വാളയാർ ചുരത്തിനപ്പുറം സി പി എം വോട്ട് പിടിക്കുന്നത് രാഹുൽ ഗാന്ധിയുടെ ചിത്രം വച്ചാണെന്നത് ബി ജെ പി എപ്പോഴും പരിഹാസത്തോടെ പറയുന്ന ഒരു കാര്യമാണ്. ലാറ്റിനമേരിക്കയിലും ബോളീവിയയിലും ഗ്വോട്ടിമാലയിലും പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ പോലും മത്സരിക്കാറില്ലെങ്കിലും അവിടുത്തെ ഇടത് പാർട്ടികളുടെ വിജയവാർത്തകൾ അഭിമാനത്തോടെ തന്നെ പ്രചരിപ്പിക്കാറുള്ള ഇടത് സാമൂഹ്യമാധ്യമ ഹാൻറിലുകൾ പക്ഷേ ബീഹാർ തെരഞ്ഞെടുപ്പിൽ മിക്കവാറും നിശബ്ദമായിരുന്നു എന്നത് നിങ്ങൾ ശ്രദ്ധിച്ചിരുന്നോ. സത്യത്തിൽ ബീഹാർ ഇടതുപാർട്ടികൾക്ക് പ്രത്യേകിച്ച് സിപിഎമ്മിനും സിപിഐക്കും അങ്ങനെ ഒഴിവാക്കാവാന്ന ഒരു സംസ്ഥാനമല്ല.
സി പി എമ്മിന് ഒന്നിൽ കൂടുതൽ എം എൽ എ മാർ ഉള്ള അപൂർവ്വം സംസ്ഥാനങ്ങളിൽ ഒന്നാണ് ബീഹാർ. കേരളത്തിലെ 62 ഉം ത്രിപുരയിലെ 11 ഉം കഴിഞ്ഞാൽ പിന്നെയുള്ളത് 2 സീറ്റുകൾ ഉള്ള തമിഴിനാടും ബീഹാറുമാണ് സി പി എമ്മിൻറെ ദേശീയ പാർട്ടി പദവി നിലനിർത്തുന്നതിൽ പ്രധാന പങ്കു വഹിച്ചത്. രണ്ടിലും ഇന്ത്യാ സഖ്യത്തിൻറെ ഭാഗമായി കോൺഗ്രസിനൊപ്പമാണ് വോട്ട് തേടിയതെങ്കിലും എം എൽ എ എന്നാൽ എം എൽ എ തന്നെയല്ലേ. ദേശീയ മാധ്യമങ്ങൾ ആർ ജെ ഡി യുടേയും ജെ ഡി യു വിൻറേയും രാഹുൽ ഗാന്ധിയുടേയും തെരഞ്ഞെടുപ്പ് എന്ന രീതിയിലാണ് ബീഹാർ തെരഞ്ഞെടുപ്പിനെ റിപ്പോർട്ട് ചെയ്യുന്നത്. പുതിയ പാർട്ടിയായ പ്രശാന്ത് കിഷോറിൻറെ ജൻ സുരാജ് പാർട്ടിക്ക് നൽകുന്ന സ്പേസ് പോലും അവിടെ മത്സരിക്കുന്ന ദേശീയ പാർട്ടി ആയ സി പി എമ്മിന് നൽകുന്നില്ല എന്നത് വളരെ ഖേദകരമാണ്. ദേശീയ മാധ്യമങ്ങൾ പോട്ടെ എന്ന് വെക്കാം, നമ്മുടെ മാധ്യമങ്ങൾ അവിടെ സി പി എമ്മും സി പി ഐ യും മത്സരിക്കുന്നതിനെക്കുറിച്ചോ അവരുടെ സാധ്യതകളെക്കുറിച്ചോ പറഞ്ഞിരുന്നതായി ഏവിടെയെങ്കിലും കേട്ടിരുന്നോ. സി പി എമ്മിൻറെ കേരളത്തിലെ ദേശീയ നേതാക്കൾ ആരെങ്കിലും അവിടെ പ്രചരണത്തിനു പോയതായി വാർത്തകൾ കണ്ടിരുന്നോ. എന്തായാലും ആരൊക്ക അവഗണിച്ചാലും നമുക്ക് ഇത്തവണ നമ്മുടെ ഇടതുമുന്നണിയിലെ കക്ഷികളുടെ ബീഹാറിലെ തെരഞ്ഞെടുപ്പ് പ്രകടനം ഒന്ന പരിശോധിക്കാം.
കേരളത്തിൽ വല്യേട്ടൻ സി പി എം ആണെങ്കിലും ബീഹാറിൽ തിരിച്ചാണ് അവസ്ഥ. അവിടെ സി പി ഐ ആണ് വലിയ പാർട്ടി. ഇത്തവണ സിപിഎം 4 സീറ്റിലും സിപിഐ 9 സീറ്റിലുമാണ് മത്സരിക്കുന്നത്. ഇനി അവിടെ ഇവരേക്കാൾ വലിയ ഒരു വല്യേട്ടൻ കൂടിയുണ്ട്. സി പി എം എൽ. അവർ 20 സീറ്റിലാണ് മത്സരിക്കുന്നത്.
