ന്യൂഡൽഹി: അവകാശലംഘന നോട്ടീസിനെക്കുറിച്ചുള്ള ചോദ്യങ്ങൾ ഉന്നയിച്ച മാധ്യമപ്രവർത്തകർക്കുനേരെ ക്ഷുഭിതനായി രാഹുൽ ഗാന്ധി. മാധ്യമങ്ങൾ നിഷ്പക്ഷമായിരിക്കണമെന്നും ബിജെപിയുടെ ജീവനക്കാരെപ്പോലെ പെരുമാറരുതെന്നും അദ്ദേഹം പറഞ്ഞു. സർക്കാരിന്റെ വാക്കുകൾ അതേപടി ഏറ്റുപിടിച്ച് ഷോകൾ നടത്തുന്നത് രാജ്യത്തോട് ചെയ്യുന്ന ദ്രോഹമാണ്, മാധ്യമങ്ങൾക്ക് സമൂഹത്തോട് വലിയ ഉത്തരവാദിത്തമുണ്ട്. ഇത് ലജ്ജകരമാണെന്നും കുറഞ്ഞപക്ഷം അല്പമെങ്കിലും വസ്തുതപരമായ കാര്യങ്ങൾ ചെയ്യുവെന്നും രാഹുൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ അവകാശലംഘന പ്രമേയം കൊണ്ടുവരാൻ കേന്ദ്ര സർക്കാർ നീക്കം തുടങ്ങുന്നുവെന്ന റിപ്പോർട്ടുകളെ തുടർന്നാണ് മാധ്യമപ്രവർത്തകർ ചോദ്യങ്ങളുമായി രാഹുലിനെ സമീപിച്ചത്.
അതേസമയം കേന്ദ്ര ബജറ്റിലെ ചർച്ചയ്ക്കിടെ നടത്തിയ വിവാദ പരാമർശങ്ങളെത്തുടർന്ന് ഭരണപക്ഷവും പ്രതിപക്ഷവും തമ്മിൽ പാർലമെന്റിൽ കനത്ത വാഗ്വാദങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. ഇന്ത്യ- യുഎസ് ഇടക്കാല വ്യാപാര കരാറിലൂടെ സർക്കാർ ഭാരതമാതാവിനെ വിറ്റു എന്നതായിരുന്നു രാഹുൽ ഗാന്ധിയുടെ പ്രധാന ആരോപണം. ഈ കരാർ ഇന്ത്യയുടെ മൊത്തത്തിലുള്ള കീഴടങ്ങലാണെന്നും ഊർജ്ജ സുരക്ഷ യുഎസിന് അടിയറവ് വെച്ചുകൊണ്ട് കർഷകരുടെ താല്പര്യങ്ങൾ ബലികഴിച്ചുവെന്നും അദ്ദേഹം ആരോപിച്ചു. ഇന്ത്യ ബ്ലോക്ക് സർക്കാരാണ് ഈ ചർച്ചകൾ നടത്തിയതെങ്കിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനോട് ഇന്ത്യയെ തുല്യമായി പരിഗണിക്കാൻ ആവശ്യപ്പെടുമായിരുന്നുവെന്നും അദ്ദേഹം സഭയിൽ പറഞ്ഞു.
എന്നാൽ രാഹുൽ ഗാന്ധിയുടെ ആരോപണങ്ങൾ തികച്ചും അടിസ്ഥാനരഹിതവും വ്യാജവുമാണെന്ന് കിരൺ റിജിജു വാർത്താ സമ്മേളനത്തിൽ തിരിച്ചടിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയും സർക്കാരിനെതിരെയും തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കാനാണ് രാഹുൽ ശ്രമിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.














































