തിരുവനന്തപുരം: ലഹരിയിൽ കല്ലറ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിൽ യുവാക്കളുടെ പരാക്രമം. കല്ലറ സ്വദേശികളായ അരുൺ, ശ്യാം എന്നിവരാണ് ഡോക്ടർക്കും ജീവനക്കാർക്കും നേരെ അതിക്രമം കാണിച്ചത്. ആശുപത്രി ജീവനക്കാർക്ക് നേരെ യുവാക്കൾ കത്തിവീശിയതോടെ ഭയന്ന ജീവനക്കാർ ഇറങ്ങിയോടി. വനിതാ ഡോക്ടർ ഭയന്ന് അഭയം തേടിയത് ശുചിമുറിയിൽ. അതേലമയം ആശുപത്രി യുവാക്കൾ അടിച്ച് തകർത്തു. പോലീസ് എത്തിയാണ് പ്രതികളെ കീഴടക്കിയത്.
കല്ലറ പറട്ടയിലെ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിൽ ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് സംഭവം. തലയ്ക്ക് മുറിവേറ്റ നിലയിലായിരുന്നു യുവാക്കൾ ആരോഗ്യ കേന്ദ്രത്തിൽ എത്തിയത്. തുടർന്ന് ലഹരിയിൽ ആശുപത്രി ജീവനക്കാർക്ക് നേരെ ഇരുവരും കത്തി വീശുകയായിരുന്നു. ഇതോടെ ജീവനക്കാർ ഇറങ്ങിയോടുകയും പോലീസിൽ വിവരമറിയിക്കുകയും ചെയ്തു. ഇതിനിടെ യുവാക്കൾ ആശുപത്രി ഉപകരണങ്ങൾ നശിപ്പിച്ചു. വിവരമറിഞ്ഞെത്തിയ പോലീസിനേയും യുവാക്കൾ ആക്രമിക്കാൻ ശ്രമിച്ചു. ഏറെ പരിശ്രമിച്ചാണ് പോലീസ് സംഘം യുവാക്കളെ കീഴ്‌പ്പെടുത്തിയത്. പിന്നീട് യുവാക്കളുടെ അറസ്റ്റ് രേഖപ്പെടുത്തി.