തിരുവനന്തപുരം: ശബരിമലയിൽ സ്വർണ്ണക്കൊള്ള നടന്നതായി ഔദ്യോഗികമായി സ്ഥിരീകരിച്ച് ശാസ്ത്രീയ പരിശോധന ഫലം. 1998ൽ പൊതിഞ്ഞ സ്വർണ്ണത്തിന്റെ അളവ് കുറഞ്ഞു. വിഎസ്എസ്‌സി തയ്യാറാക്കിയ റിപ്പോർട്ടിലാണ് കണ്ടെത്തൽ. ശബരിമല സ്വർണ്ണക്കൊള്ളക്കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റി കൊണ്ടുപോയി തിരികെയെത്തിച്ച ദ്വാരപാലക ശിലപ്പങ്ങളിലും കട്ടിളപ്പാളികളിലും സ്വർണം കുറവാണെന്നും കണ്ടെത്തിയിട്ടുണ്ട്.
1998 ൽ സ്വർണ്ണം പൊതിഞ്ഞ മറ്റ് പാളികളുമായി താരതമ്യ പരിശോധന നടത്തിയപ്പോഴാണ് ഉണ്ണികൃഷ്ണൻ പോറ്റി തിരികെയെത്തിച്ച പാളികളിലെ സ്വർണക്കുറവ് കണ്ടെത്തിയത്. പ്രത്യേക അന്വേഷണ സംഘത്തിന്റെ നിഗമനങ്ങൾ അടക്കം നാളെ ഈ റിപ്പോർട്ട് ഹൈക്കോടതിക്ക് നൽകും. സീൽവെച്ച കവറിൽ വിഎസ്എസ്‌സി കൊല്ലം വിജിലൻസ് കോടതിക്ക് കൈമാറിയ ശാസ്ത്രീയ പരിശോധന ഫലത്തിന്റെ റിപ്പോർട്ട് ശനിയാഴ്ചയാണ് എസ്‌ഐടിക്ക് ലഭിച്ചത്. വിശദമായ പരിശോധനയ്ക്ക് ശേഷം എസ്‌ഐടി മേധാവി നാളെ റിപ്പോർട്ട് ഹൈക്കോടതിക്ക് കൈമാറും.
അതേസമയം ദ്വാരപാലകക്കേസിൽ അറസ്റ്റ് നടന്നിട്ട് 90 ദിവസം പിന്നിടുകയാണ്. ദ്വാലപാലശിൽപം, കട്ടിളപ്പാളി എന്നിവയിൽ നിന്നും 15 സാമ്പിളുകൾ ശേഖരിച്ചാണ് താരതമ്യ പരിശോധന നടന്നത്. 1998 ൽ യു ബി ഗ്രൂപ്പ് ആണ് ചെമ്പ് പാളികളിൽ സ്വർണം പൂശിയത്. ഇതിനിടെ ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ ഫെബ്രുവരി 3ന് മുൻപ് കുറ്റപത്രം സമർപ്പിക്കാനാണ് എസ്‌ഐടി നീക്കം. ഉണ്ണികൃഷ്ണൻ പോറ്റി ഉൾപ്പെടെയുള്ള പ്രതികൾക്ക് സ്വാഭാവിക ജാമ്യം ലഭിക്കുന്നത് തടയാനാണ് നീക്കം. പ്രാഥമിക കുറ്റപത്രമാകും എസ്‌ഐടി സമർപ്പിക്കുക. തുടർന്ന് അധികകുറ്റപത്രങ്ങൾ സമർപ്പിക്കും. വിഎസ്എസ്‌സി റിപ്പോർട്ട് ലഭിച്ചതോടെ കുറ്റപത്രത്തിന് തടസ്സമില്ലെന്നാണ് നിഗമനം.















































