ന്യൂഡൽഹി: കേന്ദ്ര- സർക്കാരുകളെ പ്രശംസിച്ചു വിവാദത്തിൽപ്പെട്ട ശശി തരൂർ എംപിയുമായി ചർച്ച നടത്തി കോൺഗ്രസ് ഹൈക്കമാൻഡ്. ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ളവരുമായാണ് ശശി തരൂർ കൂടിക്കാഴ്ച നടത്തിയത്. സോണിയ ഗാന്ധി താമസിക്കുന്ന വസതിയിലാണു തരൂർ എത്തിയത്. രാഹുൽ ഗാന്ധിയുടെ നിർദ്ദേശ പ്രകാരമായിരുന്നു കൂടിക്കാഴ്ച. അരമണിക്കൂറിനു ശേഷം രാഹുലിനൊപ്പം കാറിൽ തരൂർ പിന്നിലെ ഗേറ്റിലൂടെ പുറത്തേക്കു പോയി. മാധ്യമങ്ങളോടു ഇരുവരും സംസാരിച്ചില്ല.
തുടർന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുമായും തരൂർ കൂടിക്കാഴ്ച നടത്തി. എഐസിസി സംഘടനാകാര്യ ജനറൽ സെക്രട്ടറി കെസി വേണുഗോപാലിന്റെ സാന്നിധ്യത്തിലായിരുന്നു ചർച്ച. തരൂരിന്റെ കൂടി ആവശ്യപ്രകാരമാണു കൂടിക്കാഴ്ച എന്നും റിപ്പോർട്ടുണ്ട്. കേരള സർക്കാരിനെ പുകഴ്ത്തിയുള്ള ലേഖനവും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎസ് സന്ദർശനത്തെ പ്രശംസിച്ചതും വിവാദമായ സാഹചര്യത്തിലാണു വിശദീകരണം തേടി തരൂരിനെ ഡൽഹിയിലേക്കു വിളിപ്പിച്ചത്.
അതേ സമയം താൻ എഴുതിയ ലേഖനത്തിലോ, മോദിയുമായി ബന്ധപ്പെട്ട പ്രതികരണത്തിലോ തെറ്റായ ഉദ്ദേശ്യമില്ലായിരുന്നുവെന്നും തരൂർ വിശദീകരിച്ചതായി അദ്ദേഹവുമായി അടുപ്പമുള്ളവർ പറഞ്ഞു. തരൂരിനെതിരെ സംസ്ഥാന കോൺഗ്രസ് നേതൃത്വം ഒന്നാകെ നിലപാടെടുത്തിരുന്നു. ഹൈക്കമാൻഡിനെയും പ്രതിഷേധം അറിയിച്ചു. തുടർന്നാണു ദേശീയ നേതൃത്വത്തിന്റെ ഇടപെടൽ. തദ്ദേശ തെരഞ്ഞെടുപ്പിൽ തരൂരിന്റെ ലേഖനം ഏറെ ദോഷം ചെയ്യുമെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ പക്ഷം.