ആദ്യം ഇവിടത്തെ വല്യേട്ടനായ സി പി എം മത്സരിക്കുന്ന മണ്ഡലങ്ങളെ ഒന്ന് നോക്കാം. ഒന്നാമതായി സിറ്റിംഗ് സീറ്റായ മാഞ്ചി. അവിടെ നിലവിലെ എം എൽ എ ആയ ഡോ. സത്യേന്ദ്ര യാദവ് തന്നെ സി പി എമ്മിനായി മത്സരിക്കുന്നു. കഴിഞ്ഞ തവണ 25,386 വോട്ടിന് വിജയിച്ച സത്യേന്ദ്ര യാദവ് ഇത്തവണയും വലിയ മാർജിനിൽ തന്നെ വിജയിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബീഹാറിലെ മുൻ എസ് എഫ് ഐ പ്രസിഡൻറ് കൂടിയാണ് യുവനേതാവായ സത്യേന്ദ്ര യാദവ്. മാഞ്ചി പരമ്പരാഗത ഇടത് പക്ഷ മണ്ഡലമല്ലെങ്കിലും സത്യേന്ദ്രയാദവിൻറെ വരവിനു ശേഷം മണ്ഡലത്തിൽ സി പി എമ്മിന് കാര്യമായ മുന്നേറ്റമുണ്ടാക്കാനായിട്ടുണ്ട്.
അടുത്തത് കാലങ്ങളായി ഇടതു കോട്ട എന്നറിയപ്പെടുന്ന ബിഭൂതിപൂർ ആണ്. 2020 ലെ തെരഞ്ഞെടുപ്പിൽ സി പി എമ്മിൻറ അജയ് കുഷ്വാഹ 40496 വോട്ടിൻറെ വമ്പൻ ഭൂരിപക്ഷത്തിനാണ് അവിടെ ജെ ഡി യുവിൻറെ രാം ബാലക് സിംഗിനെ തറപറ്റിച്ചത്. ഇത്തവണയും അജയ് കുഷ്വാഹയും രാം ബാലക് സിംഗും തന്നെയാണ് നേര്ക്കു നേർ പോരാടുന്നത്. കഴിഞ്ഞ തവണത്തേക്കാൾ കൂടിയ ഭൂരിപക്ഷത്തിൽ കുറഞ്ഞ ഒന്നും തന്നെ സി പി എം ഇത്തവണയും പ്രതീക്ഷിക്കുന്നില്ല.
മൂന്നാമതായി പിപ്ര മണ്ഡലമാണ്. ഈ മണ്ഡലത്തിലും സി പി എം കഴിഞ്ഞ തവണ മത്സരിച്ചതാണ്. കഴിഞ്ഞ മൂന്നു തവണയായി എൻഡി എ യും ബിജെപിയും ജയിച്ചു വരുന്ന ഈ മണ്ഡലത്തിൽ മുൻകാലങ്ങളിൽ ഇടതുപക്ഷം ജയിച്ചിട്ടുള്ളതാണ്. 2020 ൽ നടന്ന മത്സരത്തിൽ ബി ജെ പി യിലെ ശ്യംബാബു യാദവിനോട് 8177 വോട്ടിനാണ് സി പി എമ്മിലെ രാജ് മംഗൾ പ്രസാദ് പരാജയപ്പെട്ടത്. ഇത്തവണയും ഇരുവരും നേർക്കുനേർ മത്സരിക്കുന്നു. മൂന്നാമത്തെ സ്ഥാനാർത്ഥിയായി ജൻ സുരാജ് പാർട്ടിയുടെ സ്ഥാനാർത്ഥിയുമുണ്ട്. ജൻ സുരാജ് പാർട്ടി എൻ ഡി എ യുടെ വോട്ടുകൾ പിടിക്കാനാണ് സാധ്യതയെന്നതിനാൽ ഇത്തവണ സിപിഎമ്മിന് മികച്ച സാധ്യത തന്നെയാണ് ഈ മണ്ഡലത്തിലും ഉള്ളത്.
