കൊച്ചി: തനിക്കു ലഭിച്ച ദാദാ സാഹേബ് ഫാൽക്കേ പുരസ്കാര നേട്ടം അമ്മയ്ക്കൊപ്പം പങ്കുവയ്ക്കാൻ സാധിച്ചതാണ് തന്റെ വലിയ ഭാഗ്യമെന്ന് നടൻ മോഹൻലാൽ. പുരസ്കാരം ലഭിച്ച വിവരം അറിഞ്ഞ ശേഷം കൊച്ചിയിലെത്തിയ മോഹൻലാൽ ആദ്യം സന്ദർശിച്ചത് കൊച്ചി എളമക്കരയിലെ വീട്ടിൽ വിശ്രമത്തിൽ കഴിയുന്ന അമ്മയെയാണ്.
“അമ്മയുടെ അടുത്തേക്കാണ് ആദ്യം പോയത്. അതങ്ങനെ തന്നെയല്ലേ വേണ്ടത്. ഈ നേട്ടം കാണാൻ അമ്മയ്ക്ക് ഭാഗ്യം ഉണ്ടായി, അമ്മയ്ക്കൊപ്പം ഈ നേട്ടം പങ്കുവയ്ക്കാൻ എനിക്കും ഭാഗ്യം ഉണ്ടായി. ഇപ്പോൾ അമ്മ സുഖമില്ലാതിരിക്കുന്ന സമയമാണ്, പക്ഷേ അമ്മയ്ക്ക് എല്ലാം മനസിലാവും, സംസാരിക്കാൻ കുറച്ച് പ്രയാസമുണ്ട്. എങ്കിലും എനിക്ക് കേട്ടാൽ മനസിലാവും. എന്നെ അനുഗ്രഹിച്ചു, ആ അനുഗ്രഹം എനിക്കൊപ്പമുണ്ട്”, മോഹൻലാൽ കൊച്ചിയിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
അതേസമയം 75-ാമത് ദാദാ സാഹേബ് ഫാൽക്കെ പുരസ്കാരമാണ് നടന് ലഭിച്ചിരിക്കുന്നത്. തലമുറകളെ പ്രചോദിപ്പിക്കുന്ന സിനിമാ യാത്രയാണ് മോഹൻലാലിൻറേതെന്നാണ് ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം വിശേഷിപ്പിച്ചത്. 23ന് നടക്കുന്ന 71-ാമത് ദേശീയ ചലച്ചിത്ര അവാർഡ് ദാന ചടങ്ങിൽ വച്ച് മോഹൻലാലിന് അവാർഡ് സമ്മാനിക്കും. മലയാളത്തിന് ലഭിക്കുന്ന രണ്ടാമത്തെ ദാദാ സാഹേബ് ഫാൽക്കെ പുരസ്കാരമാണിത്. 2004ൽ അടൂർ ഗോപാലകൃഷ്ണന് പുരസ്കാരം ലഭിച്ചിരുന്നു. 2019ൽ രജനികാന്തിനും പുരസ്കാരം ലഭിച്ചു.
‘മോഹൻലാലിൻ്റെ ശ്രദ്ധേയമായ സിനിമായാത്ര തലമുറകളെ പ്രചോദിപ്പിക്കുന്ന ഒന്നാണ്. നടൻ, സംവിധായകൻ, നിർമ്മാതാവ് എന്നീ നിലകളിൽ ഇന്ത്യൻ സിനിമയ്ക്ക് നൽകിയ ഐതിഹാസിക സംഭാവനകൾക്ക് അദ്ദേഹം ആദരിക്കപ്പെടുകയാണ്. അദ്ദേഹത്തിൻ്റെ സമാനതകളില്ലാത്ത കഴിവും വൈദഗ്ധ്യവും നിരന്തരമായ കഠിനാധ്വാനവും ഇന്ത്യൻ ചലച്ചിത്ര ചരിത്രത്തിന് തന്നെ സുവർണ നേട്ടമാണെ’ന്നാണ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം പുറത്തിറക്കിയ വാർത്താ കുറുപ്പിൽ കുറിച്ചിരിക്കുന്നത്.