കൊച്ചി: ശബരിമല സന്നിധാനത്തെ ബാങ്കുകളിലേക്ക് കഴിഞ്ഞ മണ്ഡലകാലത്ത് അസാധാരണമായ രീതിയിൽ പണം നിക്ഷേപിക്കപ്പെട്ടതായി വിജിലൻസ് നടത്തിയ പരിശോധനയിൽ കണ്ടെത്തൽ. ഇതുമായി ബന്ധപ്പെട്ട് സ്പെഷ്യൽ കമ്മീഷണർ ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ട് പ്രകാരം, സന്നിധാനത്തെ എസ്ബിഐ ശാഖയിൽ എട്ട് കോടിയിലധികം രൂപയുടെയും ധനലക്ഷ്മി ബാങ്കിൽ 11 കോടിയിലധികം രൂപയുടെയും നിക്ഷേപം നടന്നിട്ടുണ്ട്. ഇതിൽ മാളികപ്പുറം മേൽശാന്തി മാത്രം കഴിഞ്ഞ മണ്ഡലകാലത്ത് 46.51 ലക്ഷം രൂപ ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിച്ചതായാണ് പുറത്തുവരുന്ന പ്രധാന വിവരം.
ശബരിമലയിലെ ദിവസ വേതനക്കാർ മുതൽ സ്ഥിര ജീവനക്കാർ വരെ നടത്തിയ സാമ്പത്തിക തിരിമറിയുടെ വിവരങ്ങളാണ് പുറത്ത് വരുന്നത്. ജീവനക്കാർ വൻതുക ബാങ്കുകളിൽ നിക്ഷേപിച്ചതായി സ്പെഷൽ കമ്മീഷണർ ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. പ്രാഥമിക അന്വേഷണത്തിൽ 487 സാമ്പത്തിക ഇടപാടുകളാണ് കണ്ടെത്തിയിരിക്കുന്നത്. മണ്ഡലം മകരവിളക്ക് സീസൺ സമയത്താണ് ബാങ്കുകളിൽ വലിയ തോതിൽ നിക്ഷേപം നടന്നത്. നവംബർ 17 മുതൽ ഡിസംബർ 31 വരെയുള്ള സന്നിധാനത്തെ വിവിധ ധനകാര്യ സ്ഥാപനങ്ങളിൽ വൻ തുക നിക്ഷേപിക്കപ്പെട്ടു. എസ്.ബി.ഐ സന്നിധാനം ശാഖയിൽ മാത്രം 1,667 ഇടപാടുകളിലൂടെ എട്ട് കോടിയിലേറെ രൂപ നിക്ഷേപിച്ചെന്നാണ് കണ്ടെത്തൽ. ധനലക്ഷ്മി ബാങ്ക് സന്നിധാനം ശാഖയിൽ 942 ഇടപാടുകളിലൂടെ ഏകദേശം പതിനൊന്നര കോടിയോളം രൂപ നിക്ഷേപിക്കപ്പെട്ടതായും റിപ്പോർട്ടിൽ പറയുന്നു.
അതുപോലെ ദേവസ്വം ബോർഡ് നൽകുന്ന ശമ്പളവും ദക്ഷിണയും പരിഗണിക്കുമ്പോൾ ഇത്രയും വലിയ തുകകൾ ബാങ്കുകളിൽ എത്തുന്നത് അസാധാരണമാണെന്ന് വിജിലൻസ് ചൂണ്ടിക്കാട്ടുന്നു. ‘ആടിയശിഷ്ടം നെയ്യ്’ കേസുമായി ബന്ധപ്പെട്ട് അന്വേഷണ പരിധിയിലുള്ള മേൽശാന്തിമാരും കീശാന്തിമാരും ഇത്തരത്തിൽ വലിയ നിക്ഷേപങ്ങൾ നടത്തിയിട്ടുള്ളതായാണ് സൂചന. ഉന്നത ഉദ്യോഗസ്ഥർ മുതൽ സ്ഥിരം ജീവനക്കാരും ദിവസവേതനക്കാരും വരെ ലക്ഷക്കണക്കിന് രൂപ അക്കൗണ്ടുകളിൽ നിക്ഷേപിച്ചതായി റിപ്പോർട്ടിലുണ്ട്.
അതേസമയം സന്നിധാനത്തെ ബാങ്ക് വിവരങ്ങൾ നൽകാൻ കോടതി നേരത്തെ നിർദ്ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഈ വിവരങ്ങൾ ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. സന്നിധാനത്തെ ബാങ്കുകളിൽ ഇത്രയും വലിയ നിക്ഷേപങ്ങൾ നടക്കുമ്പോൾ തന്നെ, അവിടെ കഠിനമായി പ്രയത്നിക്കുന്ന ശുചീകരണ തൊഴിലാളികൾക്ക് അർഹമായ വേതനം നൽകുന്നില്ലെന്ന ഗുരുതരമായ വസ്തുതയും ഹൈക്കോടതിക്ക് മുന്നിലെത്തിയിട്ടുണ്ട്. ഇവർക്ക് നൽകി വരുന്ന തുച്ഛമായ വേതനം പോലും കൃത്യമായി ലഭിക്കുന്നില്ലെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. ഈ വിഷയത്തിൽ ഹൈക്കോടതി ഇടപെടണമെന്നും തൊഴിലാളികൾക്ക് കൃത്യമായ ശമ്പളം ഉറപ്പാക്കണമെന്നും റിപ്പോർട്ടിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
















