അവസാനമായി ഹയാഘട്ട് ആണ്. കഴിഞ്ഞ തവണ ആർ ജെ ഡി ആണ് ഈ ണണ്ഡലത്തിൽ ഇന്ത്യാമുന്നണിയുടെ ഭാഗമായി മത്സരിച്ചത്. 102520വോട്ടുകൾക്ക് ബി ജെ പി സ്ഥാനാർത്ഥി രാമചന്ദ്ര പ്രസാദ് വിജയിക്കുകയായിരുന്നു. ഇത്തവണയും രാമചന്ദ്ര പ്രസാദ് മത്സരരംഗത്തുണ്ട്. സി പി എം സ്ഥാനാർത്ഥി ആയി ശ്യാം ഭാരതി ആണ് രംഗത്തുള്ളത്. മത്സരിക്കുന്ന 4 മണ്ഡലങ്ങളിൽ താരതമ്യേന വിജപ്രതീക്ഷ കുറഞ്ഞ മണ്ഡലമാണ് ഇത്. ഹയാഘട്ടിൽ സാധ്യതകൾ കുറവാണെങ്കിലും മറ്റു മൂന്നു മണ്ഡലങ്ങളിലും വിജയിച്ച് കഴിഞ്ഞ തവണത്തേക്കാൾ സാറ്റുകളുടെ എണ്ണത്തിൽ വർധനവ് ഉണ്ടാക്കാൻ സി പി എമ്മിന് ഇത്തവണ കഴിയുമെന്നാണ് പൊതുവേ വിലയിരുത്തപ്പെടുന്നത്.
ഇനി സി പി ഐ യുടെ സാധ്യതകൾ നോക്കാം. കഴിഞ്ഞ തവണ കേവലം 6 സീറ്റിൽ മാത്രം മത്സരിച്ച് 2 എണ്ണത്തിൽ വിജയിച്ച സി പി ഐ ക്ക് ഇത്തവണ 9 സീറ്റുകളാണ് ഇന്ത്യാ സഖ്യം നൽകിയത്. എണ്ണം വച്ച് നോക്കിയാൽ സീറ്റ് വിഭജനത്തിൽ കഴിഞ്ഞ തവണത്തേക്കാൾ ഏറ്റവും കൂടുതൽ നേട്ടം ലഭിച്ച പാർട്ടി സി പി ഐ ആണ്. വിജയത്തിലും അതേ മുന്നേറ്റം ഉണ്ടാവുമോ എന്നത് ഒന്ന് പരിശോധിക്കാം.
ആദ്യം ഇടതു കക്ഷികൾക്ക് നല്ല വേരോട്ടമുള്ള എസ് സി റിസർവേഷൻ മണ്ഡലമായ ബഖ്രി നോക്കാം. നിലവിൽ സി പി ഐ യുടെ സിറ്റിംഗ് സീറ്റാണ്. ദളിത് വിഭാഗമായ പാസ്വാൻ വിഭാഗത്തിന് മേൽകൈയുള്ള ഈ മണ്ഡലത്തിൽ കഴിഞ്ഞ തവണ സി പി ഐ യുടെ സൂര്യകാന്ത് പാസ്വാൻ ബീജെപി സ്ഥാനാർത്ഥിക്കുമേൽ കേവലം 777 വോട്ടിൻറെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. ഇത്തവണയും സൂര്യകാന്ത് പാസ്വാൻ തന്നെയാണ് സി പി ഐ യുടെ സ്ഥാനാർത്ഥിയെങ്കിലും മറുവശത്ത് പാസ്വാൻ വിഭാഗത്തിൻറ ഒദ്യോഗിക പാർട്ടി എന്നറിയപ്പെടുന്ന ലോക് ജനശക്തി പാർട്ടിയുടെ സഞ്ജയ് പാസ്വാനെയാണ് എൻ ഡി എ മത്സരിപ്പിക്കുന്നത്. കനത്ത മത്സരം പ്രതീക്ഷിക്കുന്നുണ്ടെങ്കിലും വിജയ സാധ്യ എൻ ഡി എക്കാണെന്നാണ് പൊതുവേ കരുതപ്പെടുന്നത്.
അടുത്തതായി സി പി ഐ യുടെ രണ്ടാമത്തെ സിറ്റിംഗ് സീറ്റായ തേഗ്രയാണ്. കഴിഞ്ഞ തവണ സി പി ഐയുടെ രാം രത്തൻ സിംഗ് 47979 വോട്ടിൻറെ മികച്ച വിജയം നേടിയ മണ്ഡലത്തിൽ ഇത്തവണയും അദ്ദേഹം തന്നെ മത്സരിക്കുന്നു. മികച്ച ഭൂരിപക്ഷത്തോടെ അദ്ദേഹം നിയമസഭയിലെത്താനാണ് സാധ്യത. പിന്നെ സി പി ഐ മത്സരിക്കുന്ന ഹർലാഖി, ഝഞ്ചാർപൂർ, ബാംഗ എന്നീ മണ്ഡലങ്ങൾ എൻ ഡി എ കഴിഞ്ഞ തവണ വൻ ഭൂരിപക്ഷത്തിൽ വിജയിച്ച മണ്ഡലമാണ്. ഇത്തവണയും ഇന്ത്യാ മുന്നണിയേക്കാൾ സാധ്യത എൻ ഡി എ ക്ക് കൽപിക്കപ്പെടുന്ന മണ്ഡലങ്ങളാണ് അവ.
