പത്തനംതിട്ട: രാഹുൽ മാങ്കൂട്ടത്തിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷ പദം രാജിവച്ചു. ഹൈക്കമാൻഡ് രാഹുലിനു നൽകിയ നിർദേശത്തിനു പിന്നാലെയാണ് രാജി. സമൂഹമാധ്യമങ്ങളിലൂടെയുള്ള വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലാണ് രാഹുലിനോട് ദേശീയ നേതൃത്വം രാജി ചോദിച്ചു വാങ്ങിയത്. തെറ്റുകാരനെങ്കിൽ രാഹുലിനെ സംരക്ഷിക്കേണ്ടതില്ലെന്നായിരുന്നു നേതാക്കളുടെ നിലപാട്.
കൂടാതെ രാഹുലിനെ മാറ്റുന്നത് സംബന്ധിച്ച ചർച്ച പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫും ഇന്ന് രാവിലെ ടെലിഫോണിൽ നടത്തിയിരുന്നു. മുതിർന്ന നേതാക്കളുമായി കൂടുതൽ ചർച്ച നടത്തിയ ശേഷം രാഹുലിനോട് രാജി ആവശ്യപ്പെടുകയായിരുന്നു.
കൂടാതെ സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷിക്ക് പാർട്ടിയിലെ ചില വനിതാ നേതാക്കളും രാഹുലിനെതിരെ പരാതി നൽകിയിരുന്നു. ഇത് അന്വേഷിക്കാൻ സംസ്ഥാനത്തെ കോൺഗ്രസ് നേതൃത്വത്തോട് ദീപാദാസ് മുൻഷി ആവശ്യപ്പെട്ടു. ഇതിനുപിന്നാലെയാണ് രാഹുലിനെതിരെ സംഘടന നടപടി ആലോചിച്ചു തുടങ്ങിയത്. യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷ പദം രാജി വച്ചെങ്കിലും രാഹുൽ എംഎൽഎയായി തുടരുമെന്നാണ് അറിയുന്നത്.