തിരുവനന്തപുരം: കെ ജയകുമാർ ഐഎഎസ് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റാകും. പ്രഖ്യാപനം നാളെ ഉണ്ടായേക്കും. സിപിഐഎം സെക്രട്ടേറിയേറ്റിന്റേതാണ് തീരുമാനം. മുൻ ചീഫ് സെക്രട്ടറിയായ ജയകുമാറിന്റെ പേര് മുഖ്യമന്ത്രി പിണറായി വിജയനാണ് നിർദേശിച്ചത്.
ശബരിമല സ്വർണ്ണപ്പാളി വിവാദവുമായി ബന്ധപ്പെട്ട് ദേവസ്വം ബോർഡ് പ്രതിരോധത്തിലായ പശ്ചാത്തലത്തിലാണ് പുതിയ നിയമനം. ഇന്ന് ചേർന്ന സംസ്ഥാന സിപിഐഎം സെക്രട്ടേറിയേറ്റിൽ അഞ്ച് പേരുകളാണ് വന്നത്. ഇതിൽ കൂടുതൽ പരിഗണന ജയകുമാറിനായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനും അദ്ദേഹത്തിന്റെ പേരിനാണ് മുൻതൂക്കം നൽകിയത്. ദീർഘകാലം ശബരിമല ഹൈ പവർ കമ്മിറ്റിയുടെ ചെയർമാനായി ചുമതല വഹിച്ചിട്ടുള്ള ജയകുമാർ, രണ്ട് തവണ സ്‌പെഷ്യൽ കമ്മീഷണർ പദവി വഹിച്ചിട്ടുണ്ട്. കൂടാതെ ശബരിമല മാസ്റ്റർ പ്ലാൻ കമ്മിറ്റിയുടെ ചെയർമാനായും ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.
സ്വർണക്കൊള്ളയിൽ നഷ്ടമായ പ്രതിച്ഛായ, പൊതു സ്വീകാര്യനായ കെ ജയകുമാറിലൂടെ തിരിച്ചു പിടിക്കാനുള്ള നീക്കത്തിലാണ് സർക്കാർ. നാളെ ഉത്തരവിറങ്ങുന്ന പക്ഷം ഈ മാസം പതിനഞ്ചിന് അദ്ദേഹം ചുമതലയേൽക്കുമെന്നാണ് വിവരം. സ്വർണപ്പാളി വിവാദമടക്കം നിലനിൽക്കുന്ന സാഹചര്യത്തിൽ പി എസ് പ്രശാന്ത് അടക്കമുള്ള നിലവിലെ ഭരണസമിതിക്ക് തുടർഭരണം നൽകേണ്ടതില്ല എന്ന് സർക്കാർ തീരുമാനമെടുത്തിരുന്നു.