ഈ അഞ്ചെണ്ണം കഴിഞ്ഞാൽ ഇനിയുള്ള 4 മണ്ഡലങ്ങളിലെ അവസ്ഥ ഇത്തരി പരിതാപകരമാണ്. അതിൽ കഴിഞ്ഞ തവണ കേവലം 484 വോട്ടിന് മാത്രം സിപിഐ സ്ഥാനാർത്ഥി പരാജയപ്പെട്ട ബച്വാര മണ്ഡലമാണ് പ്രത്യേകം പറയേണ്ടത്. നിസാര വോട്ടിന് കഴിഞ്ഞ തവണ നഷ്ടമായ മണ്ഡലം പിടിക്കാൻ ഇത്തവണയും കഴിഞ്ഞ തവണത്തെ സ്ഥാനാർത്ഥിയായ അവധേഷ് കുമാർ റായിയെ തന്നെ സി പി ഐ നിർത്തിയപ്പോൾ കഴിഞ്ഞ തവണ സ്വതന്ത്രമായി നിന്ന് 40000 വോട്ട് പിടിച്ച ശിവപ്രകാശ് ദാസ് ഇത്തവണ ഇന്ത്യാ മുന്നണിയുടെ റിബൽ സ്ഥാനാർത്ഥിയായി കോൺഗ്രസ് ചിഹ്നത്തിൽ മത്സരിക്കുകയാണ്. ഫലത്തിൽ എളുപ്പത്തിൽ വിജയിക്കാമായിരുന്ന ആ സീറ്റ് മഹഗഡ്ബന്ധന് നഷ്ടമാകുന്ന നിലയാണ് ഇപ്പോഴുള്ളത്. 2020 ൽ കോൺഗ്രസ് വിജയിച്ച മണ്ഡലങ്ങളായ രാജ് പാക്കാറും കാർഗാറും ഇത്തവണ സി പി ഐക്കാണ് മുന്നണി സീറ്റ് വിഭജനത്തിൽ നൽകിയതെങ്കിലും ഇരു സ്ഥലത്തേയും സിറ്റിംഗ് എംഎൽഎ മാർ കോൺഗ്രസ് ചിഹ്നത്തിൽ തന്നെ മത്സരിക്കുന്നതിനാൽ ഇരു കക്ഷികൾക്കും ലഭിക്കാതെ എൻഡിഎക്ക് പോകാനാണ് സാധ്യത. പിന്നെ കഴിഞ്ഞ തവണ ബി ജെ പി വൻ ഭൂരിപക്ഷത്തിൽ വിജയിച്ച ബീഹാർ ഷെരീഫ് മണ്ഡലത്തിലും സി പി ഐ മത്സരിക്കുന്നുണ്ടെങ്കിലും അവിടെയും കോൺഗ്രസ് ചിഹ്നത്തിൽ സ്ഥാനാർത്ഥിയെ നിർത്തിയിട്ടുള്ളത് വിജയപ്രതീക്ഷ തീരെ ഇല്ലാതാക്കുന്നുണ്ട്.
ഇത്രയുമാണ് നിലവിലെ സാഹചര്യങ്ങൾ 4 സീറ്റിൽ മത്സരിക്കുന്ന സിപിഎം 3 സീറ്റെങ്കിലും വിജയിക്കുമെന്ന പ്രതീക്ഷയിലാണ്. അങ്ങനെ സംഭവിച്ചാൽ അത് സി പി എമ്മിനെ സംബന്ധിച്ചിടത്തോളം വൻ നേട്ടം തന്നെയാണ്. എന്നാൽ 9 സീറ്റിൽ മത്സരിക്കുന്ന സിപിഐക്ക് കേവലം 1 സീറ്റിൽ മാത്രമാണ് വിജയ പ്രതീക്ഷ ഉള്ളത്. 5 സീറ്റുകളിൽ മുന്നണിയിലെ സഖ്യ കക്ഷിയായ കോൺഗ്രസ് റിബലായി മത്സരിക്കുന്നതിനാൽ അവയിൽ സിപിഐ ക്കു മാത്രമല്ല മഹാഗഡ്ബന്ധൻറെ വിജയസാധ്യതകൂടി ഇല്ലാതായിരിക്കുന്നു. എന്തായാലും ആര് ഭരിക്കുമെന്നതിനെക്കുറിച്ച് ഇപ്പോൾ പറയാനാവില്ലെങ്കിലും ബീഹാർ നിയമസഭയിൽ സിപി എയുടേയും സിപിഎമ്മിന്റേയും സാന്നിധ്യം ഏകദേശം ഉറപ്പാണ്.
















































