മുംബൈ: ഡൽഹിയിൽനിന്ന് ഗോവയിലേക്കുള്ള ഇൻഡിഗോ വിമാനം എൻജിൻ പ്രശ്നത്തെതുടർന്ന് മുംബൈ രാജ്യാന്തര വിമാനത്താവളത്തിൽ അടിയന്തര ലാൻഡിങ് നടത്തി. ഒരു എൻജിൻ തകരാറിലായതിനാലാണ് അടിയന്തര ലാൻഡിങ് വേണ്ടിവന്നതെന്ന് വാർത്താ ഏജൻസി പിടിഐ റിപ്പോർട്ട് ചെയ്തു. എന്നാൽ, ഇൻഡിഗോ എയർലൈൻ പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിൽ സാങ്കേതിക തകരാർ മാത്രമാണ് പറയുന്നത്.
ജൂലൈ 16ന് ഡൽഹിയിൽ നിന്ന് ഗോവയിലെ മനോഹർ രാജ്യാന്തര വിമാനത്താവളത്തിലേക്ക് സഞ്ചരിക്കുന്നതിനിടെ 6ഇ 6271 വിമാനത്തിൽ സാങ്കേതിക തകരാർ കണ്ടെത്തി. നടപടിക്രമങ്ങൾ പാലിച്ച്, വിമാനം വഴിതിരിച്ചുവിട്ട് മുംബൈയിലെ ഛത്രപതി ശിവാജി മഹാരാജ് രാജ്യാന്തര വിമാനത്താവളത്തിൽ ഇറക്കി എന്നാണ് ഇൻഡിഗോയുടെ ഔദ്യോഗിക കുറിപ്പിൽ പറയുന്നത്.
സർവീസ് പുനരാരംഭിക്കുന്നതിന് മുൻപ് വിമാനം ആവശ്യമായ പരിശോധനകൾക്കും അറ്റകുറ്റപ്പണികൾക്കും വിധേയമാക്കുമെന്നും യാത്രക്കാരെ എത്തിക്കാൻ ബദൽ വിമാനം ക്രമീകരിച്ചിട്ടുണ്ടെന്നും ഇൻഡിഗോ അധികൃതർ അറിയിച്ചു.
അതേസമയം അഹമ്മാദാബാദ് വിമാനപകടത്തെ തുടർന്നുള്ള പരിശോധനയിൽ ബോയിങ് 787 വിമാനങ്ങളുടെ ഇന്ധനസ്വിച്ചുകളുടെ ലോക്കിങ് സംവിധാനത്തിന് സാങ്കേതിക തകരാറുകൾ ഇല്ലെന്ന് ഉറപ്പിച്ച് എയർ ഇന്ത്യ. രാജ്യത്തെ ബോയിങ് 787 വിമാനങ്ങളിൽ നടത്തിയ പരിശോധന ഫലമാണ് എയർ ഇന്ത്യ ബുധനാഴ്ച പുറത്തുവിട്ടത്. അഹമ്മദാബാദ് വിമാനാപകടത്തിന്റെ പ്രാഥമിക റിപ്പോർട്ടിനു പിന്നാലെ, ബോയിങ് വിമാനങ്ങളിലെ ‘ഫ്യുവൽ കൺട്രോൾ സ്വിച്ചു’കൾ പരിശോധിക്കാൻ രാജ്യത്തെ വിമാനക്കമ്പനികളോട് വ്യോമയാന ഡയറക്ടറേറ്റ് ജനറൽ (ഡിജിസിഎ) ഉത്തരവിട്ടിരുന്നു.
എല്ലാ ബോയിങ് 787-8 വിമാനങ്ങളിലും ബോയിങ് മെയിന്റനൻസ് ഷെഡ്യൂളിന്റെ ഭാഗമായി ത്രോട്ടിൽ കൺട്രോൾ മൊഡ്യൂൾ (ടിസിഎം) മാറ്റി സ്ഥാപിച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. ഫ്യുവൽ കൺട്രോൾ സ്വിച്ചുകൾ ഈ മൊഡ്യൂളിന്റെ ഭാഗമാണ്. പൈലറ്റുമാർ ജാഗരൂകരായിരിക്കണമെന്നും എന്തെങ്കിലും സാങ്കേതിക തകരാർ ശ്രദ്ധയിൽപ്പെട്ടാൽ അത് ഉടൻതന്നെ റിപ്പോർട്ട് ചെയ്യണമെന്നും നിർദേശിച്ചിട്ടുണ്ട്.
എയർ ഇന്ത്യയുടെ ബോയിങ് 787–8 ഡ്രീലൈനർ വിമാനം അഹമ്മദാബാദിൽനിന്ന് പറന്നുയർന്നു വെറും 3 സെക്കൻഡിനുള്ളിൽ, എൻജിനിലേക്കുള്ള ഇന്ധനപ്രവാഹം നിയന്ത്രിക്കുന്ന ഫ്യുവൽ കൺട്രോൾ സ്വിച്ചുകൾ ഓഫ് ആയതാണ് അപകടത്തിനു കാരണമായതെന്നാണ് എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയുടെ (എഎഐബി) പ്രാഥമിക റിപ്പോർട്ട്. ജൂലൈ 12ന് ഈ റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെയാണ് ഡിജിസിഎയുടെ പരിശോധനാ നിർദേശം വന്നത്. ജൂൺ 12നു നടന്ന അപകടത്തിൽ വിമാനത്തിലുണ്ടായിരുന്ന 241 യാത്രക്കാർ ഉൾപ്പെടെ 260 പേരാണു മരിച്ചത്. ഒരു യാത്രക്കാരൻ അദ്ഭുതകരമായി രക്ഷപ്പെട്ടു. വെറും ഒരു സെക്കൻഡിന്റെ ഇടവേളയിലാണ് 2 സ്വിച്ചുകളും ഓഫ് ആയത്. ഇത് പൈലറ്റ് മനഃപൂർവം ചെയ്തതാണോ അതോ സാങ്കേതികത്തകരാർ മൂലം സംഭവിച്ചതാണോ എന്നു റിപ്പോർട്ടിൽ പറയുന്നില്ല.