കോട്ടയം: തന്റെ സഹോദരിമാർ മത്സരിക്കണമെന്ന് തന്നോട് പറഞ്ഞിട്ടില്ലെന്ന് ചാണ്ടി ഉമ്മൻ എംഎൽഎ. ക്രിസ്തുമസിന്റെ സമയത്തും പിന്നീടും അവരോട് ചോദിച്ചപ്പോഴും മത്സരിക്കാനില്ലെന്നാണ് രണ്ട് പേരും വ്യക്തമാക്കിയിട്ടുള്ളതെന്നും എംഎൽഎ. തന്നോട് പാർട്ടിയോ, സഹോദരിമാരോ സംസാരിക്കാത്ത കാര്യത്തിൽ എങ്ങനെ താൻ അഭിപ്രായം പറയും. തുടരെത്തുടരെയുള്ള ഇത്തരം ചോദ്യങ്ങൾ കേൾക്കുമ്പോ കുടുംബത്തിൽ സഹോദിമാരുമായി എന്തോ പ്രശ്നമുണ്ടെന്ന് വരുത്തി തീർക്കാൻ ശ്രമം നടക്കുന്നതായാണ് തനിക്കു തോന്നുന്നതെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.
അതുപോലെ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ തന്റെ നിലപാട് പാർട്ടിയെ അറിയിച്ചിട്ടുണ്ട്. പാർട്ടി എന്നോട് എന്ത് പറഞ്ഞുവെന്നത് എനിക്കും പാർട്ടിക്കും മാത്രം അറിയുന്ന കാര്യങ്ങളാണെന്നു ചാണ്ടി വ്യക്തമാക്കി. അതുപോലെ വിഎം സുധീരനെപ്പോലെ ഒരാൾ മത്സരിക്കണമെന്നാണ് തന്റെ വ്യക്തിപരമായ ആഗ്രഹമെന്നും ചാണ്ടി ഉമ്മൻ കൂട്ടിച്ചേർത്തു.
അതേസമയം നിയമസഭാ തെരഞ്ഞെടുപ്പിൻറെ മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യാനായി യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി യോഗം കൊച്ചിയിൽ തുടങ്ങി. ചെറുപ്പക്കാർക്ക് മത്സരരംഗത്ത് കൂടുതൽ പ്രാതിനിധ്യം നൽകുന്നതിൽ സംസ്ഥാന കമ്മിറ്റി പ്രമേയം പാസാക്കും. വയനാട് ബത്തേരിയിൽ പൂർത്തിയായ ലക്ഷ്യ 2026 ക്യാമ്പിൻറെ തുടർ പ്രവർത്തനങ്ങളും ചർച്ച ചെയ്യും. വയനാട് പുനരധിവാസത്തിന് പിരിച്ച ഫണ്ട് കെപിസിസിക്ക് കൈമാറുന്നതിലും ഇന്ന് തീരുമാനമെടുക്കും.















































