തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ പ്രസ്താവനയെക്കെതിരെ പൊട്ടിത്തെറിച്ച് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. പിഎം ശ്രീയിൽനിന്ന് പിൻമാറുന്നതായി അറിയിച്ച് സർക്കാർ കേന്ദ്രത്തിന് കത്തയച്ചത് എൽഡിഎഫ് രാഷ്ട്രീയത്തിന്റെ വിജയമാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പ്രസ്താവന ഇറക്കിയതാണ് ശിവൻകുട്ടിയെ ചൊടിപ്പിച്ചത്. നമ്മളത്ര മണ്ടന്മാരൊന്നുമല്ല, ഇത് ആരുടെയും വിജയത്തിന്റെയും പരാജയത്തിന്റെയും പ്രശ്‌നമല്ലെന്ന് വ്യക്തമാക്കിയ ശിവൻകുട്ടി ഇടതുപക്ഷ രാഷ്ട്രീയം എങ്ങനെയാണ് നടപ്പിലാക്കേണ്ടതെന്ന് ഏതെങ്കിലും കേന്ദ്രങ്ങളിൽനിന്ന് പഠിക്കേണ്ട ഗതികേടൊന്നും സിപിഎമ്മിനില്ലെന്നും കൂട്ടിച്ചേർത്തു.
വി ശിവൻകുട്ടിയുടെ വാക്കുകൾ ഇങ്ങനെ-
‘പിഎം ശ്രീയിൽനിന്ന് പിൻമാറുന്നതായി അറിയിച്ച് സർക്കാർ കേന്ദ്രത്തിന് കത്തയച്ചത് എൽഡിഎഫ് രാഷ്ട്രീയത്തിന്റെ വിജയമാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ പ്രസ്താവന കണ്ടു. പക്ഷെ ഇത് ആരുടെയും വിജയത്തിന്റെയും പരാജയത്തിന്റെയും പ്രശ്‌നമല്ല. ആരെങ്കിലും ഇടപെട്ടതിന്റെ അടിസ്ഥാനത്തിൽ ഒരു കൂട്ടരുടെ വിജയമാണെന്നും മറ്റുള്ളവരുടെ പരാജയമാണെന്നും ഞാൻ വിശ്വസിക്കുന്നില്ല. ഒരു നയം ഇടതുമുന്നണിക്കുണ്ട്. അത് കൂടിയാലോചനയിലൂടെ പരിഹാരം കാണണമെന്ന് മാത്രമേ തീരുമാനിച്ചിട്ടുള്ളൂ. ബിനോയ് വിശ്വത്തിന്റെ ജനയുഗത്തിൽ വന്നിരിക്കുന്ന പ്രസ്താവനയിൽ താഴോട്ട് പറഞ്ഞിരിക്കുന്നത് ആർക്കുനേരെയാണ് വിരൽ ചൂണ്ടുന്നതെന്ന് നന്നായി മനസിലാകുന്നുണ്ട. നമ്മളൊന്നും മണ്ടന്മാരല്ല. ഇടതുപക്ഷ രാഷ്ട്രീയം എങ്ങനെയാണ് നടപ്പിലാക്കേണ്ടതെന്ന് ഏതെങ്കിലും കേന്ദ്രങ്ങളിൽനിന്ന് പഠിക്കേണ്ട ഗതികേടൊന്നും സിപിഎമ്മിനില്ല’.
അതുപോലെ ഇന്ത്യൻ രാഷ്ട്രീയത്തിലെ ഇടതു മൂല്യങ്ങൾ എല്ലാ കമ്യൂണിസ്റ്റ് പാർട്ടികളും മുറുകെ പിടിക്കുന്ന മൂല്യങ്ങൾ തന്നെയാണ്. ആര് എപ്പോൾ പുറകോട്ടു പോയിട്ടുണ്ട് എന്നതു സംബന്ധിച്ച് പോസ്റ്റ്‌മോർട്ടം നടത്തുന്നില്ല. ആരൊക്കെയാണ് ദേശീയതലത്തിൽ സമരം ചെയ്തതെന്നും ത്യാഗം സഹിച്ചതെന്നും ഈ അവസരത്തിൽ അളക്കാനുമില്ല. കത്ത് കൊടുത്ത സ്ഥിതിക്ക് കേന്ദ്ര ഫണ്ട് കിട്ടുമോ എന്ന കാര്യത്തിൽ ആശങ്കയുണ്ട്. എസ്എസ്‌കെയുടെ 1,300 കോടിയോളം കിട്ടിയില്ലെങ്കിൽ അതിന്റെ ഉത്തരവാദിത്തം വിദ്യാഭ്യാസമന്ത്രി എന്ന നിലയിൽ എനിക്കായിരിക്കില്ല. അത് ഏറ്റെടുക്കേണ്ടവർ ഏറ്റെടുത്തുകൊള്ളണമെന്നും ശിവൻകുട്ടി കൂട്ടിച്ചേർത്തു.
അതേസമയം രാഷ്ട്രീയ ബോധം എല്ലാവർക്കും വേണമെന്നും അതാണ് എൽഡിഎഫിന്റെ കരുത്തെന്നും പറഞ്ഞ ബിനോയ് വിശ്വം അത് സിപിഐക്ക് ആ ബോധമുണ്ടെന്നും മറുപടി നൽകി. ‘പിഎം ശ്രീയെ സംബന്ധിച്ച് ശിവൻകുട്ടിയെ പഠിപ്പിക്കാൻ ഞാൻ ആളല്ല. പിഎം ശ്രീയിലെ ഇടതുപക്ഷ രാഷ്ട്രീയം എന്താണെന്ന് ശിവൻകുട്ടിയെ പഠിപ്പിക്കാൻ എന്നേക്കാളും യോഗ്യരും അർഹരും എംഎ ബേബിയും ഗോവിന്ദൻ മാസ്റ്ററുമാണ്. അവർ പഠിപ്പിക്കട്ടെ’ ബിനോയ് വിശ്വം പ്രതികരിച്ചു.
















































