുള്ള കപ്പൽ ഗതാഗതത്തിന് ഇറാൻ ശക്തമായ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നതിനിടയിൽ ഇന്ത്യയിലേക്ക് ഒരു എൽപിജി ടാങ്കർ ഹോർമുസ് കടലിടുക്ക് കടന്നതായി ഇറാനിയൻ വൃത്തങ്ങൾ . കപ്പൽ ഇന്ന് ഉച്ചകഴിഞ്ഞ് ഒരു അപകടവും കൂടാതെ കടലിടുക്ക് കടന്നുപോയിയെന്നാണ് ഇറാന്റെ പ്രസ്താവന. മറ്റൊരു ടാങ്കർ ഉടൻ തന്നെ ഇതുവഴി ഇന്ത്യയിലേക്ക് പോകുമെന്നും പറഞ്ഞു.
ഇരു രാജ്യങ്ങളും തമ്മിലുള്ള ദീർഘകാല സൗഹൃദവും പങ്കിട്ട താൽപ്പര്യങ്ങളും ചൂണ്ടിക്കാട്ടി, ഹോർമുസ് കടലിടുക്ക് വഴി ഇന്ത്യയിലേക്കുള്ള കപ്പലുകൾക്ക് ടെഹ്‌റാൻ സുരക്ഷിതമായ ഗതാഗതം ഒരുക്കുമെന്ന് ഇന്ത്യയിലെ ഇറാൻ അംബാസഡർ മുഹമ്മദ് ഫത്താലി പറയുകയുണ്ടായി. അതെ. കാരണം ഇന്ത്യയും ഇറാനും സുഹൃത്തുക്കളാണ്. ഞങ്ങൾക്ക് പൊതുവായ താൽപ്പര്യങ്ങളുണ്ട്; ഞങ്ങൾക്ക് പൊതുവായ ഒരു വിധിയുണ്ട് രണ്ടോ മൂന്നോ മണിക്കൂറിനുശേഷം നിങ്ങളത് കാണും,‘ ടാങ്കർ നീക്കത്തെ സംബന്ധിച്ച് അദ്ദേഹം പ്രതികരിച്ചു.
‘ഇന്ത്യയിലെ ജനങ്ങളുടെ കഷ്ടപ്പാടുകൾ നമ്മുടെയും കഷ്ടപ്പാടുകളാണ്, തിരിച്ചും. ഇക്കാരണത്താൽ, ഇന്ത്യൻ സർക്കാർ നമ്മെ സഹായിക്കുന്നു, നമുക്ക് പൊതുവായ ഒരു വിധിയും പൊതു താൽപ്പര്യവുമുള്ളതിനാൽ നാം ഇന്ത്യൻ സർക്കാരിനെ സഹായിക്കും,‘ അദ്ദേഹം കൂട്ടിച്ചേർത്തു. ഇറാൻ അംബാസഡറിന്റെ ഈ വാക്കുകൾക്ക് തൊട്ടു പിന്നാലെയാണ് കപ്പൽ ഹോർമൂസ് കടന്നതായുള്ള സ്ഥിരീകരണം വന്നത്.
ഹോർമൂസ് കടലിടുക്കിലൂടെ വരാനാകാതെ പെട്ടുകിടന്ന എൽപിജി ടാങ്കറിന്റെ വരവ് ഇന്ത്യയെ സംബന്ധിച്ച് ആശ്വാസകരമാണ്. പ്രകൃതിവാതക ആവശ്യത്തിന്റെ 50 ശതമാനവും ഇന്ത്യ അന്താരാഷ്ട്ര വിപണിയിൽ നിന്നാണ് വാങ്ങുന്നത്. ഇതിൽ 20 ശതമാനം ഖത്തറിൽ നിന്നാണ് ഇറക്കുമതി ചെയ്യുന്നത്. ഖത്തറിലെ വാതക പാടങ്ങളിൽ ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിനുശേഷം, ലോകത്തിലെ ഏറ്റവും വലിയ പ്രകൃതിവാതക കയറ്റുമതി കമ്പനിയായ ഖത്തർ എനർജി ഉത്പാദനം നിർത്തി. ഇത് ഏഷ്യൻ മേഖലകളിലേക്കുള്ള പ്രകൃതിവാതക വിതരണത്തെ മൊത്തത്തിൽ ബാധിച്ചിട്ടുണ്ട്. ഈ വെല്ലുവിളിയെ നേരിടാൻ, ഇന്ത്യ ബദൽ വഴികൾ തേടുന്നുണ്ടെങ്കിലും അതെല്ലാം ചിലവേറിയവയാണ്. നിലവിൽ ഇന്ത്യയിലേയ്ക്കുള്ള കപ്പലുകൾക്ക് ഹോർമൂസ് കടക്കാനുള്ള അനുമതി ഇറാൻ നല്കിയത് ഇന്ത്യയുടെ ഊർജ്ജ രംഗത്തിന് പ്രതീക്ഷ പകരുന്നു.











































