കണ്ണൂർ: സെൻട്രൽ ജയിലിൽ തടവുകാർക്ക് ഫോണും പുകയില ഉത്പന്നങ്ങളും എറിഞ്ഞുകൊടുക്കുന്നതിനിടെ ഒരാൾ പിടിയിൽ. പനങ്കാവ് സ്വദേശി കെ. അക്ഷയ് ആണ് പിടിയിലായത്. ജയിൽ പരിസരത്തേക്ക് കടന്നാണ് അക്ഷയ് മൊബൈൽ എറിഞ്ഞു നൽകാൻ ശ്രമിച്ചത്. ഇതു ശ്രദ്ധയിൽപ്പെട്ട വാർഡൻമാർ ഇയാളെ പിടികൂടുകയായിരുന്നു. ഞായറാഴ്ച വൈകിട്ട് മൂന്നു മണിക്കായിരുന്നു സംഭവം.
അക്ഷയ്ക്കൊപ്പം രണ്ടുപേർ കൂടി ഉണ്ടായിരുന്നു. എന്നാൽ ഇവർ വാർഡൻമാരെ കണ്ടതോടെ ഓടി രക്ഷപ്പെട്ടു. കണ്ണൂർ ടൗൺ പൊലീസ് കേസെടുത്ത് ഇവർക്കായി അന്വേഷണം ആരംഭിച്ചു. അതേസമയം കഴിഞ്ഞ ബുധനാഴ്ചയും ജയിലിൽനിന്നു മൊബൈൽ ഫോൺ പിടികൂടിയിരുന്നു. ജയിൽ സുരക്ഷയെക്കുറിച്ച് പഠിക്കാൻ സർക്കാർ നിയോഗിച്ച അന്വേഷണ സമിതി പരിശോധന നടത്തി മടങ്ങിയതിനു തൊട്ടുപിന്നാലെയാണു മൊബൈൽ പിടിച്ചത്.
രണ്ടാഴ്ച മുൻപും മൊബൈൽ ഫോണുകൾ പിടികൂടിയിരുന്നു. കണ്ണൂർ ജയിലിൽ മൊബൈൽ ഫോൺ ഉപയോഗം സുഖമമായി നടക്കുന്നുണ്ടെന്നു ജയിൽ ചാടി പിടിയിലായ സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമി പോലീസിന് മൊഴി നൽകിയതിനു ശേഷമാണ് ഇവയെല്ലാം പിടികൂടിയതും.