തേനി: സൗജന്യമായി ആട്ടിറച്ചി നൽകാത്തതിനെ തുടർന്ന് നാലു ദിവസം മുൻപ് ശ്മശാനത്തിൽ സംസ്കരിച്ച മനുഷ്യ ശരീരം മാന്തിയെടുത്ത് ഇറച്ചിക്കടയേക്ക് മുന്നിൽ ഇട്ടു. തമിഴ്നാട് തേനിക്കടുത്ത് പിസി പെട്ടിയിലുള്ള സംഗീത മട്ടൻ സ്റ്റാൾ എന്ന കടയിലാണ് സംഭവം. ശ്മശാനത്തിലെ തൊഴിലാളിയായ കുമാറിനെ പോലീസ് അറസ്റ്റ് ചെയ്തു.
മണിയരശൻ എന്നയാളാണ് ഇവിടെ കട നടത്തുന്നത്. ഇവിടെ നാല് വർഷം മുൻപ് വരെ ജോലി ചെയ്തിരുന്നയാളാണ് പിസി പെട്ടി സ്വദേശിയായ കുമാർ. നിലവിൽ പിസി പെട്ടിയിലെ ശ്മശാനത്തിലെ തൊളിലാളിയാണ് ഇയാൾ. മദ്യലഹരിയിൽ രാവിലെ മണിയരശൻറെ കടയിലെത്തിയ കുമാർ സൗജന്യമായി ഇറച്ചി വേണമെന്ന് ആവശ്യപ്പെട്ടു.
കുവൈത്തിലെത്തിയത് ഒരുമാസം മുന്പ്; മലയാളി യുവാവിനെ കാണ്മാനില്ല
വില കൂടുതലായതിനാൽ നൽകാനാവില്ലെന്ന് ഉടമ അറിയിച്ചു. ഇതേച്ചൊല്ലി ഇരുവരും തമ്മിൽ തർക്കമുണ്ടായി. തിരികെ പോയ കുമാറെത്തിയത് തുണിയിൽ പൊതിഞ്ഞ ജീർണിച്ച മൃതദേഹവുമായാണ്. നാല് ദിവസം മുൻപ് ശ്മശാനത്തിൽ സംസ്ക്കരിച്ച മൃതദേഹം മാന്തിയെടുത്ത് കൊണ്ടു വരികയായിരുന്നു. ഇത് കടക്കു മുന്നിൽ ഉപേക്ഷിച്ച് ഇയാൾ കടന്നു കളഞ്ഞു. തുടർന്ന് കടയുടമ പോലീസിനെ വിവരം അറിയിച്ചു.
പോലീസ് നഗരസഭ അധികൃതരെ സമീപിച്ചെങ്കിലും മൃതദേഹം ഏറ്റെടുക്കാൻ തയാറായില്ല. തുടർന്ന് ആംബുലൻസെത്തിച്ച് പോലീസ് തന്നെ മൃതദേഹം സംഭവസ്ഥലത്ത് നിന്നും ശ്മശാനത്തിലെത്തിച്ച് സംസ്കരിച്ചു. കുമാറിനെ പോലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.