ചെന്നൈ: നാലരക്കോടി രൂപയുടെ ഇൻഷുറൻസ് തുക കൈക്കലാക്കാൻ അച്ഛനെ മൂർഖൻപാമ്പിനെക്കൊണ്ട് കടിപ്പിച്ചുകൊന്ന കേസിൽ മക്കൾ ഉൾപ്പെടെ നാലുപേർ അറസ്റ്റിൽ. ചെന്നൈയ്ക്കടുത്ത് തിരുവള്ളൂർ പോത്താറ്റൂർപേട്ടൈ സ്വദേശിയും സർക്കാർ സ്കൂളിലെ ലബോറട്ടറി അസിസ്റ്റന്റുമായ ഇ.പി. ഗണേശൻ (56) ആണ് പാമ്പുകടിയേറ്റ് മരിച്ചത്. അദ്ദേഹത്തിന്റെ മക്കളായ മോഹൻരാജ് (29), ഹരിഹരൻ (27) എന്നിവരും മറ്റു നാലുപേരുമാണ് അറസ്റ്റിലായത്.
പാമ്പ് കടിയേറ്റ് ഒക്ടോബർ 22-നാണ് ഗണേശൻ മരിച്ചത്. വീട്ടിൽവെച്ച് പാമ്പുകടിയേറ്റാണ് മരണമെന്ന് മകൻ മോഹൻരാജ് പോലീസിൽ പറഞ്ഞത്. തുടർന്ന് അപകടമരണത്തിന് പോലീസ് കേസെടുത്തു. എന്നാൽ, ഗണേശന്റെ പേരിലുള്ള ഇൻഷുറൻസ് പോളിസിയുടെ ക്ലെയിം നടപടികൾ ആരംഭിച്ചതിനു പിന്നാലെയാണ് മരണത്തിൽ സംശയമുണ്ടായത്.
ഇതോടെ ഇൻഷുറൻസ് കമ്പനി നോർത്ത് സോൺ പോലീസ് ഐജി അസ്ര ഗാർഗിന് പരാതി നൽകി. ഇതേത്തുടർന്ന് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ജയശ്രീയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചു. ഇതിൽ മോഹൻരാജും ഹരിഹരനും ഇൻഷുറൻസ് തുകയ്ക്കായി ഗണേശനെ കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തിയതായി കണ്ടെത്തി. ഇതിനായി ഇരുവരും ബാലാജി (28), പ്രശാന്ത് (35), ദിനകരൻ (43), നവീൻകുമാർ (28) എന്നിവരുടെ സഹായംതേടിയതായും കണ്ടെത്തി.
ആദ്യം മൂർഖൻപാമ്പിനെക്കൊണ്ട് ഗണേശന്റെ കാലിൽ കടിപ്പിച്ചെലും മരിച്ചില്ല. തുടർന്ന് മറ്റൊരു ദിവസം വീണ്ടും പാമ്പിനെ കൊണ്ടുവന്ന് കഴുത്തിൽ കടിപ്പിക്കുകയായിരുന്നു. ഗണേശൻ മരിച്ചയുടൻ വീടിനുള്ളിൽവെച്ച് പാമ്പിനെകൊന്ന് കഥ മെനയുകയായിരുന്നു. പാമ്പു കടിയേറ്റശേഷം ഗണേശനെ ആശുപത്രിയിലെത്തിക്കാൻ ഇവർ മനഃപൂർവം വൈകിപ്പിച്ചതായും കുടുംബത്തിന്റെ കടബാധ്യതകൾ തീർക്കാനുള്ള ഉപായമായാണ് അച്ഛനെ കൊല്ലാൻ തീരുമാനിച്ചതെന്നും അന്വേഷണത്തിൽ വ്യക്തമായെന്ന് പോലീസ് പറഞ്ഞു.

















































